ഗ്രൂപ്പ് എയിൽ ഇനി നേരിടാനുള്ളത് വമ്പന്മാരെ; ഇന്ത്യൻ വനിതാ ടീമിന്റെ സെമി സാധ്യതകൾ ഇങ്ങനെ

മികച്ച ടീമുണ്ടായിട്ടും ഏകദിനത്തിലോ കുട്ടിക്രിക്കറ്റിലോ ഇത് വരെ ഒരു കിരീടം പോലും നേടാൻ കഴിയാത്ത ടീമാണ് ഇന്ത്യയുടെ വനിതാ ടീം

മികച്ച ടീമുണ്ടായിട്ടും ഏകദിനത്തിലോ കുട്ടിക്രിക്കറ്റിലോ ഇത് വരെ ഒരു കിരീടം പോലും നേടാൻ കഴിയാത്ത ടീമാണ് ഇന്ത്യയുടെ വനിതാ ടീം. ടി20 ലോകകപ്പ് ചരിത്രത്തിൽ 2020ൽ രണ്ടാം സ്ഥാനത്തെത്തിയതാണ് ഏറ്റവും വലിയ നേട്ടം. 2009 മുതൽ തുടങ്ങിയ ലോകകപ്പ് പതിപ്പിൽ നാല് തവണ സെമി ഫൈനലിസ്റ്റുകളാവാനും കഴിഞ്ഞിട്ടുണ്ടെങ്കിലും കിരീടം ഇപ്പോഴും ടീമിന് കിട്ടാക്കനിയാണ്. ഇങ്ങനെ പല സമയത്ത് പല രീതിയിൽ കയ്യെത്തും ദൂരത്ത് നഷ്ടമായ ലോകകിരീടം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഹർമൻപ്രീത് കൗറും സംഘവും ഇത്തവണ ദുബായിലെത്തിയത്.

എന്നാല്‍ ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ തന്നെ ന്യൂസിലൻഡിനെതിരെ 58 റണ്‍സിന്റെ വലിയ തോല്‍വിയാണ് ടീമിന് വഴങ്ങേണ്ടി വന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും താരങ്ങളുടെ പ്രകടനം ശരാശരിക്കും താഴെയായി. ഓസ്‌ട്രേലിയയടക്കമുള്ള വമ്പന്മാരുടെ മരണഗ്രൂപ്പിൽ പെട്ട ഇന്ത്യയ്ക്ക് അതോടെ സെമി ഫൈനൽ പ്രവേശനം പോലും പ്രതീക്ഷകൾക്കപ്പുറത്തായി. രണ്ടാം മത്സരത്തിൽ പാകിസ്താനെ തോൽപ്പിച്ച് വിലപ്പെട്ട രണ്ട് പോയിന്റ് സ്വന്തമാക്കിയെങ്കിലും നെറ്റ് റൺറേറ്റ് ഉയർത്താൻ ടീമിനായില്ല. വലിയ വിജയം സ്വന്തമാക്കാൻ കഴിയാത്തത് കൊണ്ട് തന്നെ നെറ്റ് റൺ റേറ്റ് ഇപ്പോഴും -1.217 ലാണുള്ളത്. നിലവില്‍ ന്യൂസിലൻഡ്, ഓസ്ട്രേലിയ, പാകിസ്താൻ എന്നീ ടീമുകള്‍ക്ക് പിന്നിലായി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ.

ഇരു ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നവർക്ക് മാത്രമാണ് സെമിയിലേക്ക് കടക്കാനാകുക. ഇന്ത്യയുടെ ഇനിയുള്ള രണ്ട് മത്സരങ്ങള്‍ ഓസ്ട്രേലിയയും ശ്രീലങ്കയും തമ്മിലാണ്. ഈ രണ്ട് മത്സരങ്ങളിൽ വിജയിച്ചാൽ പോലും നെറ്റ് റൺ റേറ്റിൽ മികവ് പുലർത്താൻ കഴിഞ്ഞില്ലെങ്കിൽ ഇന്ത്യ സെമിയിൽ നിന്ന് പുറത്താകും. എന്നാൽ അവശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ഇന്ത്യ വിജയിക്കുകയും ന്യൂസിലൻഡ് ഓസ്ട്രേലിയയെ പരാജയപ്പെടുത്തുകയും ചെയ്താല്‍ ആറ് പോയിന്റോടെ ഇന്ത്യയ്ക്ക് സെമിയിലേക്ക് കടക്കാനാകും. ആ സമയത്തും പാകിസ്താന്റെ മത്സരഫലം നിർണ്ണായകമാകും.

പാകിസ്താനും ഇന്ത്യയും അവശേഷിക്കുന്ന മത്സരങ്ങളെല്ലാം വിജയിക്കുകയും ന്യൂസിലൻഡ് ഓസ്ട്രേലിയയെ പരാജയപ്പെടുത്തുകയും ചെയ്താല്‍ മൂന്ന് ടീമുകള്‍ക്ക് ആറ് പോയിന്റ് വീതമാകും. ഈ സാഹചര്യത്തില്‍ നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തിലാകും സെമി ഫൈനല്‍ യോഗ്യത നിർണയിക്കുക.അതേ സമയം ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തുകയും ഓസ്ട്രേലിയയോട് തോല്‍ക്കുകയും ചെയ്യുകയാണെങ്കില്‍ മറ്റ് മത്സരഫലങ്ങളെ ആശ്രയിച്ചായിരിക്കും സാധ്യതകള്‍.

To advertise here,contact us