പെർത്തിലെ സ്ലെഡ്ജിന് അഡ്‌ലെയ്ഡിലെ ആദ്യ പന്തിൽ തന്നെ മറുപടി; ജയ്‌സ്വാളിനെ ഗോൾഡൻ ഡക്കാക്കി സ്റ്റാർക്ക്

തന്നെ സ്ലെഡ്ജ് ചെയ്ത ജയ്‌സ്വാളിന് അഡ്‌ലെയ്ഡിലെ ആദ്യ പന്തിൽ തന്നെ മറുപടി പറഞ്ഞ് ഓസീസ് പേസർ മിച്ചൽ സ്റ്റാർക്ക്

പെർത്തിലെ ആദ്യ ടെസ്റ്റിൽ തന്നെ സ്ലെഡ്ജ് ചെയ്ത ജയ്‌സ്വാളിന് അഡ്‌ലെയ്ഡിലെ ആദ്യ പന്തിൽ തന്നെ മറുപടി പറഞ്ഞ് ഓസീസ് പേസർ മിച്ചൽ സ്റ്റാർക്ക്. ആദ്യ ഇന്നിങ്‌സ് ഓപ്പൺ ചെയ്യാനെത്തിയ ഇന്ത്യൻ താരത്തെ ആദ്യ പന്തിൽ തന്നെ എൽബിഡബ്ല്യുവിൽ കുരുക്കി. പെര്‍ത്ത് ടെസ്റ്റില്‍ ഏറ്റവും രസകരമായ രംഗമായിരുന്നു സ്റ്റാര്‍ക്കിനെ ജയ്‌സ്വാള്‍ സ്ലെഡ്ജ് ചെയ്തത്. ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിനിടെ ഇന്ത്യയുടെ അരങ്ങേറ്റതാരം ഹര്‍ഷിത് റാണയ്ക്ക് സ്റ്റാര്‍ക് 'മുന്നറിയിപ്പ്' നല്‍കിയത് വാര്‍ത്തയായിരുന്നു. ഇതിന് മറുപടിയായാണ് ജയ്‌സ്വാള്‍ സ്റ്റാർക്കിനെ സ്ലെഡ്ജ് ചെയ്തത്.

17-ാം ഓവറില്‍ പന്തെറിയാനെത്തിയ സ്റ്റാര്‍ക്കിനെ ബൗണ്ടറിയടിച്ചതിന് ശേഷമുള്ള അടുത്ത പന്തില്‍ ബീറ്റണായ ജയ്‌സ്വാളിനെ നോക്കി ഓസീസ് പേസര്‍ ചിരിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത പന്ത് പ്രതിരോധിച്ചശേഷം 'താങ്കള്‍ക്ക് ഒട്ടും വേഗതയില്ല, സ്ലോ ബോളാണ് എറിയുന്നത്' എന്നാണ് ജയ്‌സ്വാള്‍ പറയുന്നത്. ജയ്‌സ്വാളിനെ നോക്കി ചിരിക്കുക മാത്രമാണ് അന്ന് സ്റ്റാര്‍ക്ക് ചെയ്തത്. എന്നാൽ ഒരു 22 വയസ്സുകാരാനായ ഇന്ത്യൻ ക്രിക്കറ്റ് താരം സ്റ്റാര്‍ക്ക് പോലെയൊരു താരത്തെ സ്ലെഡ്ജ് ചെയ്തത് അംഗീകരിക്കാനാവില്ലെന്നും മറുപടി നൽകണമെന്നും പറഞ്ഞ് മിച്ചൽ ജോൺസൺ രംഗത്തെത്തിയിരുന്നു.

നേരത്തെ ഓസ്ട്രേലിയക്കെതിരായ അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ നിർണ്ണായക ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തിരുന്നു. പെർത്തിലെ ആദ്യ ടെസ്റ്റ് കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ അഡ്‌ലെയ്ഡില്‍ ഇറങ്ങുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും തിരിച്ചെത്തി. ധ്രുവ് ജുറെലും ദേവ്‌ദത്ത് പടിക്കലും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. സ്പിന്‍ നിരയില്‍ വാഷിംഗ്ടണ്‍ സുന്ദറിന് പകരം ആര്‍ അശ്വിനെ കൊണ്ട് വന്നു.

Also Read:

Cricket
ഞാനാണെങ്കിൽ ചെയ്യില്ല, ഈ ചെറിയ പ്രായത്തില്‍ സ്റ്റാര്‍ക്കിനെ സ്ലെഡ്ജ് ചെയ്യണമെങ്കില്‍ അവന്‍ ചില്ലറക്കാരനല്ല!

പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ നേടിയ 295 റണ്‍സിന്‍റെ ആധികാരിക വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യയിറങ്ങുന്നത്. അതേസമയം 2020-21 പരമ്പരയില്‍ ഇതേവേദിയില്‍ കളിച്ച ഡേ നൈറ്റ് ടെസ്റ്റില്‍ ഇന്ത്യയെ വെറും 36 റൺസിന് ഓൾ ഔട്ടാക്കിയായതിന്റെ കണക്കാണ് ഓസ്‌ട്രേലിയയ്ക്ക് ആത്‌മവിശ്വാസം നൽകുന്നത്. പരമ്പരയിലേക്ക് തിരിച്ചുവരാൻ ഓസീസിന് ഈ മത്സരത്തിലെ ജയം നിർണായകമാണ്. ഇന്നലെ തന്നെ അഡ്‌ലെയ്ഡ് ടെസ്റ്റിനുള്ള ടീമിനെയും പ്രഖ്യാപിച്ചിരുന്നു ടീം ഓസ്‌ട്രേലിയ. പെർത്തിലെ ആദ്യ ടെസ്റ്റിൽ പരിക്കേറ്റ ഹേസൽവുഡിന് പകരം സ്കോട്ട് ബോളണ്ടിനെ ഉൾപ്പെടുത്തിയതാണ് ഏക മാറ്റം.

Sequence of the very first ball. Mitchell Starc strikes. Yashasvi Jaiswal is out. Was a tight call from the umpire though. #BGT #AUSvIND pic.twitter.com/E395Pc4Ez2

ഓസ്‌ട്രേലിയ പ്ലേയിംഗ് ഇലവൻ: ഉസ്മാൻ ഖവാജ, നഥാൻ മക്‌സ്വീനി, മാർനസ് ലബുഷെയ്ൻ, സ്റ്റീവൻ സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, അലക്‌സ് കാരി, പാറ്റ് കമ്മിൻസ്(ക്യാപ്റ്റൻ), മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, സ്കോട്ട് ബോളണ്ട്.

ഇന്ത്യ പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, ശുഭ്മാൻ ഗിൽ, വിരാട് കോലി, റിഷഭ് പന്ത്, രോഹിത് ശർമ്മ, ആര്‍ അശ്വിന്‍, നിതീഷ് കുമാർ റെഡ്ഡി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ഹർഷിത് റാണ.

Content Highlights: Mitchell Starc takes Yashasvi Jaiswal wickets

To advertise here,contact us