അവിശ്വസനീയം! ചിന്നസ്വാമിയെ ആവേശത്തിലാക്കി സര്‍ഫറാസിന്റെ റാംപ് ഷോട്ട്, വൈറലായി വീഡിയോ

ബെംഗളൂരുവില്‍ സെഞ്ച്വറി നേടിയാണ് സര്‍ഫറാസ് ഇന്ത്യയ്ക്കായി നിര്‍ണായക പ്രകടനം കാഴ്ച വെച്ചത്.

ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പ്രതിസന്ധിയിലായ ഇന്ത്യയെ കൈപിടിച്ചുയർത്തിയ താരമാണ് സർഫറാസ് ഖാന്‍. ബെംഗളൂരുവില്‍ സെഞ്ച്വറി നേടിയാണ് സര്‍ഫറാസ് ഇന്ത്യയ്ക്കായി നിര്‍ണായക പ്രകടനം കാഴ്ച വെച്ചത്. കേവലം 110 പന്തുകളിലാണ് സര്‍ഫറാസ് മൂന്നക്കം തികച്ചത്. അന്താരാഷ്ട്ര ടെസ്റ്റ് കരിയറിലെ കന്നി സെഞ്ച്വറിയാണ് സർഫറാസ് അടിച്ചെടുത്തത്.

മത്സരത്തിന്റെ മൂന്നാം ദിനം ന്യൂസിലാന്‍ഡിനെതിരെ സര്‍ഫറാസ് ഉതിർത്ത ഒരു റാംപ് ഷോട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. വില്യം ഒറൂര്‍ക്കിനെയാണ് റാംപ് ഷോട്ടിലൂടെ സര്‍ഫറാസ് ബൗണ്ടറി കടത്തിയത്. ഇന്ത്യന്‍ ഇന്നിങ്‌സിലെ 27-ാം ഓവറിലാണ് സര്‍ഫറാസില്‍ നിന്ന് എല്ലാവരേയും അമ്പരപ്പിച്ച റാംപ് ഷോട്ട് പിറന്നത്.

ഒറൂര്‍ക്ക് എറിഞ്ഞ പേസി ബൗണ്‍സര്‍ സര്‍ഫറാസ് അതിഗംഭീരമായി കൈകാര്യം ചെയ്തു. പന്തിനെ കൃത്യമായി നിരീക്ഷിച്ച സര്‍ഫറാസ് പുറകിലോട്ട് നന്നായി വളഞ്ഞ് ഇരുന്നാണ് ബാറ്റുവീശിയത്. അവിശ്വസനീയമായ ഷോട്ട് ബൗണ്ടറി തൊട്ടതും ചിന്നസ്വാമി സ്‌റ്റേഡിയം ആവേശത്തോടെ ആര്‍ത്തുവിളിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Wood's got pace? Sarfaraz has the answer 😎#IDFCFirstBankTestSeries #BazBowled #INDvENG #JioCinemaSport pic.twitter.com/htRkcp57X1

മത്സരത്തിന്റെ മൂന്നാം ദിനം വിരാട് കോഹ്‌ലിക്കൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ താരത്തിന് സാധിച്ചിരുന്നു. കോഹ്ലി പുറത്തായിട്ടും കരുതലോടെ തന്റെ ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയ സര്‍ഫറാസ് അതിവേഗം തന്റെ നാലാമത്തെ അര്‍ദ്ധ സെഞ്ച്വറി നേടി.

നാലാം ദിനം 70 റണ്‍സുമായി ബാറ്റിങ് പുനഃരാരംഭിച്ച സര്‍ഫറാസ് അതിവേഗം മൂന്നക്കം തികച്ചു. ബെംഗളൂരുവില്‍ കിവികള്‍ ഉയര്‍ത്തിയ 356 റണ്‍സിന്റെ കൂറ്റന്‍ ഇന്നിങ്‌സ് ലീഡ് മറികടക്കാനിറങ്ങിയ ഇന്ത്യയ്ക്ക് നിര്‍ണായകമാണ് സര്‍ഫറാസിന്റെ സെഞ്ച്വറി. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ പ്രതിസന്ധിയില്‍ നില്‍ക്കേ നാലാമനായാണ് സര്‍ഫറാസ് ക്രീസിലെത്തിയത്. തന്റെ നാലാമത്തെ ടെസ്റ്റില്‍ നിന്ന് കന്നി സെഞ്ച്വറി കണ്ടെത്താനും സര്‍ഫറാസിന് സാധിച്ചു.

Content Highlights: IND vs NZ: Sarfaraz Khan's unreal ramp-shot draws roar from Bengaluru crowd, Video goes Viral

To advertise here,contact us