ഐപിഎല് ആരാധകര് ഏറെ കാത്തിരിക്കുന്ന റീട്ടെന്ഷന് ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യക്കാരും വിദേശികളുമായി അഞ്ച് ക്യാപ്റ്റന്മാരുള്പ്പടെ പല വമ്പന് താരങ്ങളെയും ഫ്രാഞ്ചൈസികള് കൈവിട്ടപ്പോള് മലയാളി താരം സഞ്ജു സാംസണെ രാജസ്ഥാന് റോയല്സ് 18 കോടി രൂപയ്ക്ക് നിലനിര്ത്തിയിരുന്നു. ക്യാപ്റ്റന് സഞ്ജുവിനൊപ്പം യശസ്വി ജയ്സ്വാള്, റിയാന് പരാഗ്, ധ്രുവ് ജുറേല്, ഷിംറോണ് ഹെറ്റ്മെയര്, സന്ദീപ് ശര്മ എന്നിവരെയാണ് റോയല്സ് നിലനിര്ത്തിയത്.
RAJASTHAN ROYALS RETENTIONS. 📢 pic.twitter.com/xV0MpiUMPF
സഞ്ജുവിനെ നിലനിര്ത്തിയെങ്കിലും സൂപ്പര് താരം ജോസ് ബട്ലറടക്കമുള്ള താരങ്ങളെ രാജസ്ഥാന് കൈവിട്ടത് ആരാധകരെ ഞെട്ടിച്ചിരുന്നു. ബട്ലര്ക്ക് പുറമെ രവിചന്ദ്രന് അശ്വിന്, യുസ്വേന്ദ്ര ചഹല് എന്നിവരെയും നിലനിര്ത്താന് റോയല്സിന് സാധിച്ചില്ല. ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളെ കൈവിട്ടതില് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ടീമിന്റെ മുഖ്യപരിശീലകന് രാഹുല് ദ്രാവിഡ്.
ഈ താരങ്ങള് ഇത്തവണ ടീമിനൊപ്പം വേണ്ടെന്ന തീരുമാനമെടുത്തത് ബുദ്ധിമുട്ടായിരുന്നുവെന്നാണ് ദ്രാവിഡ് പറയുന്നത്. പരമാവധി താരങ്ങളെ നിലനിര്ത്താനായിരുന്നു ആഗ്രഹം. രാജസ്ഥാന്റെ നിലനിര്ത്തലില് ക്യാപ്റ്റന് സഞ്ജു സാംസണിന്റെ പങ്കും കോച്ച് ദ്രാവിഡ് വ്യക്തമാക്കി.
'ഈ നിലനിര്ത്തലുകളില് ക്യാപ്റ്റന് സഞ്ജുവിന് വലിയ പങ്കുണ്ട്. ഈ തീരുമാനത്തിലെത്താന് അദ്ദേഹവും ഒരുപാട് ബുദ്ധിമുട്ടുകള് നേരിട്ടു. ഒരു ക്യാപ്റ്റനെന്ന നിലയില് ഈ കളിക്കാരുമായി സഞ്ജു ഒരുപാട് ബന്ധങ്ങള് കെട്ടിപ്പടുത്തിട്ടുണ്ട്. ഞങ്ങള്ക്ക് നിലനിര്ത്താന് കഴിയാത്ത കളിക്കാരെ ഓര്ത്ത് ഞങ്ങള്ക്ക് വളരെ സങ്കടമുണ്ട്. കഴിഞ്ഞ അഞ്ച് വര്ഷത്തോളമായി സഞ്ജു ഈ കളിക്കാര്ക്കൊപ്പം പ്രവര്ത്തിച്ചിട്ടുണ്ട്', ദ്രാവിഡ് പറഞ്ഞു.
