'ഗില്‍ ഒരു സൂപ്പർ സ്റ്റാറാണ്'; ഇന്ത്യയുടെ അടുത്ത ടി20 ക്യാപ്റ്റനാവുമെന്ന് റെയ്‌ന

2024ലെ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനും 25കാരനായ ഗില്‍ ആയിരുന്നു

ഇന്ത്യയുടെ അടുത്ത ടി20 ക്യാപ്റ്റനാവാന്‍ യുവതാരം ശുഭ്മന്‍ ഗില്‍ യോഗ്യനാണെന്ന് മുന്‍ താരം സുരേഷ് റെയ്‌ന. നിലവില്‍ ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമുകളുടെ വൈസ് ക്യാപ്റ്റനാണ് ശുഭ്മന്‍ ഗില്‍. ഗില്ലിനെ സൂപ്പര്‍ സ്റ്റാറെന്ന് വിശേഷിപ്പിച്ച റെയ്‌ന ബിസിസിഐ ഗില്ലിനെ അടുത്ത ടി20 ക്യാപ്റ്റനാക്കാന്‍ സാധ്യതയുണ്ടെന്ന് അവകാശപ്പെടുകയും ചെയ്തു.

'ഗില്‍ ഒരു സൂപ്പര്‍ സ്റ്റാറാണ്. ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാണ് ഗില്‍. അവനെ കുറിച്ച് മറ്റുള്ളവര്‍ ചിന്തിക്കുന്നതുകൊണ്ടാണ് ഇങ്ങനെ കാണാന്‍ സാധിക്കുന്നത്. 2025 ഐപിഎല്ലില്‍ മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുക്കുകയും ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്താല്‍ ഭാവിയില്‍ ഇന്ത്യയുടെ ക്യാപ്റ്റനാകാന്‍ അദ്ദേഹത്തിന് സാധിക്കും. അവനായിരിക്കും അടുത്ത സൂപ്പർ സ്റ്റാർ', റെയ്ന പറഞ്ഞു.

2024 ജൂലൈയില്‍ സിംബാബ്വെയ്ക്കെതിരായ അഞ്ച് മത്സരങ്ങള്‍ അടങ്ങിയ ടി20 പരമ്പരയിലാണ് ശുഭ്മന്‍ ഗില്‍ ഇന്ത്യന്‍ ദേശീയ ടീമിന്റെ ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ചത്. ഗില്ലിന്റെ നായകത്വത്തില്‍ ഇറങ്ങിയ ഇന്ത്യ 4-1ന് പരമ്പര സ്വന്തമാക്കുകയും ചെയ്തു. 2024ലെ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനും 25കാരനായ ഗില്‍ ആയിരുന്നു.

To advertise here,contact us