ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന് ഷാന്റോ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം.
രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കാണ് ഇന്ന് തുടക്കമാവുന്നത്. ഗൗതം ഗംഭീറിന്റെ പരിശീലക കരിയറിലെ ആദ്യ ടെസ്റ്റ് മത്സരമാണിത്. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ഇന്ത്യയ്ക്ക് ലീഡുയര്‍ത്താനുള്ള സുവര്‍ണാവസരമാണിത്. അതേസമയം പാകിസ്താനെതിരെ ചരിത്രത്തില്‍ ആദ്യമായി ടെസ്റ്റ് പരമ്പര നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ് ഇന്ത്യയിലെത്തിയിരിക്കുന്നത്.
ആറ് മാസത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ടെസ്റ്റ് മത്സരത്തിന് ഇറങ്ങുന്നത്. ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ ഇതുവരെ പരാജയപ്പെട്ടിട്ടില്ലെന്ന ആത്മവിശ്വാസത്തിലാണ് രോഹിത്തും സംഘവും. കഴിഞ്ഞ 13 ടെസ്റ്റ് മത്സരങ്ങളില്‍ 11 എണ്ണത്തിലും ഇന്ത്യ വിജയിച്ചപ്പോള്‍ രണ്ട് മത്സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു. അതേസമയം പുതിയ ബംഗ്ലാദേശിനെ നിസ്സാരമായി കാണാന്‍ ഇന്ത്യ തയ്യാറാവില്ല.
പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയില്‍ ചരിത്രവിജയം കൊയ്തതിന്റെ ആത്മവിശ്വാസത്തിലാണ് നജ്മുല്‍ ഹുസൈന് ഷാന്റോ നയിക്കുന്ന ബംഗ്ലാദേശ്. പാകിസ്താന്റെ തട്ടകത്തില്‍ നടന്ന രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര തൂത്തൂവാരിയാണ് ബംഗ്ലാദേശിന്റെ വരവ്. ഇന്ത്യയ്ക്കെതിരെ ആദ്യ ടെസ്റ്റ് വിജയം നേടി ചരിത്രം തിരുത്തുകയെന്ന ഉറച്ച ലക്ഷ്യമായിരിക്കും ബംഗ്ലാദേശിനുള്ളത്.
ഇന്ത്യയുടെ പ്ലേയിങ് ഇലവൻ: രോഹിത് ശർമ്മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാൾ, ശുഭ്മാന്‍ ഗിൽ, വിരാട് കോഹ്ലി, കെഎൽ രാഹുൽ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, ആർ അശ്വിൻ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.
ബംഗ്ലാദേശ് പ്ലേയിങ് ഇലവൻ: ഷാദ്മാൻ ഇസ്ലാം, സക്കീർ ഹസൻ, നജ്മുൽ ഹൊസൈൻ ഷാൻ്റോ (ക്യാപ്റ്റന്‍), മോമിനുൾ ഹഖ്, മുഷ്ഫിഖുർ റഹീം, ഷാക്കിബ് അൽ ഹസൻ, ലിറ്റൺ ദാസ്(വിക്കറ്റ് കീപ്പർ), മെഹിദി ഹസൻ മിറാസ്, തസ്കിൻ അഹമ്മദ്, ഹസൻ മഹ്മൂദ്, നഹിദ് റാണ