'ഇനിയും വർഷങ്ങളോളം ക്രിക്കറ്റ് കളിക്കാൻ സാധിക്കും'; 2025 ഐപിഎല്ലിൽ ഉണ്ടാകുമെന്ന് സൂചന നൽകി ധോണി

'ഒമ്പത് മാസം ഞാൻ എന്റെ കായികക്ഷമത സൂക്ഷിക്കാനായി ശ്രമിക്കുന്നു'

2025ലെ ഐപിഎല്ലിലും താൻ ഉണ്ടാകുമെന്ന് സൂചന നൽകി ചെന്നൈ സൂപ്പർ കിങ്സ് താരം മഹേന്ദ്ര സിങ് ധോണി. കുറച്ച് വർഷങ്ങൾ‌ക്കൂടി ആസ്വദിക്കാൻ കഴിയാവുന്ന അത്ര ക്രിക്കറ്റ് കളിക്കണം. കായികക്ഷമത കാത്തുസൂക്ഷിക്കാൻ എനിക്ക് കഴിയുന്നുണ്ട്. ചെറുപ്പത്തിൽ ഞാൻ നാല് മണിക്കാണ് ക്രിക്കറ്റ് കളിക്കാൻ പോയിരുന്നത്. എന്നാൽ പ്രൊഫഷണൽ ക്രിക്കറ്റ് വെറുതെ കളിച്ചിട്ട് പോരാൻ സാധിക്കില്ല. ചെറുപ്പത്തിലെ പോലെ ക്രിക്കറ്റ് ആസ്വദിക്കുകയാണ് എനിക്ക് ഇപ്പോൾ വേണ്ടത്. അതൊരിക്കലും എളുപ്പമല്ല. കാരണം ടീമിനോടുള്ള പ്രതിബന്ധതകൾ നിലനിൽക്കുന്നു. എങ്കിലും കുറച്ച് വർഷം കൂടി ക്രിക്കറ്റ് ആസ്വദിക്കണം. റി​ഗി കമ്പനിയുടെ ഒരു പരിപാടിയിൽ സംസാരിക്കവെ മഹേന്ദ്ര സിങ് ധോണി പറഞ്ഞു.

'ഒമ്പത് മാസം ഞാൻ എന്റെ കായികക്ഷമത സൂക്ഷിക്കാനായി ശ്രമിക്കുന്നു. അതുകൊണ്ട് രണ്ടര മാസത്തെ ഐപിഎൽ കളിക്കാൻ എനിക്ക് കഴിയും. കായികക്ഷമത ഞാൻ വളരെ എളുപ്പത്തിലാണ് സൂക്ഷിക്കുന്നത്. ഒരു മാസം 15, 20 അല്ലെങ്കിൽ 25 ദിവസം ഞാൻ കായികക്ഷമത കാത്തുസൂക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തും. അത് തീർച്ചയായും എനിക്ക് ​ഗുണം ചെയ്യുന്നുണ്ട്.', ധോണി വ്യക്തമാക്കി.

കഴിഞ്ഞ ഐപിഎല്ലിന് മുമ്പായി എം എസ് ധോണി ചെന്നൈ സൂപ്പർ കിങ്സിന്റെ നായകസ്ഥാനം രാജിവെച്ചിരുന്നു. ഇതോടെ താരത്തിന്റെ അവസാന ഐപിഎല്ലാണ് കഴിഞ്ഞ വർഷത്തേതെന്ന് വിലയിരുത്തപ്പെട്ടു. എങ്കിലും ധോണിയെ ടീമിൽ നിലനിർത്താൻ ചെന്നൈ മാനേജ്മെന്റ് ശ്രമങ്ങൾ നടത്തി. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് അഞ്ച് വർഷമായ താരങ്ങളെ ആഭ്യന്തര ക്രിക്കറ്റ് താരങ്ങളായി ടീമിൽ നിലനിർത്താമെന്ന് ബിസിസിഐയും തീരുമാനം എടുത്തു. ഇതോടെ കുറഞ്ഞ തുകയ്ക്ക് ധോണിയെ നിലനിർത്താൻ ചെന്നൈയ്ക്ക് അവസരം ഒരുങ്ങി. എങ്കിലും ധോണിയുടെ ഫൈനൽ സ്ഥിരീകരണത്തിനായി ചെന്നൈ സൂപ്പർ കിങ്സ് കാത്തിരിക്കുകയാണ്.

Content Highlights: Dhoni hints will play IPL 2025 by few years of cricket remains in him

To advertise here,contact us