ക്രിക്കറ്റ് ആരാധകര് ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഐപിഎല് മെഗാ താരലേലത്തിന് ഇന്നും നാളെയും ജിദ്ദയില് തുടക്കം. ഓരോ ദിവസവും രണ്ട് ഘട്ടങ്ങളിലായാണ് ലേലം നടക്കുന്നത്. വൈകിട്ട് 3.30 മുതല് അഞ്ച് മണി വരെയും 5.45 മുതല് രാത്രി 10.30 വരെയുമാണ് ലേലം നടക്കുക.
THE STAGE IS SET IN JEDDAH FOR IPL 2025 MEGA AUCTION ....!!! pic.twitter.com/29kyB6kWMd
പല വമ്പന് താരങ്ങളും മലയാളി താരങ്ങളും ലേലത്തിന്റെ മുഖ്യ ആകര്ഷണമാണ്. പത്ത് ഫ്രാഞ്ചൈസികള്ക്കായി 577 താരങ്ങളാണ് ലേലത്തില് പങ്കെടുക്കുക. ഇതില് 367 പേര് ഇന്ത്യന് താരങ്ങളും 210 പേര് വിദേശതാരങ്ങളുമാണ്. 70 വിദേശ താരങ്ങളടക്കം 204 പേര്ക്ക് മാത്രമാണ് ലേലത്തില് അവസരം ലഭിക്കുക.
പത്ത് ടീമുകള്ക്കുമായി 641 കോടി രൂപയാണ് ലേലത്തില് വിനിയോഗിക്കാന് ബാക്കിയുള്ളത്. അതേസമയം ലോകത്തിലെ ഏറ്റവും വിലയേറിയ താരമാരാണെന്ന് അറിയാന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്. ഇന്ത്യന് വിക്കറ്റ് കീപ്പര് ബാറ്റര് റിഷഭ് പന്ത് താരലേലത്തില് സൂപ്പര് താരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡല്ഹി ക്യാപിറ്റല്സ് കൈവിട്ട പന്തിന് 25 കോടി മുതല് 30 കോടി വരെ ലഭിക്കാന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്.
ജോസ് ബട്ലര്, മിച്ചല് സ്റ്റാര്ക്ക്, ലിയാം ലിവിങ്സ്റ്റന്, സാം കറെന് തുടങ്ങിയവരെല്ലാം ലേലത്തില് മിന്നിക്കാന് സാധ്യതയുള്ള വിദേശ താരങ്ങളാണ്. രണ്ട് കോടി രൂപയാണ് ഉയര്ന്ന അടിസ്ഥാനവില. 12 മാര്ക്വീ താരങ്ങള് ഉള്പ്പെടെ 81 പേരാണ് രണ്ട് കോടി പട്ടികയില് ഇടം പിടിച്ചിട്ടുള്ളത്.
മാര്ക്വീ താരങ്ങള് ഉള്പ്പെടുന്ന രണ്ട് സെറ്റുകളിലൂടെയാണ് ലേലം ആരംഭിക്കുന്നത്. ആദ്യം ക്യാപ്ഡ് താരങ്ങളുടെയും പിന്നീട് അണ്ക്യാപ്ഡ് താരങ്ങളുടെയും ലേലം നടക്കും. തുടര്ന്നാണ് ടീമുകള് ആവശ്യപ്പെടുന്ന താരങ്ങളെ ലേലത്തില് വിളിക്കുക.
മാര്ക്വി താരങ്ങളുടെ ഒന്നാം സെറ്റില് റിഷഭ് പന്ത്, ശ്രേയസ് അയ്യര്, ജോസ് ബട്ലര്, അര്ഷ്ദീപ് സിങ്, കഗിസോ റബാഡ, മിച്ചല് സ്റ്റാര്ക്ക് എന്നിവരും രണ്ടാം സെറ്റില് കെ എല് രാഹുല്, യുസ്വേന്ദ്ര ചഹാല്, ലിയാം ലിവിങ്സ്റ്റന്, ഡേവിഡ് മില്ലര്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരുമാണുള്ളത്. ഇതില് മില്ലറുടെ അടിസ്ഥാന വില 1.5 കോടിയും മറ്റുള്ളവരുടെയെല്ലാം 2 കോടിയുമാണ്.
റീട്ടെന്ഷന് ശേഷം ഏറ്റവും കൂടുതല് തുക പേഴ്സില് ബാക്കിയുള്ള ടീം പഞ്ചാബ് കിങ്സാണ്. 110.5 കോടിയാണ് പ്രീതി സിന്റയുടെ ടീമിന്റെ പേഴ്സിലുള്ളത്. രാജസ്ഥാന് റോയല്സിനാണ് ഏറ്റവും കുറവ്. 41 കോടി മാത്രമാണ് മലയാളി താരം സഞ്ജു സാംസണ് നയിക്കുന്ന ടീമിലുള്ളത്. ചെന്നൈ സൂപ്പര് കിങ്സിന് 55 കോടി, ഡല്ഹി ക്യാപിറ്റല്സിന് 73 കോടി, കൊല്ക്കത്തയ്ക്ക് 51 കോടി, റോയല് ചലഞ്ചേഴ്സ് ബെംഗളൂരുവിന് 83 കോടി, ലഖ്നൗ സൂപ്പര് ജയന്റ്സിന് 69 കോടി, മുംബൈ ക്യാപിറ്റല്സിന് 45 കോടി, സണ്റൈസേഴ്സ് ഹൈദരാബാദിന് 45 കോടി, ഗുജറാത്ത് ടൈറ്റന്സിന് 69 കോടി എന്നിങ്ങനെയാണ് ശേഷിക്കുന്ന തുക. ഈ തുക ഉപയോഗിച്ച് ശക്തമായ സ്ക്വാഡ് നിര്മ്മിക്കാന് ഏതെല്ലാം ഫ്രാഞ്ചൈസികള്ക്ക് സാധിക്കുമെന്ന് അറിയാന് കാത്തിരിക്കുകയാണ് ആരാധകര്.
Content Highlights: IPL Mega Auction 2025 starts Today in Jeddah, Saudi Arabia