ഡ​ഗൗട്ടിൽ തല കുമ്പിട്ട് നിന്ന രോഹിത് ശർമയുടെ മുഖഭാവം എന്താണ്?; വൈറലായി കമന്റേറ്റർമാരുടെ ചോദ്യം

സർഫറാസ് ഖാൻ പുറത്തായതിന് പിന്നാലെ നിരാശനായ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ മുഖഭാവമാണ് ഇപ്പോൾ ചർച്ചാവിഷയം.

ഓസ്ട്രേലിയൻ പ്രൈം മിനിസ്റ്റേഴ്സ് ഇലവനെതിരായ പരിശീലന മത്സരത്തിൽ സർഫറാസ് ഖാൻ പുറത്തായതിന് പിന്നാലെ നിരാശനായ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ മുഖഭാവമാണ് ഇപ്പോൾ ചർച്ചാവിഷയം. ഇന്ത്യൻ ഇന്നിം​ഗ്സിന്റെ 44-ാം ഓവറിലാണ് സർഫറാസ് ഒരു റൺസ് മാത്രമെടുത്ത് പുറത്തായത്. ജാക് ക്ലെയ്ട്ടന്റെ ലെ​ഗ് സൈഡിൽ വന്ന പന്തിൽ ബാറ്റുവെച്ച സർഫറാസ് വിക്കറ്റിന് പിന്നിൽ ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. ഈ സമയമാണ് രോഹിത് ശർമയെ നിരാശനായി കാണപ്പെട്ടത്. എന്നാൽ രോഹിത് ശർമ ചിരിക്കുകയാണോ അതോ കരയുകയാണോ എന്നായിരുന്നു കമന്ററി ബോക്സിൽ നിന്നുണ്ടായ ചോദ്യം.

pic.twitter.com/hWgtW52EZZ

അതിനിടെ ഓസ്ട്രേലിയൻ പ്രൈം മിനിസ്റ്റേഴ്സ് ഇലവനെതിരായ പരിശീലന മത്സരത്തിൽ ഇന്ത്യ ആറ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത പ്രൈം മിനിസ്റ്റേഴ്സ് ഇലവൻ 43.2 ഓവറിൽ 240 റൺസിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ 46 ഓവർ ബാറ്റ് ചെയ്ത ഇന്ത്യ അ‌‍ഞ്ച് വിക്കറ്റ് നഷ്ടത്തിൽ 257 റൺസെടുത്തു. വിജയലക്ഷ്യം പിന്നിടുമ്പോൾ ഇന്ത്യക്ക് നാല് വിക്കറ്റായിരുന്നു നഷ്ടമായത്. ഇതിനാൽ ഇന്ത്യൻ വിജയം ആറ് വിക്കറ്റിനെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

നേരത്തെ ദ്വിദിന പരിശീലന മത്സരത്തിന്റെ ആദ്യ ദിനം മഴമൂലം ഉപേക്ഷിച്ചിരുന്നു. പിന്നാലെ രണ്ടാം ദിവസം മത്സരം ഒരു ടീമിന് 50 ഓവർ എന്ന നിലയിൽ നടത്താൻ തീരുമാനിച്ചു. ആദ്യം ബാറ്റ് ചെയ്ത പ്രൈം മിനിസ്റ്റേഴ്സ് ഇലവൻ 43.2 ഓവറിൽ 240 റൺസിൽ എല്ലാവരും പുറത്തായി. ഓപണർ‌ സാം കോൺസ്റ്റാസ് 107 റൺസ് നേടി. 40 റൺസെടുത്ത ജാക് ക്ലെയ്ടൺ ആണ് മുൻനിരയിൽ ഭേദപ്പെട്ട സംഭാവന നൽകിയ മറ്റൊരു താരം. ഒമ്പതാമനായി ക്രീസിലെത്തി 61 റൺസെടുത്ത ഹന്നോ ജേക്കബ്സ് ആണ് പ്രൈം മിനിസ്റ്റേഴ്സ് ഇലവന്റെ സ്കോർ 200 കടത്തിയത്. ഇന്ത്യയ്ക്കായി ഹർഷിത് റാണ നാല് വിക്കറ്റ് വീഴ്ത്തി.

Also Read:

Cricket
മി‍ഡിൽ ഓർഡറിൽ ബാറ്റ് ചെയ്യാം, വേണമെങ്കിൽ രാഹുലിനെപ്പോലെ വിക്കറ്റും കാക്കാം!; കീപ്പറായി സർപ്രൈസ് താരം

മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ താരങ്ങളിൽ ഭൂരിഭാ​ഗവും മികച്ച പ്രകടനം പുറത്തെടുത്തു. ഓപണർമാരായ യശസ്വി ജയ്സ്വാൾ 45, കെ എൽ രാഹുൽ 27 റിട്ടയർഡ് നോട്ട് ഔട്ട് എന്നിങ്ങനെ സ്കോർ ചെയ്തു. കഴിഞ്ഞ മത്സരം കളിക്കാതിരുന്ന ശുഭ്മൻ ​ഗിൽ മികച്ച ഫോമിന്റെ സൂചന നൽകി. 50 റൺസെടുത്ത് ​ഗിൽ റിട്ടയർഡ് നോട്ട് ഔട്ടായി. രോഹിത് ശർമ മൂന്ന് റൺസെടുത്തും സർഫ്രാസ് ഖാൻ ഒരു റൺസെടുത്തും പുറത്തായത് നിരാശയായി. നിതീഷ് കുമാർ റെഡ്ഡി 42 റൺസെടുത്ത് തന്റെ ഫോം തുടർന്നു. രവീന്ദ്ര ജഡേജ 27 റൺസെടുത്ത് പുറത്തായി. വാഷിങ്ടൺ സുന്ദർ പുറത്താകാതെ 42 റൺസോടെയും ദേവ്ദത്ത് പടിക്കൽ നാല് റൺസോടെയും പുറത്താകാതെ നിന്നു.

Content Highlights: IND captain's frustrated act on Sarfaraz's dismissal leaves commentator guessing

To advertise here,contact us