'കളിക്കാൻ വിളിച്ചാൽ പോയി കളിക്കും, അല്ലെങ്കിൽ അതിന് വേണ്ട പണി നോക്കും'; സഞ്ജു സാംസൺ

ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലേക്കും മാറാനാണ് ശ്രമമെന്നും സഞ്ജു സാംസൺ പറഞ്ഞു

കൊച്ചി: കളിക്കാൻ വിളിച്ചാൽ പോയി കളിക്കുമെന്നും അല്ലെങ്കിൽ കളിക്കാൻ വിളിക്കുന്നതിന് വേണ്ടിയുള്ള പണി നോക്കുമെന്നും സഞ്ജു സാംസൺ. 'മൂന്ന് ഫോർമാറ്റിലേക്കും മാറാനാണ് ശ്രമം, ഐപിഎല്ലും ശേഷം നടന്ന ടി 20 ലോകകപ്പും ശേഷം നടന്ന രണ്ട് പരമ്പരകളും വലിയ അനുഭവങ്ങളായിരുന്നു. അവസാന മത്സരങ്ങളിൽ തിളങ്ങാനായില്ല, എന്നാൽ എപ്പോഴും മികച്ച നിലയില് കളിക്കാൻ ശ്രമിക്കും', കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ച് ഇന്ത്യയുടെ മലയാളി ക്രിക്കറ്റ് താരം പറഞ്ഞു.

'വേൾഡ് കപ്പ് ജയിച്ചപ്പോഴാണ് ഇന്ത്യൻ ക്രിക്കറ്റർ എന്നത് ചെറിയ കാര്യമല്ലെന്ന് മനസ്സിലായതെന്നും ഇന്ത്യയുടെ സഞ്ജു സാംസൺ പറഞ്ഞു. രഞ്ജി ട്രോഫിയിൽ കളിക്കണമെന്ന് ചെറുപ്പത്തിൽ വലിയ ആഗ്രഹമുണ്ടായിരുന്നെന്നും ആ ആഗ്രഹം വേൾഡ് കപ്പ് നേടുന്ന ടീമിലെത്തിച്ചുവെന്നും സഞ്ജു പറഞ്ഞു. ആ യാത്ര സ്വപ്ന തുല്യവും അവിസ്മരണീയവുമാണെന്നും സഞ്ജു കൂട്ടിച്ചേർത്തു. 'ന്യൂസിലാൻഡ് മുതൽ വെസ്റ്റ്ഇൻഡീസ് വരെ പോകുമ്പോഴും അവിടെ കളി കാണാനും പിന്തുണ നൽകാനും മലയാളികളുണ്ടാകും, കേരളത്തിന്റെ ഈ പിന്തുണ ഡ്രസിങ് റൂമിൽ വരെ ചർച്ചയായിരുന്നു. 'എടാ മോനെ കളിയടാ' എന്ന ഗ്യാലറിയിൽ നിന്നുള്ള ഒറ്റ ഡയലോഗിൽ പേടിയും ടെൻഷനുമെല്ലാം പോയി കിട്ടും, സഞ്ജു കൂട്ടിച്ചേർത്തു.

'വേൾഡ് കപ്പ് ജയിച്ചപ്പോഴാണ് ഇന്ത്യൻ ക്രിക്കറ്റർ എന്നത് ചെറിയ കാര്യമല്ലെന്ന് മനസ്സിലായത്'; സഞ്ജു

To advertise here,contact us