പേഴ്സണൽ കുക്കും ബ്യൂട്ടീഷനും വേണ്ട, ഡിന്നർ എല്ലാവരും ഒരുമിച്ച്; താരങ്ങൾക്ക് മേൽ കർശന നിയന്ത്രണങ്ങളുമായി BCCI

താരങ്ങളുടെ ഫിറ്റ്നസ് നിലവാരം ഉയർത്താനും ധാരണയായിട്ടുണ്ട്.

സമീപ കാലത്തെ ഇന്ത്യൻ ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെ താരങ്ങൾക്ക് മേലെയുള്ള നിയന്ത്രണങ്ങൾ ബിസിസിഐ കർശനമാക്കുന്നു. ഇന്ത്യൻ താരങ്ങൾ അച്ചടക്കമില്ലാത്തവരായി പെരുമാറുന്നുവെന്ന പരിശീലകൻ ഗംഭീർ ബിസിസിഐയ്ക്ക് നൽകിയ റിപ്പോർട്ടിന് പിന്നാലെയാണിത്.

മത്സരങ്ങൾക്കിടെ കുടുംബത്തോടൊപ്പം മുഴുവൻ സമയവും ചെലവഴിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരുമെന്ന് ബോർഡർ ഗാവസ്‌കർ ട്രോഫി പരമ്പര തോൽവിക്ക് ശേഷം ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെ പരമ്പരകൾക്കു പോകുമ്പോൾ സൂപ്പർ താരങ്ങൾ സഹായികളെ കൂടെ കൊണ്ടുപോകുന്നതിനും വിലക്കു വരും.

പാചകക്കാരൻ, സ്റ്റൈലിസ്റ്റ്, സുരക്ഷാ ഉദ്യോഗസ്ഥൻ എന്നിവരെ ഇനി താരങ്ങൾക്ക് സ്വന്തം നിലയിൽ ഒപ്പം നിര്‍ത്താൻ സാധിക്കില്ല. സ്വന്തം ജീവനക്കാരുമായി സൂപ്പർ താരങ്ങൾക്കു യാത്ര ചെയ്യാൻ അനുമതിയുണ്ടാകില്ലെന്നു ബിസിസിഐ നിലപാടെടുത്തതായാണ് പുതിയ റിപ്പോർട്ട്.

Also Read:

Cricket
ടീമിൽ നിന്ന് പുറത്തായതിന്റെ രണ്ട് ദിവസം മുമ്പാണ് അച്ഛന് അറ്റാക്ക് വന്നത്, അതിനാലത് മറച്ചുവെച്ചു; ഷെഫാലി വർമ

അതേ സമയം താരങ്ങളുടെ ഫിറ്റ്നസ് നിലവാരം ഉയർത്താനും ധാരണയായിട്ടുണ്ട്. ടീം സിലക്ഷനിൽ ഫിറ്റ്നസ് കൂടി കാര്യമായി തന്നെ പരിഗണിക്കാനാണു നീക്കമെന്നും റിപ്പോർട്ടുകളുണ്ട്. രോഹിത് ശർമയുടെ ക്യാപ്റ്റൻസിക്കു കീഴിൽ ഫിറ്റ്നസ് നിലനിർത്തുന്നതില്‍ പല താരങ്ങള്‍ക്കും കൃത്യതയില്ലെന്നു വിമർശനമുയർന്നിരുന്നു. ഈ സാഹചര്യത്തിൽ താരങ്ങൾക്കായി കൂടുതൽ ഫിറ്റ്നസ് ടെസ്റ്റുകൾ വന്നേക്കും. പഴയ യോയോ ടെസ്റ്റും തിരിച്ചുവന്നേക്കും.

Content Highlghts: No personal cook or beautician; Dinner all together; BCCI with strict controls on players

To advertise here,contact us