ബോര്ഡര് ഗാവസ്കര് പരമ്പരയിലെ മെല്ബണ് ടെസ്റ്റില് ഇന്ത്യയ്ക്ക് വേണ്ടി നിര്ണായക സെഞ്ച്വറി നേടിയിരിക്കുകയാണ് യുവതാരം നിതീഷ് കുമാര് റെഡ്ഡി. മെല്ബണിലെ മൂന്നാം ദിനം തകര്ത്തടിച്ച നിതീഷ് തന്റെ കരിയറിലെ ആദ്യ അര്ധ സെഞ്ച്വറിയും ആദ്യ സെഞ്ച്വറിയും സ്വന്തമാക്കിയിരിക്കുകയാണ്. ഓസ്ട്രേലിയയ്ക്കെതിരായ ഫോളോ ഓണില് നിന്ന് ഇന്ത്യയെ രക്ഷിച്ച നിതീഷിനെ ആഘോഷമാക്കുകയാണ് സോഷ്യല് മീഡിയ.
ഇതിനിടെ താരത്തിന്റെ സെഞ്ച്വറി സെലിബ്രേഷനുകളും ആരാധകര് ചര്ച്ച ചെയ്യുകയാണ്. കരിയറിലെ പ്രധാന നാഴികക്കല്ലുകള് പിന്നിടുന്നതിന്റെ എല്ലാ ആവേശവും ഉള്ക്കൊണ്ടുള്ള താരത്തിന്റെ സെലിബ്രേഷനുകള് സോഷ്യല് മീഡിയയില് വൈറലാവുകയാണ്. ടെസ്റ്റ് കരിയറിലെ കന്നി അര്ധ സെഞ്ച്വറി നേടിയപ്പോള് 'പുഷ്പ സ്റ്റൈലി'ല് ആഘോഷിച്ച നിതീഷ് സെഞ്ച്വറി നേടിയപ്പോള് 'ബാഹുബലി സ്റ്റൈലി'ലാണ് സെലിബ്രേഷന് നടത്തിയത്.
81 പന്തില് നാല് ഫോറും ഒരു സിക്സും സഹിതമാണ് നിതീഷ് റെഡ്ഡി അര്ധസെഞ്ച്വറി പൂര്ത്തിയാക്കിയത്. ഇതിന് പിന്നാലെയാണ് പുഷ്പ സ്റ്റൈലില് ബാറ്റുകൊണ്ട് നിതീഷ് സെലിബ്രേഷന് നടത്തിയത്. അല്ലു അര്ജുന്റെ ഹിറ്റ് സിനിമയായ പുഷ്പ എന്ന തെലുങ്കു ചിത്രത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങളിലായി അല്ലു അര്ജുന് വൈറലാക്കിയ സ്റ്റൈലാണിത്. നിതീഷിന്റെ മാസ് സെലിബ്രേഷന് സോഷ്യല് മീഡിയയില് വലിയ രീതിയിലാണ് ആരാധകർ ഏറ്റെടുത്തത്.
Allu Arjun 🤝 Prabhas.- Nitish Kumar Reddy doing Pushpa and Bahubali trademarks. 😄👌 pic.twitter.com/obKsmJDp8Q
Nitish Kumar Reddy 🤝 Prabhas. 🥶pic.twitter.com/7rWx41SkfI
അര്ധ സെഞ്ച്വറിക്ക് ശേഷവും ആത്മവിശ്വാസത്തോടെ ബാറ്റുവീശിയ നിതീഷ് മൂന്നക്കവും കടന്നു. നേരിട്ട 171-ാം പന്തിലാണ് നിതീഷ് തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി അടിച്ചെടുത്തത്. സ്കോട്ട് ബോളണ്ടിനെ സ്ട്രൈറ്റ് ബൗണ്ടറി കടത്തി സെഞ്ച്വറി പൂര്ത്തിയാക്കിയതിന് പിന്നാലെ 'ബാഹുബലി സ്റ്റൈലി'ല് നിതീഷ് തന്റെ നേട്ടം ആഘോഷിച്ചു. ബാറ്റ് മണ്ണില് കുത്തിനിര്ത്തി ഹെല്മെറ്റ് അതിന് മുകളില് വെച്ച് മുട്ടുകുത്തി നിന്ന് കൈമുകളിലേക്ക് ഉയര്ത്തുകയാണ് നിതീഷ് ചെയ്തത്. റിബല് സ്റ്റാര് പ്രഭാസ് നായകനായ ബാഹുബലി ദ കണ്ക്ലൂഷന് എന്ന സിനിമയില് അമരേന്ദ്ര ബാഹുബലി എന്ന കഥാപാത്രം ഇരിക്കുന്നതുപോലെയാണ് നിതീഷ് ആവര്ത്തിച്ചതെന്നാണ് സോഷ്യല് മീഡിയയുടെ കണ്ടെത്തല്.
Content Highlights: Nitish Kumar Reddy Celebrates his Centuries in Pushpa and Bahubali Styles