'സഞ്ജയ് ജീ, ഇതൊന്നും കാണുന്നില്ലേ? 10 കോടിയാ നേടിയിരിക്കുന്നത്!'; ലേലത്തിൽ സ്റ്റാറായി ഷമി

ഗുജറാത്തിന്റെ താരമായിരുന്ന ഷമിയ്ക്ക് ഐപിഎല്‍ 2025 മെഗാ താരലേലത്തില്‍ വില കുറയുമെന്ന് പ്രവചിച്ചുകൊണ്ട് മുന്‍ താരം സഞ്ജയ് മഞ്ജരേക്കർ രം​ഗത്തെത്തിയിരുന്നു.

കഴിഞ്ഞ സീസണിൽ ​ഗുജറാത്തിന്റെ താരമായിരുന്ന മുഹമ്മദ് ഷമി ഇത്തവണ സൺ റൈസേഴ്സിലേക്ക്. 10 കോടി രൂപയ്ക്കാണ് എസ് ആർ എച്ച് ഷമിയെ സ്വന്തമാക്കിയത്. ​ഗുജറാത്തിന്റെ താരമായിരുന്ന ഷമിയ്ക്ക് ഐപിഎല്‍ 2025 മെഗാ താരലേലത്തില്‍ വില കുറയുമെന്ന് പ്രവചിച്ചുകൊണ്ട് മുന്‍ താരം സഞ്ജയ് മഞ്ജരേക്കർ രം​ഗത്തെത്തിയിരുന്നു. മെഗാലേലത്തിന് മുമ്പായുള്ള റീടെന്‍ഷന്‍ ലിസ്റ്റ് പുറത്തുവിട്ടപ്പോള്‍ 2023 ഐപിഎല്ലിലും 2023 ലോകകപ്പിലും ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരമായ ഷമിയെ ഗുജറാത്ത് ടൈറ്റന്‍സ് നിലനിര്‍ത്തിയിരുന്നില്ല. പരിക്ക് കാരണം ബുദ്ധിമുട്ടുന്ന ഷമിയെ ടീമിലെത്തിക്കാന്‍ ഫ്രാഞ്ചൈസികള്‍ റിസ്‌ക് എടുക്കില്ലെന്നും അതുകൊണ്ടുതന്നെ താരത്തിന്റെ വിലയില്‍ വലിയ കുറവ് വരുമെന്നുമായിരുന്നു മഞ്ജരേക്കറുടെ നിരീക്ഷണം.

'ഷമിയെ തട്ടകത്തിലെത്തിക്കാന്‍ എല്ലാ ടീമുകള്‍ക്കും തീര്‍ച്ചയായും താല്‍പര്യമുണ്ടാകും. പക്ഷേ അദ്ദേഹത്തിന്റെ പരിക്കിന്റെ ചരിത്രം നോക്കിയാല്‍ സീസണില്‍ വിലയില്‍ ഇടിവ് സംഭവിക്കാന്‍ വലിയ സാധ്യതയുണ്ട്. പരിക്കില്‍ നിന്ന് മുക്തനാവാന്‍ ഷമി ഒരുപാട് കാലമെടുത്തിരുന്നു. ഇനി ഏതെങ്കിലും ടീം സ്വന്തമാക്കിയാലും സീസണിന്റെ പകുതിക്ക് വെച്ച് അദ്ദേഹത്തെ വീണ്ടും നഷ്ടപ്പെട്ടാല്‍ അത് തിരിച്ചടിയാവും. ആ റിസ്‌ക് കണക്കിലെടുത്താല്‍ ലേലത്തില്‍ ഷമിയുടെ വിലകുറയുമെന്നാണ് തോന്നുന്നത്', എന്നായിരുന്നു മഞ്ജരേക്കര്‍ പറഞ്ഞത്.

Also Read:

Cricket
ആരുടെയെങ്കിലും ഭാവി അറിയണമെങ്കിൽ ദയവായി സഞ്ജയ്ജിയെ സമീപിക്കുക!; മഞ്ജരേക്കറെ ട്രോളി സ്റ്റോറിയുമായി ഷമി

എന്നാൽ മഞ്ജരേക്കറുടെ വിശകലനത്തിന് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ഷമി മറുപടി നല്‍കുകയും ചെയ്തു. 'നമസ്‌കാരം ബാബ, കുറച്ച് അറിവ് നിങ്ങളുടെ ഭാവിയിലേക്കും സൂക്ഷിക്കുക. അത് സഞ്ജയ് ജിക്ക് ഉപകാരപ്പെടും. ഇനി ആര്‍ക്കെങ്കിലും നിങ്ങളുടെ ഭാവിയെ കുറിച്ച് അറിയണമെന്നുണ്ടെങ്കില്‍ സാറിനെ പോയി കാണേണ്ടതാണ്', ഷമി കുറിച്ചത് ഇങ്ങനെ.

2023 ഐപിഎല്ലില്‍ പര്‍പ്പിള്‍ ക്യാപ്പ് ജേതാവായിരുന്നു മുഹമ്മദ് ഷമി. സീസണിലെ 17 ഇന്നിങ്‌സുകളില്‍ നിന്ന് 28 വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഷമി ഒന്നാമതെത്തിയത്. 2023 ഏകദിന ലോകകപ്പിലും വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമന്‍ ഷമിയായിരുന്നു. ഏഴ് മത്സരങ്ങളില്‍ 24 വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. എന്നാല്‍ ലോകകപ്പിന് ശേഷം ഏറെക്കാലമായി കളിക്കളത്തിന് പുറത്തായിരുന്നു മുഹമ്മദ് ഷമി. കണങ്കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തോളമാണ് ഷമി മത്സരക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നത്. ഇതിനിടെ ട്വന്റി 20 ലോകകപ്പും ഐപിഎല്ലും നഷ്ടമായ ഷമി രഞ്ജി ട്രോഫി ക്രിക്കറ്റിലൂടെ കഴിഞ്ഞ ദിവസങ്ങളിലായി ആഭ്യന്തരക്രിക്കറ്റിലേക്ക് തിരിച്ചെത്തിയിരുന്നു. മധ്യപ്രദേശിനെതിരെ അവസാനിച്ച രഞ്ജി ട്രോഫി മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ബംഗാള്‍ പേസറായ മുഹമ്മദ് ഷമി പുറത്തെടുത്തത്.

Content Highlights: Mohammed Shami gets 10 cr in IPL Auction

To advertise here,contact us