'ആ തീരുമാനം രോഹിത് സ്വയമെടുത്തത്, ടീമിന്റെ ഐക്യമാണത്'; സിഡ്‌നിയിൽ ക്യാപ്റ്റൻ മാറി നിന്നതിൽ ബുംമ്ര

എന്ത് കൊണ്ടാണ് രോഹിത് സിഡ്‌നിയിൽ കളിക്കാത്തത് എന്ന് വ്യക്തമാക്കുകയാണ് താത്‌കാലിക ക്യാപ്റ്റന്‍ ജസ്പ്രിത് ബുംമ്ര

ഓസ്‌ട്രേലിയക്കെതിരായ ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ അഞ്ചാമത്തേയും അവസാനത്തെയും ടെസ്റ്റ് മാച്ച് സിഡ്‌നിയില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ മത്സരങ്ങളിൽ മോശം ഫോമിലായിരുന്ന ക്യാപ്റ്റൻ രോഹിത് ശർമയെ മാറ്റി നിർത്തിയാണ് ടീം ഇന്ത്യ കളിക്കാനിറങ്ങിയത്. രോഹിതിന്റെ അഭാവത്തിൽ ശുഭ്മാൻ ഗിൽ ആദ്യ ഇലവനിൽ തിരിച്ചെത്തി. രോഹിതിന് പകരം ബുംമ്രയാണ് ടീമിനെ നയിക്കുന്നത്.

രോഹിത് പുറത്തിരിക്കുമെന്ന് ഏറെക്കുറെ ഇന്നലെ തന്നെ പ്രതീക്ഷിച്ചിരുന്നു. രോഹിത് സിഡ്‌നി ടെസ്റ്റില്‍ കളിക്കുമോ എന്നുള്ള ചോദ്യത്തില്‍ പ്രധാന കോച്ച് ഗൗതം ഗംഭീര്‍ കഴിഞ്ഞ ദിവസം വ്യക്തമായ ഉത്തരം നല്‍കിയിരുന്നില്ല. ഇപ്പോള്‍ എന്ത് കൊണ്ടാണ് രോഹിത് സിഡ്‌നിയിൽ കളിക്കാത്തത് എന്ന് വ്യക്തമാക്കുകയാണ് താത്‌കാലിക ക്യാപ്റ്റന്‍ ജസ്പ്രിത് ബുംമ്ര. വിശ്രമമെടുക്കാന്‍ രോഹിത് സ്വയം തീരുമാനിക്കുകയായിരുന്നുവെന്നും ആ തീരുമാനത്തിനൊപ്പം ടീം നിൽക്കുകയായിരുന്നുവെന്നും ബുംമ്ര പറഞ്ഞു.

Also Read:

Cricket
ക്യാപ്റ്റൻ രോഹിതിനെ മാറ്റി; ടോസ് നേടിയ ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം

ടോസിന് ശേഷമുള്ള സംസാരത്തിലാണ് ബുംമ്ര ഇതിനെ കുറിച്ച് പറഞ്ഞത്. 'ഞങ്ങളുടെ ക്യാപ്റ്റന്‍ വിശ്രമമെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആ തീരുമാനം തന്നെയാണ് ടീമിന്റെ ഐക്യം.' ബുംമ്ര വ്യക്തമാക്കി. ടോസ് നേടിയപ്പോൾ ബാറ്റിംഗ് തിരഞ്ഞെടുക്കാനുള്ള കാരണവും ഇന്ത്യയുടെ മുഖ്യ പേസർ പറഞ്ഞു. 'ഞങ്ങള്‍ ആദ്യം ബാറ്റ് ചെയ്യും. പിച്ചിലെ പുല്ല് അത്ര പ്രശ്നമുള്ളതായി തോന്നുന്നില്ല, കഴിഞ്ഞ മത്സരങ്ങളിലെല്ലാം മികച്ച കളി പുറത്തെടുക്കാൻ കഴിഞ്ഞിരുന്നു, വിജയിക്കാനായില്ല എന്ന നഷ്ടം ഇത്തവണ തിരുത്തും', ബുംമ്ര കൂട്ടിച്ചേത്തു.

Forever Our Indian Captain 💙#INDvsAUS pic.twitter.com/9G4VmWl5Db

അതേ സമയം താരമെന്ന നിലയിൽ രോഹിതിന് മോശം വർഷമായാണ് 2024 കലണ്ടർ വർഷം കടന്നുപോയത്. 2024ൽ 14 ടെസ്റ്റുകൾ കളിച്ച രോഹിത് ശർമ 619 റൺസ് മാത്രമാണ് നേടിയത്. മാർച്ചിൽ ഇം​ഗ്ലണ്ടിനെതിരെയാണ് രോഹിത് ശർമയുടെ അവസാന സെഞ്ച്വറി. ബോർഡർ-​ഗാവസ്കർ ട്രോഫിയിൽ മൂന്ന് ടെസ്റ്റുകളിൽ നിന്നായി 30 റൺസ് മാത്രമാണ് രോഹിത് ശർമയുടെ സമ്പാദ്യം. ഇതിന് മുമ്പ് സ്വന്തം മണ്ണിൽ ന്യൂസിലാൻഡിനോട് 3-0 ന് അടിയറവ് പറഞ്ഞ പരമ്പരയിലും താരം മോശം പ്രകടനമാണ് കാഴ്ച്ച വെച്ചത്.

ബോർ‌ഡർ-​ഗാവസ്കർ ട്രോഫി നിലനിർത്താൻ പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം നേടേണ്ടതുണ്ട്. നിലവിൽ 2-1ന് ഓസ്ട്രേലിയയാണ് മുന്നിൽ നിൽക്കുന്നത്. പരമ്പര സമനിലയിൽ ആയാൽ നിലവിലെ ജേതാക്കളായ ഇന്ത്യയ്ക്ക് ബോർഡർ-​ഗാവസ്കർ ട്രോഫി സ്വന്തമാക്കാൻ കഴിയും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത സാധ്യതകളും ഇന്ത്യയ്ക്ക് സജീവമാക്കാൻ കഴിയും.

Content Highlights: jasprit bumrah on rohit sharma absence in sydney test

To advertise here,contact us