'മതിയായി, ഇനിയും കളിച്ചില്ലെങ്കിൽ ആരായാലും പുറത്താവും'; ഡ്രെസിങ് റൂമിൽ ​ഗംഭീർ പൊട്ടിത്തെറിച്ചതായി റിപ്പോർട്ട്

ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് ജനുവരി മൂന്നിന് ആരംഭിക്കാനിരിക്കെ ഇന്ത്യൻ ടീമിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് ഡ്രസിങ് റൂമിലെ വിവാദം

ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് ജനുവരി മൂന്നിന് ആരംഭിക്കാനിരിക്കെ ഇന്ത്യൻ ടീമിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് ഡ്രസിങ് റൂമിലെ വിവാദം. നാലാം ടെസ്റ്റ് തോറ്റതോടെ 2-1 ന് പരമ്പരയിൽ ഇന്ത്യ പിന്നിലായിരുന്നു. തുടർന്ന് ഡ്രസിങ് റൂമിൽ ഗൗതം ഗംഭീർ നടത്തിയ വിമർശനങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. സീനിയർ താരങ്ങളുടെ പ്രകടനത്തിൽ നിശിത വിമർശനമുന്നയിച്ച ഗംഭീർ പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ സീനിയര്‍ താരങ്ങളെ ടീമില്‍ നിന്നൊഴിവാക്കാന്‍ മടിക്കില്ലെന്ന് മുന്നറിയിപ്പും നല്‍കിയതായി ഇന്ത്യൻ ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

സീനിയർ താരങ്ങളെ കൊണ്ട് തനിക്ക് മതിയായെന്നും പല കോണിൽ നിന്ന് താൻ ഇതിന്റെ പേരിൽ വിമർശനം നേരിടുകയാണെന്നും പറഞ്ഞ ഗംഭീർ ചില പുതുമുഖ താരങ്ങളാണ് ഇന്ത്യയെ വലിയ തകർച്ചയിൽ നിന്നും രക്ഷിക്കുന്നതെന്നും കൂട്ടിച്ചേർത്തു. ആരുടേയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും ക്യാപ്റ്റൻ രോഹിത് അടക്കമുള്ള മോശം ഫോമിൽ തുടരുന്ന താരങ്ങൾക്കെതിരെയാണ് വിമർശനം എന്നുറപ്പാണ്. ഡ്രസിങ് റൂമിലെ സംഭവം പുറം ലോകത്തെത്തിയതോടെ പല രീതിയിലുള്ള ചർച്ചകൾക്കും ഇത് വഴിമരുന്നിട്ടിരിക്കുകയാണ്.

Also Read:

Cricket
'ഞാൻ ബുംമ്ര ആരാധകൻ; അദ്ദേഹമില്ലെങ്കിൽ ഈ പരമ്പര ഓസീസിന് കൂടുതൽ ഏകപക്ഷീയമാകുമായിരുന്നു'; മഗ്രാത്ത്

കഴിഞ്ഞ ആറുമാസം നിങ്ങളുടെ ഇഷ്ടമനുസരിച്ച് കളിക്കാന്‍ ഞാന്‍ അവസരം നല്‍കി. ഇനിയത് പറ്റില്ല, ഇനി ഞാന്‍ പറയുന്നതുപോലെ കളിക്കാന്‍ തയ്യാറാവാത്തവര്‍ക്ക് പുറത്തുപോകാമെന്നും ഗംഭീര്‍ പറഞ്ഞുവെന്ന് റിപ്പോർട്ടുണ്ട്. ചിലർ മുൻ കളികളിൽ നിന്ന് പാഠമുൾക്കൊള്ളുന്നില്ലെന്നു ഗംഭീർ പറഞ്ഞുവെന്നും തുടർച്ചയായി ഓഫ് സൈഡിൽ ബാറ്റ് വെച്ച് ക്യാച്ച് നൽകുന്ന കോഹ്‌ലിയെയാണ് ഇത് ഉദ്ദേശിച്ചതെന്നും ചില ക്രിക്കറ്റ് വിദഗ്ധർ നിരീക്ഷിക്കുന്നുണ്ട്.

Content Highlinghts: Gautam Gambhir Slams Indian senior Players in dressing room

To advertise here,contact us