ചരിത്രനീക്കവുമായി ഐസിസി; ടി20 ലോകകപ്പ് സമ്മാനത്തുക പുരുഷ, വനിതാ ടീമുകള്‍ക്ക് ഇനി തുല്യം

ഐസിസിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും തുക വനിതാ ചാമ്പ്യന്മാര്‍ക്ക് നല്‍കുന്നത്

ചരിത്രപരമായ തീരുമാനവുമായി ഐസിസി. പുരുഷ, വനിതാ ട്വന്റി20 ലോകകപ്പ് വിജയികള്‍ക്കുള്ള സമ്മാനത്തുക തുല്യമാക്കികൊണ്ടുള്ള തീരുമാനമെടുത്തിരിക്കുകയാണ് ഐസിസി. അടുത്ത മാസം ആരംഭിക്കുന്ന വനിതാ ലോകകപ്പ് മുതലാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്. വനിതാ ടി20 ലോകകപ്പ് വിജയികള്‍ക്ക് 2.34 മില്യണ്‍ ഡോളര്‍ (19.5 കോടി രൂപ) സമ്മാനമായി നല്‍കുമെന്ന് ഐസിസി പ്രസ്താവനയിലൂടെ അറിയിച്ചു.

ഐസിസിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും തുക വനിതാ ചാമ്പ്യന്മാര്‍ക്ക് നല്‍കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് പുരുഷ ടീമിന് തുല്യമായി വനിതാ ടീമുകള്‍ക്കും സമ്മാനത്തുക ലഭിക്കുകയെന്ന പ്രത്യേകതയും ഉണ്ട്. ഇതോടെ പുരുഷന്മാരുടെയും സ്ത്രീകളുടെയും ലോകകപ്പുകളില്‍ തുല്യ സമ്മാനത്തുക നല്‍കുന്ന ഏക കായിക ഇനമായി മാറിയിരിക്കുകയാണ് ക്രിക്കറ്റ്.

2023 ജൂലൈയില്‍ നടന്ന ഐസിസി വാര്‍ഷിക സമ്മേളനത്തിലായിരുന്നു സമ്മാനത്തുക തുല്യമാക്കാനുള്ള നിര്‍ണായക തീരുമാനമെടുത്തത്. 2030ല്‍ പുതിയ പരിഷ്‌കാരം നടപ്പാക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീടത് നേരത്തെയാക്കാമെന്ന് ഐസിസി നിലപാടെടുക്കുകയായിരുന്നു.

പുതിയ പരിഷ്‌കാരപ്രകാരം 2023 ലോകകപ്പ് ചാമ്പ്യന്മാരെക്കാളും 134 ശതമാനം അധിക വരുമാനമാണ് വനിതാ ലോകകപ്പ് വിജയികള്‍ക്ക് ലഭിക്കുക. റണ്ണറപ്പുകള്‍, സെമിഫൈനലിസ്റ്റുകള്‍ എന്നിവര്‍ക്കും പ്രതിഫലത്തില്‍ വര്‍ധനയുണ്ടാകും. റണ്ണേഴ്‌സ് അപ്പിന് 1.17 ലക്ഷം യുഎസ് ഡോളറും മൂന്നാം സ്ഥാനക്കാര്‍ക്ക് 675,000 യുഎസ് ഡോളറുമാണ് സമ്മാനത്തുക ലഭിക്കുക.

ഒക്ടോബര്‍ മൂന്ന് മുതല്‍ 20 വരെയാണ് വനിതാ ടി20 ലോകകപ്പ് പോരാട്ടങ്ങള്‍ നടക്കുക. യുഎഇയും ഷാര്‍ജയുമാണ് ഇത്തവണ ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാകുന്നത്. ഷാര്‍ജ സ്‌റ്റേഡിയത്തില്‍ സ്‌കോട്‌ലന്‍ഡും ബംഗ്ലാദേശും തമ്മിലാണ് ആദ്യ പോരാട്ടം.

To advertise here,contact us