കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില് ഇന്ത്യയ്ക്ക് 231 റണ്സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ലങ്ക നിശ്ചിത 50 ഓവറില് എട്ട് വിക്കറ്റ് നഷ്ടത്തില് 230 റണ്സ് നേടി. പതും നിസ്സങ്കയുടെയും ദുനിത് വെല്ലാലഗെയുടെയും അര്ദ്ധ സെഞ്ച്വറിയാണ് ലങ്കയ്ക്ക് തുണയായത്. ഓപ്പണറായി ഇറങ്ങിയ നിസ്സങ്ക 75 പന്തില് 56 റണ്സ് നേടി. 65 പന്തില് പുറത്താകാതെ 67 റണ്സ് അടിച്ചെടുത്ത വെല്ലാലഗെയാണ് ശ്രീലങ്കയെ വലിയ തകര്ച്ചയില് നിന്ന് കരകയറ്റിയത്. ഇന്ത്യയ്ക്ക് വേണ്ടി അര്ഷ്ദീപ് സിങ്ങും അക്സര് പട്ടേലും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.
കൊളംബോയിലെ ആര് പ്രേമദാസ സ്റ്റേഡിയത്തില് ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. 24 ഓവര് പൂര്ത്തിയാകുന്നതിന് മുന്നേ നാല് വിക്കറ്റുകള് ലങ്കയ്ക്ക് നഷ്ടമായി. ഒരുവശത്ത് വിക്കറ്റുകള് വീണുകൊണ്ടിരിക്കുമ്പോഴും ലങ്കയ്ക്ക് പ്രതീക്ഷയേകി ഓപ്പണര് പതും നിസ്സങ്ക പിടിച്ചുനിന്നു. ടീം സ്കോര് 100 കടത്തിയാണ് നിസ്സങ്ക മടങ്ങിയത്.
തുടര്ന്ന് ക്രീസിലെത്തിയ വെല്ലാലഗെയും ക്രീസിലുറച്ചതോടെ ലങ്ക വലിയ തകര്ച്ചയില് നിന്ന് കരകയറി. വനിന്ദു ഹസരങ്ക (24), ജനിത് ലിയനാഗെ (20), അകില ധനഞ്ജയ (17), വിക്കറ്റ് കീപ്പര് കുശാല് മെന്ഡിസ് (14), ക്യാപ്റ്റന് ചരിത് അസലങ്ക (14) എന്നിവര് മാത്രമാണ് പിന്നീട് രണ്ടക്കം കടന്നത്. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജ്, ശിവം ദുബെ, കുല്ദീപ് യാദവ്, വാഷിങ്ടണ് സുന്ദര് എന്നിവര് ഓരോ വിക്കറ്റ് വീതം വീഴ്ത്തി.