അവിശ്വസനീയം ഈ ബൗളിംഗ്; ഹാരി ബ്രൂക്കിനെ വീഴ്ത്തി മിച്ചൽ സ്റ്റാർക്കിന്റെ യോർക്കർ

ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലാണ് സ്റ്റാർക് വിസ്മയിപ്പിക്കുന്ന ബൗളിം​ഗ് പ്രകടനം പുറത്തെടുത്തത്

ക്രിക്കറ്റിൽ വീണ്ടും വിസ്മയം ജനിപ്പിച്ച് ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിന്റെ ബൗളിം​ഗ്. ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലാണ് സ്റ്റാർക് വിസ്മയിപ്പിക്കുന്ന ബൗളിം​ഗ് പ്രകടനം പുറത്തെടുത്തത്. ലെ​ഗ് സൈഡിൽ വന്ന യോർക്കറിൽ ഇം​ഗ്ലണ്ട് ക്യാപ്റ്റൻ കൂടിയായിരുന്ന ഹാരി ബ്രൂക്കിന് കളിക്കാൻ കഴിഞ്ഞില്ല. പന്ത് ബ്രൂക്കിന്റെ പാഡിൽ തട്ടിയതോടെ സ്റ്റാർക് അപ്പീൽ ചെയ്യുകയും അമ്പയർ ഔട്ട് വിധിക്കുകയും ചെയ്തു. ഹാരി ബ്രൂക്കിന് നാല് റൺസ് മാത്രമാണ് നേടാനായത്.

Back in the 𝒔𝒘𝒊𝒏𝒈 of things 🤩Mitchell Starc with an unplayable in-swinging yorker to dismiss English Captain Brook 👌#ENGvAUSonFanCode pic.twitter.com/WoOQZ9izJc

മത്സരത്തിൽ ഓസ്ട്രേലിയ 68 റൺസിന് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 44.3 ഓവറിൽ 270 റൺ‌സിൽ എല്ലാവരും പുറത്തായി. എന്നാൽ ഇം​ഗ്ലണ്ടിന്റെ മറുപടി 40.2 ഓവറിൽ 202 റൺസിൽ അവസാനിച്ചു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഓസ്ട്രേലിയ ഇപ്പോൾ 2-0ത്തിന് മുന്നിലാണ്.

ടോസ് നേടിയ ഇം​ഗ്ലണ്ട് ബൗളിം​ഗ് തിരഞ്ഞെടുക്കുകയായിരുന്നു. വിക്കറ്റ് കീപ്പർ ബാറ്റർ അലക്സ് ക്യാരി നേടിയ 74 റൺസ് ബലത്തിലാണ് ഓസ്ട്രേലിയ ഭേദപ്പെട്ട സ്കോർ ഉയർത്തിയത്. ഓസ്ട്രേലിയൻ നായകൻ മിച്ചൽ മാർഷ് 60 റൺസെടുത്തു. ഓപണർമാരായ മാറ്റ് ഷോർട്ട്, ട്രാവിസ് ഹെഡ് എന്നിവർ 29 റൺസ് വീതവും നേടി. ഇം​ഗ്ലണ്ട് ബൗളിങ് നിരയിൽ മൂന്ന് വിക്കറ്റെടുത്ത ബ്രെയ്ഡൻ കാഴ്സാണ് തിളങ്ങിയത്. ആദിൽ റഷീദ്, ജേക്കബ് ബെഥൽ, മാത്യൂ പോട്സ് എന്നിവർ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ ഇം​ഗ്ലണ്ട് താരങ്ങൾക്കാർക്കും മികവ് കാട്ടാനായില്ല. 49 റൺസെടുത്ത വിക്കറ്റ് കീപ്പർ ജാമി സ്മിത്താണ് ടോപ് സ്കോറർ. ഓപണർ ബെൻ ഡക്കറ്റ് 32 റൺസെടുത്തു. ആദിൽ റഷീദ് 27, ബ്രെയ്ഡൻ കാഴ്സ് 26, ജേക്കബ് ബെഥൽ 25 എന്നിങ്ങനെയാണ് ഇം​ഗ്ലണ്ട് നിരയിലെ മറ്റ് സ്കോറുകൾ. ഓസ്ട്രേലിയയ്ക്കായി മിച്ചൽ സ്റ്റാർക് മൂന്ന് വിക്കറ്റെടുത്തു. ജോഷ് ഹേസൽവുഡ്, ആരോൺ ഹാർഡി, ​ഗ്ലെൻ മാക്‌സ്‌വെൽ എന്നിവർ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.

To advertise here,contact us