പരമ്പരക്കിടയിൽ ടീമിൽ നിന്ന് പുറത്തായ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി രോഹിത്, മറ്റ് ടീം ക്യാപ്റ്റന്മാർ ആരൊക്കെ?

കഴിഞ്ഞ മത്സരങ്ങളിൽ മോശം ഫോമിലായിരുന്ന ക്യാപ്റ്റൻ രോഹിത് ശർമയെ മാറ്റി നിർത്തിയാണ് ടീം ഇന്ത്യ കളിക്കാനിറങ്ങിയത്

ഓസ്‌ട്രേലിയക്കെതിരായ ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ അഞ്ചാമത്തേയും അവസാനത്തെയും ടെസ്റ്റ് മാച്ച് സിഡ്‌നിയില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ മത്സരങ്ങളിൽ മോശം ഫോമിലായിരുന്ന ക്യാപ്റ്റൻ രോഹിത് ശർമയെ മാറ്റി നിർത്തിയാണ് ടീം ഇന്ത്യ കളിക്കാനിറങ്ങിയത്. രോഹിതിന്റെ അഭാവത്തിൽ ശുഭ്മാൻ ഗിൽ ആദ്യ ഇലവനിൽ തിരിച്ചെത്തി. രോഹിതിന് പകരം ബുംമ്രയാണ് ടീമിനെ നയിക്കുന്നത്. രോഹിത് പുറത്തിരിക്കുമെന്ന് ഏറെക്കുറെ ഇന്നലെ തന്നെ പ്രതീക്ഷിച്ചിരുന്നു.

രോഹിത് പുറത്തായതോടെ ഒരു വലിയ നാണക്കേടിന്റെ റെക്കോർഡാണ് ഇന്ത്യൻ ക്യാപ്റ്റനെ തേടിയെത്തിയത്. ഇതാദ്യമായാണ് പരമ്പരയുടെ മധ്യത്തിൽ നിന്ന് ഒരു ഇന്ത്യൻ ക്യാപ്റ്റൻ ടീമിൽ നിന്ന് പുറത്താക്കപ്പെടുന്നത്. അതേ സമയം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇങ്ങനെയുള്ള സംഭവങ്ങൾ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്.

Also Read:

Cricket
'ആ തീരുമാനം രോഹിത് സ്വയമെടുത്തത്, ടീമിന്റെ ഐക്യമാണത്'; സിഡ്‌നിയിൽ ക്യാപ്റ്റൻ മാറി നിന്നതിൽ ബുംമ്ര

2014 ൽ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കിടയിൽ മൂന്നാം ഏകദിനത്തിൽ നിന്ന് മിസ്ബ ഉൾ ഹഖിനെ ഒഴിവാക്കിയതാണ് അതിലൊന്ന്, പകരം അന്ന് ഷാഹിദ് അഫ്രീദിയാണ് ക്യാപ്റ്റനായത്. 2014 ടി 20 ലോകകപ്പ് സമയത്ത് ശ്രീലങ്കൻ ക്രിക്കറ്റിലാണ് ഇത് പോലെ മറ്റൊരു സംഭവം ഉണ്ടായിട്ടുള്ളത്. അന്ന് ടൂർണമെന്റിലെ അവസാന മൂന്ന് മത്സരങ്ങളുടെ ക്യാപ്റ്റൻ സ്ഥാനം ലസിത് മലിംഗയ്ക്ക് നൽകി അന്ന് ക്യാപ്റ്റനായിരുന്ന ദിനേശ് ചണ്ഡിമൽ ടീമിന് പുറത്തിരുന്നു.

1974 ൽ ആഷസ് ടെസ്റ്റിനിടെയാണ് ഇത് പോലെ മറ്റൊരു സംഭവം നടക്കുന്നത്. അന്ന് ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള നാലാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനിൽ നിന്ന് അന്ന് ക്യാപ്റ്റനായിരുന്ന മൈക്ക് ഡെന്നസ് പുറത്തായി. പകരം ജോൺ ഏഡ്രിച്ച് ടീമിനെ നയിച്ചു. മോശം ഫോം തന്നെയായിരുന്നു ഇവരിലെല്ലാവരുടെയും സ്ഥാനം തെറിക്കാൻ കാരണം.

Irfan Pathan "Rohit Sharma is the captain,so he is playing.If he weren't the captain,he might not be playing right now,You would have had a set team.KL Rahul would have been playing at the top,Jaiswal and Shubman Gill would have been there."pic.twitter.com/HBY0oC0LuU

അതേ സമയം താരമെന്ന നിലയിലും രോഹിതിന് മോശം വർഷമായാണ് 2024 കലണ്ടർ വർഷം കടന്നുപോയത്. 2024ൽ 14 ടെസ്റ്റുകൾ കളിച്ച രോഹിത് ശർമ 619 റൺസ് മാത്രമാണ് നേടിയത്. മാർച്ചിൽ ഇം​ഗ്ലണ്ടിനെതിരെയാണ് രോഹിത് ശർമയുടെ അവസാന സെഞ്ച്വറി. ബോർഡർ-​ഗാവസ്കർ ട്രോഫിയിൽ മൂന്ന് ടെസ്റ്റുകളിൽ നിന്നായി 30 റൺസ് മാത്രമാണ് രോഹിത് ശർമയുടെ സമ്പാദ്യം. ഇതിന് മുമ്പ് സ്വന്തം മണ്ണിൽ ന്യൂസിലാൻഡിനോട് 3-0 ന് അടിയറവ് പറഞ്ഞ പരമ്പരയിലും താരം മോശം പ്രകടനമാണ് കാഴ്ച്ച വെച്ചത്.

ബോർ‌ഡർ-​ഗാവസ്കർ ട്രോഫി നിലനിർത്താൻ പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം നേടേണ്ടതുണ്ട്. നിലവിൽ 2-1ന് ഓസ്ട്രേലിയയാണ് മുന്നിൽ നിൽക്കുന്നത്. പരമ്പര സമനിലയിൽ ആയാൽ നിലവിലെ ജേതാക്കളായ ഇന്ത്യയ്ക്ക് ബോർഡർ-​ഗാവസ്കർ ട്രോഫി സ്വന്തമാക്കാൻ കഴിയും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത സാധ്യതകളും ഇന്ത്യയ്ക്ക് സജീവമാക്കാൻ കഴിയും.

Content Highlights: Rohit became the first Indian captain to drop out of the team in the middle of the series, who are the other team captains?

To advertise here,contact us