ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ ഓപണറായി രോഹിത് ശർമ മടങ്ങിയെത്തിയേക്കുമെന്ന് സൂചന. മൂന്നാം ടെസ്റ്റിന് മുമ്പായുള്ള പരിശീലനത്തിൽ രോഹിത് ശർമ ന്യുബോൾ നേരിടാനുള്ള പരിശീലനം നടത്തിയിരുന്നു. ഇന്ത്യൻ പേസർമാരായ ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, ആകാശ് ദീപ് തുടങ്ങിയവരെയെല്ലാം രോഹിത് ശർമ നേരിട്ടു. കെ എൽ രാഹുൽ വിരാട് കോഹ്ലിക്കൊപ്പമാണ് പരിശീലനത്തിന് ഇറങ്ങിയത്. ഇരുവരും ഒരൽപ്പം പഴകിയ പന്തിലാണ് പരിശീലനം തേടിയത്. മൂന്നാം ടെസ്റ്റിൽ രോഹിത് ശർമ ഓപണറായി മടങ്ങിയെത്തിയാൽ പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ രാഹുൽ മധ്യനിരയിൽ കളിക്കും.
ബോർഡർ-ഗാവസ്കർ ട്രോഫിയിലെ അവസാനിച്ച ആദ്യ രണ്ട് ടെസ്റ്റുകളിൽ മൂന്ന് ഇന്നിംഗ്സുകളിലും ഇന്ത്യൻ ബാറ്റർമാർ 200ന് താഴെ മാത്രമാണ് സ്കോർ ചെയ്തത്. ആദ്യ ടെസ്റ്റിൽ ബൗളർമാരുടെ മികച്ച പ്രകടനം ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി. ബോർഡർ-ഗാവസ്കർ ട്രോഫി നിലനിർത്താൻ ഇന്ത്യയ്ക്ക് മുന്നിലുള്ള ലക്ഷ്യം ബാറ്റർമാർ ഫോമിലാകുക എന്നതാണ്.
ഡിസംബർ 14 മുതലാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് ആരംഭിക്കുക. നിലവിൽ ഇരുടീമുകളും പരമ്പരയിൽ ഓരോ മത്സരങ്ങൾ വീതം വിജയിച്ചിട്ടുണ്ട്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിന് പരമ്പരയിലെ അവശേഷിച്ച മത്സരങ്ങളിൽ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്.
Content Highlights: Rohit Sharma may back to the top spot in Brisbane test