ലോഡ്സിൽ നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് മേൽക്കൈ. മത്സരം രണ്ട് ദിവസം മാത്രം പിന്നിടുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 256 റൺസ് മുന്നിലാണ്. ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 427 റൺസ് അടിച്ചുകൂട്ടി. മറുപടി പറഞ്ഞ ശ്രീലങ്കയ്ക്ക് ഒന്നാം ഇന്നിംഗ്സിൽ നേടാനായത് വെറും 196 റൺസ് മാത്രം. രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ട് മത്സരം ഇന്നത്തേയ്ക്ക് അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 25 റൺസെന്ന നിലയിലാണ്.
മത്സരത്തിന്റെ രണ്ടാം ദിനം ഏഴിന് 358 എന്ന സ്കോറിൽ നിന്നാണ് ഇംഗ്ലണ്ട് ബാറ്റിംഗ് പുഃനരാരംഭിച്ചത്. ഗസ് ആറ്റിൻക്സണിന്റെ സെഞ്ച്വറി മികവിൽ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സിൽ 427 റൺസ് അടിച്ചുകൂട്ടി. 115 പന്തിൽ 14 ഫോറും നാല് സിക്സും സഹിതം 118 റൺസെടുത്താണ് ആറ്റ്കിൻസൺ പുറത്തായത്. ശ്രീലങ്കയ്ക്കായി അസിത ഫെർണാണ്ടോ അഞ്ച് വിക്കറ്റ് വീഴ്ത്തി.
പോപ്പിന്റെ ഉന്നം പിടിച്ചൊരു ത്രോ; ഒന്നാം ഇന്നിംഗ്സിൽ വമ്പൻ ലീഡുമായി ഇംഗ്ലണ്ട്
ആദ്യ ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക കനത്ത തകർച്ചയെയാണ് നേരിട്ടത്. ഏഴാമനായി ക്രീസിലെത്തിയ കാമിൻഡു മെൻഡിസിനാണ് അൽപ്പമെങ്കിലും പിടിച്ചുനിൽക്കാനായത്. 74 റൺസുമായി മെൻഡിൻസ് 10-ാമനായി പുറത്തായി. 231 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയിട്ടും ഇംഗ്ലണ്ട് ശ്രീലങ്കയെ ഫോളോ ഓണിന് അയച്ചില്ല. ഇംഗ്ലണ്ട് നിരയിൽ ക്രിസ് വോക്സ്, ഗസ് ആറ്റ്കിൻസൺ, ഒലി സ്റ്റോൺ, മാത്യൂ പോട്ട്സ് എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.