'താരങ്ങളുടെ നിലനിര്ത്തലുകളെകുറിച്ച് സഞ്ജുവും ഞങ്ങളും ഒരുപാട് ചര്ച്ച ചെയ്തിട്ടുണ്ട്. ഈ തീരുമാനത്തിലെത്തിയത് എളുപ്പമുള്ള കാര്യമായിരുന്നില്ല. ഈ കാര്യത്തെ കുറിച്ച് ഞങ്ങള്ക്കിടയില് തന്നെ ധാരാളം സംവാദങ്ങള് ഉണ്ടായിരുന്നു. എന്നാല് അവസാനം കഴിയുന്നത്ര താരങ്ങളെ നിലനിര്ത്താന് സാധിച്ചതില് ഞങ്ങള്ക്കുള്ള ടീമില് ഞങ്ങള് സന്തുഷ്ടരാണ്', ദ്രാവിഡ് കൂട്ടിച്ചേര്ത്തു.
സഞ്ജുവിനും ജയ്സ്വാളിനും 18 കോടി വീതം നൽകി ടീമിനൊപ്പം നിർത്തിയപ്പോൾ ജോസ് ബട്ലറെ ലേലത്തിൽ വിടാനാണ് ടീം തീരുമാനിച്ചത്. ആറ്താരങ്ങളെ നിലനിർത്തിയതിനാൽ ലേലത്തിൽ ബട്ലര്ക്കു വേണ്ടി ആർടിഎം ഉപയോഗിക്കാനും രാജസ്ഥാന് സാധിക്കില്ല. സഞ്ജു സാംസൺ (18 കോടി), യശസ്വി ജയ്സ്വാൾ (18 കോടി),റിയാൻ പരാഗ് (14 കോടി),ധ്രുവ് ജുറെൽ (14 കോടി),ഷിമ്രോൺ ഹെറ്റ്മെയർ (11 കോടി),സന്ദീപ് ശർമ (4 കോടി) എന്നിവരെയാണ് അടുത്ത സീസണിലേക്ക് രാജസ്ഥാൻ റോയൽസ് നിലനിർത്തിയിട്ടുള്ളത്. പരിക്കിന്റെ പിടിയിലായ ജോസ് ബട്ലറെ നിലനിർത്തിയാലും കളിപ്പിക്കാൻ സാധിക്കുമോയെന്ന് റോയൽസ് ക്യാംപിൽ ആശങ്കകളുണ്ടായിരുന്നു. കഴിഞ്ഞ ട്വന്റി20 ലോകകപ്പിലാണ് ബട്ലർ ഇംഗ്ലണ്ടിനായി ഒടുവിൽ കളിച്ചത്.
മെഗാലേലത്തിൽ ബട്ലർക്ക് പകരം മികച്ചൊരു ഓപ്പണിങ് ബാറ്ററെ കണ്ടെത്തുകയെന്നതാകും രാജസ്ഥാന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ആറ് താരങ്ങളെ ഇതിനകം തന്നെ നിലനിർത്തിയതിനാൽ രാജസ്ഥാൻ റോയൽസിന് ഇനി 41 കൂടിയേ ബാക്കിയുള്ളൂ., നിലവിൽ റീട്ടെൻഷൻ കഴിഞ്ഞപ്പോൾ ഏറ്റവും കുറവ് തുക ബാക്കിയുള്ളത് രാജസ്ഥാൻ റോയൽസിനാണ്. മികച്ച ഒരു ഓപ്പണറെ ലേലത്തിൽ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ യശസ്വി ജയ്സ്വാളിനൊപ്പം ക്യാപ്റ്റൻ സഞ്ജു സാംസൺ തന്നെ ഓപ്പണറായി ഇറങ്ങേണ്ടിവരും. രാജസ്ഥാന് വേണ്ടി ഓപ്പണറുടെ റോളിൽ മുമ്പ് തിളങ്ങിയിട്ടുള്ള താരമാണ് സഞ്ജു. അങ്ങനെയെങ്കിൽ ബിഗ് ഇന്നിങ്സുകൾ കളിക്കാനും കൂടുതൽ പന്തുകൾ കളിക്കാനും സഞ്ജുവിന് അവസരമൊരുങ്ങും.
Content Highlights: IPL 2025 Retention: Rahul Dravid Explains Sanju Samson's Role In Ashwin, Chahal, Buttler Snub from RR