സൽമാൻ നിസാറിന്റെ രക്ഷകവേഷം; രഞ്ജി ട്രോഫിയിൽ യുപിക്കെതിരെ കേരളത്തിന് കൂറ്റൻ ലീഡ്

അർധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ സച്ചിന്‍ ബേബിയും മികച്ച പ്രകടനം പുറത്തെടുത്തു

ഉത്തര്‍പ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് 233 റണ്‍സിന്റെ കൂറ്റൻ ഒന്നാം ഇന്നിംങ്സ് ലീഡ്. ഉത്തർപ്രദേശിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 162 റൺസ് പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം മൂന്നാം ദിനം ആദ്യ സെഷനിൽ 395 റൺസിന് ഓൾഔട്ടായി. 124.1 ഓവറിലാണ് കേരളം 395 റൺസെടുത്തത്.

കേരളത്തിന്റെ സൽമാൻ നിസാർ സെഞ്ച്വറിക്ക് വെറും ഏഴ് റൺസ് അകലെ പുറത്തായത് നിരാശയായി. 202 പന്തിൽ ഒൻപത് ബൗണ്ടറിയും മൂന്ന് സിക്സും ഉൾപ്പടെ 93 റൺസെടുത്ത സൽമാനാണ് കേരളത്തിന്റെ ടോപ് സ്കോറർ. അർധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ സച്ചിന്‍ ബേബിയും മികച്ച പ്രകടനം പുറത്തെടുത്തു. 65 പന്തുകൾ നേരിട്ട സച്ചിൻ എട്ടു ഫോറുകളോടെ 83 റൺസെടുത്തു. ആക്വിബ് ഖാന്‍ മൂന്ന് വിക്കറ്റെടുത്തു. നേരത്തെ ഉത്തര്‍പ്രദേശിന്റെ ഒന്നാം ഇന്നിങ്സ് 162 റൺസിന് അവസാനിച്ചിരുന്നു. അഞ്ച് വിക്കറ്റ് നേടിയ ജലജ് സക്സേനയാണ് ഉത്തര്‍പ്രദേശിനെ തകര്‍ത്തത്.

ഓപണർമാരായ വത്സൽ ഗോവിന്ദ് (62 പന്തിൽ 23), രോഹൻ എസ് കുന്നുമ്മൽ (38 പന്തിൽ 28), ബാബ അപരാജിത് (44 പന്തിൽ 32), അക്ഷയ് ചന്ദ്രൻ (70 പന്തിൽ 24), ജലജ് സക്സേന (77 പന്തിൽ 35), മുഹമ്മദ് അസ്ഹറുദ്ദീൻ (43 പന്തിൽ 40), ആദിത്യ സർവതെ (40 പന്തിൽ14) എന്നീ താരങ്ങൾ കേരളത്തിന് വേണ്ടി ഭേദപ്പെട്ട സംഭാവനകൾ നൽകി. ഉത്തർപ്രദേശിന് വേണ്ടി 18.1 ഓവറിൽ 61 റൺസ് വഴങ്ങിയാണ് ആക്വിബ് ഖാൻ മൂന്നു വിക്കറ്റ് വീഴ്ത്തി. ആക്വിബിന് പുറമെ ശിവം മാവി, സൗരഭ് കുമാർ, ശിവം ശർമ എന്നിവർ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി. പിയൂഷ് ചൗള ഒരു വിക്കറ്റും പിഴുതു.

Also Read:

Cricket
രഞ്ജിട്രോഫി: സച്ചിനും സൽമാൻ നിസാറും തിളങ്ങി, യുപിക്കെതിരെ കേരളത്തിന് മികച്ച ലീഡ്

നേരത്ത ഒന്നാം ഇന്നിങ്സിൽ ജലജ് സക്സേനയുടെ അഞ്ച് വിക്കറ്റിന്റെ കരുത്തിൽ കേരളം ഉത്തർപ്രദേശിനെ 162 റൺസിൽ ഒതുക്കിയിരുന്നു. 60.2 ഓവറിലാണ് ഉത്തർപ്രദേശ് 162 റൺസെടുത്തത്. പത്താമനായി ഇറങ്ങി 50 പന്തിൽ രണ്ടുവീതം സിക്സും ഫോറും സഹിതം 30 റൺസെടുത്ത ശിവം ശർമയാണ് യുപിയുടെ ടോപ് സ്കോറർ. 17 ഓവറിൽ 56 റൺസ് വഴങ്ങിയാണ് സക്സേന അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ബേസിൽ തമ്പി രണ്ടും ആദിത്യ സർവതെ, കെഎം ആസിഫ്, ബാബ അപരാജിത് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

Content Highlights: Ranji Trophy: Kerala vs Uttar Pradesh Match Updates

To advertise here,contact us