രഞ്ജി ട്രോഫി; യുപിക്കെതിരെ കേരളത്തിന് ലീഡ്, അഞ്ച് വിക്കറ്റ് നഷ്ടം

ആദ്യ ഇന്നിങ്‌സില്‍ ഉത്തര്‍പ്രദേശിനെ കേരളം 162 റണ്‍സില്‍ ഓൾ ഔട്ടാക്കിയിരുന്നു

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശിനെതിരെ നിര്‍ണായക ലീഡ് നേടി കേരളം. ആദ്യ ഇന്നിങ്‌സില്‍ ഉത്തര്‍പ്രദേശിനെ 162 റണ്‍സില്‍ ഓൾ ഔട്ടാക്കിയ കേരളം രണ്ടാം ദിവസം ആദ്യ സെഷനിൽ എതിരാളികളുടെ സ്കോർ മറികടന്നു. ആദ്യ ദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സ് എന്ന നിലയിൽ കളി അവസാനിപ്പിച്ച കേരളത്തിന് 32 റൺസെടുത്ത ബാബ അപരജിത്തിന്റെയും 14 റൺസെടുത്ത ആദിത്യ സർവാതെയുടെയും 24 റണ്‍സെടുത്ത അക്ഷയ് ചന്ദ്രന്റെയും വിക്കറ്റുകളാണ്‌ ഇന്ന് നഷ്ടമായത്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും(46) സൽമാൻ നിസാർ (7) എന്നിവരാണ് നിലവിൽ ക്രീസിലുള്ളത്. ഉച്ചഭഷണത്തിന് പിരിയുമ്പോൾ കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തിട്ടുണ്ട്.

ഓപണർമാരായ വത്സല്‍ ഗോവിന്ദ് 23 റണ്‍സും രോഹന്‍ കുന്നുമല്‍ 28 റണ്‍സും നേടി ഇന്നലെ പുറത്തായിരുന്നു. ഉത്തര്‍പ്രദേശിനുവേണ്ടി ആഖ്വിബ് ഖാനും ശിവം ശര്‍മയും രണ്ടുവിക്കറ്റുവീതം വീഴ്ത്തി.

Also Read:

Cricket
രഞ്ജി ട്രോഫി; ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത് കേരളം; നിർണ്ണായക മത്സരത്തിനിറങ്ങുന്നത് സഞ്ജുവില്ലാതെ

നേരത്തെ, ടോസ് നേടിയ കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ഉത്തര്‍പ്രദേശിനെ ബാറ്റിങിനയക്കുകയായിരുന്നു . ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കുന്നതായിരുന്നു ബൗളർമാരുടെ പ്രകടനം. ജലജ് സക്‌സേന അഞ്ചുവിക്കറ്റും ബേസില്‍ തമ്പി രണ്ടുവിക്കറ്റും സര്‍വാതെ, ആസിഫ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ഉത്തർപ്രദേശിന്റെ വേണ്ടി ശിവം ശർമ 30 റൺസും ആര്യൻ ജുയാൽ 23 റൺസും നിതീഷ് റാണ 25 റൺസും നേടി.

അതേ സമയം കേരളവും ബംഗാളും തമ്മിലുള്ള കഴിഞ്ഞ മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. ഇതുവരെയുള്ള മൂന്ന് കളികളില്‍ നിന്നും ഒരു ജയവും രണ്ട് സമനിലയുമുള്ള കേരളം 8 പോയിന്‍റുമായി എലൈറ്റ് ഗ്രൂപ്പ് സി പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്‌. കര്‍ണാടകക്കും എട്ട് പോയന്‍റുണ്ടെങ്കിലും നെറ്റ് റണ്‍റേറ്റിലാണ് കേരളം രണ്ടാം സ്ഥാനത്തെത്തിയത്. 13 പോയന്‍റുള്ള ഹരിയാനയാണ് ഗ്രൂപ്പില്‍ ഒന്നാമത്. അഞ്ച് പോയന്‍റുള്ള ഉത്തര്‍പ്രദേശ് അഞ്ചാം സ്ഥാനത്താണ്.

Content Highlights: Kerala lead by runs against Uttarpradesh in Ranji trophy

To advertise here,contact us