ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി അഫ്​ഗാനിസ്ഥാൻ

മഹ്മദുള്ള റിയാദിന്റെ 98 റൺസിന്റെ ബലത്തിലാണ് ബം​ഗ്ലാദേശ് ഭേദപ്പെട്ട സ്കോറിലേക്ക് എത്തിയത്.

ബം​ഗ്ലാദേശിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി അഫ്​ഗാനിസ്ഥാൻ. പരമ്പര വിജയികളെ നിശ്ചയിക്കുന്ന മൂന്നാം ഏകദിനത്തിൽ അഞ്ച് വിക്കറ്റിനാണ് അഫ്​ഗാൻ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബം​ഗ്ലാദേശ് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 244 റൺസെടുത്തു. മറുപടി പറഞ്ഞ അഫ്​ഗാനിസ്ഥാൻ 48.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

മഹ്മദുള്ള റിയാദിന്റെ 98 റൺസിന്റെ ബലത്തിലാണ് ബം​ഗ്ലാദേശ് ഭേദപ്പെട്ട സ്കോറിലേക്ക് എത്തിയത്. മെഹിദി ഹസൻ മിറാസ് 66 റൺസും നേടി. ഇരുവരും ചേർന്ന അഞ്ചാം വിക്കറ്റിൽ 145 റൺസാണ് കൂട്ടിച്ചേർത്തത്. സൗമ്യ സർക്കാർ 24 റൺസും സംഭാവന ചെയ്തു. അഫ്​ഗാനിസ്ഥാനായി അസമത്തുള്ള ഒമർസായി നാല് വിക്കറ്റെടുത്തു.

അഫ്​ഗാനിസ്ഥാനായി ഓപണർ റഹ്മനുള്ള ​ഗുർബാസ് 101 റൺസ് നേടി. മധ്യനിരയിൽ ബാറ്റിങ്ങിലും തിളങ്ങിയ അസമത്തുള്ള ഒമർസായി പുറത്താകാതെ നേടിയ 70 റൺസും അഫ്​ഗാൻ വിജയത്തിന് കരുത്തേകി. ഇരുവരും ചേർന്ന നാലാം വിക്കറ്റിൽ 100 റൺസാണ് കൂട്ടിച്ചേർത്തത്. മുഹമ്മദ് നബി പുറത്താകാതെ 34 റൺസും നേടി. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 2-1നാണ് അഫ്​ഗാന്റെ വിജയം.

Content Highlights: Gurbaz ton, Omarzai fifty and four-for wins the series for Afghanistan

To advertise here,contact us