'കോച്ചും മാറി ക്യാപ്റ്റനും മാറി, മാറാത്തത് സഞ്ജുവിനോടുള്ള അവഗണന മാത്രം'; പ്രതികരിച്ച് സോഷ്യല്‍ മീഡിയ

ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലും സഞ്ജുവിന്റെ സ്ഥാനം ഡഗ്ഗൗട്ടില്‍ തന്നെയാണ്

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20 മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ് പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിക്കാത്തതില്‍ പ്രതികരിച്ച് സോഷ്യല്‍ മീഡിയ. ഇന്ത്യന്‍ പരിശീലകനായി ഗൗതം ഗംഭീറിന്റെയും ടി20യില്‍ മുഴുവന്‍ സമയ ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിന്റെയും ആദ്യ മത്സരത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് സഞ്ജു സാംസണ്‍ ഇല്ലാത്തതാണ്. ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലും സഞ്ജുവിന്റെ സ്ഥാനം ഡഗ്ഗൗട്ടില്‍ തന്നെയാണ്.

പരിശീലകനും നായകനും മാറിയിട്ടും സഞ്ജു സാംസണോടുള്ള അവഗണനയില്‍ മാത്രമാണ് മാറ്റമില്ലാത്തത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ സഞ്ജുവിന് പകരം റിഷഭ് പന്തിന് തന്നെയാണ് വിക്കറ്റ് കീപ്പറായി ടീമിലിടം നല്‍കിയത്. ടി20 ലോകകപ്പില്‍ ടീമിലുണ്ടായിരുന്നെങ്കിലും സഞ്ജുവിന് ഒറ്റ മത്സരത്തില്‍ പോലും കളത്തിലിറങ്ങാനായിരുന്നില്ല.

സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാണ്. 'കോച്ചും മാറി നായകനും മാറി. മാറ്റമില്ലാത്തത് ഈ മനുഷ്യന് ലഭിക്കുന്ന അവഗണനയ്ക്ക് മാത്രമാണെ'ന്നാണ് ഒരു പോസ്റ്റ്. 'വാട്ടര്‍ ബോയ് സഞ്ജു സാംസണ്‍ വീണ്ടുമെത്തി' എന്നും മറ്റൊരു പോസ്റ്റ് ഉണ്ട്.

ശ്രീലങ്കയിലെ പല്ലേക്കല്ലെ സ്റ്റേഡിയത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. ടോസ് നേടിയ ലങ്കന്‍ ക്യാപ്റ്റന്‍ ചരിത് അസലങ്ക ആദ്യം ഫീല്‍ഡിങ് തിരഞ്ഞെടുത്തു. സഞ്ജുവിന് പുറമെ ഖലീല്‍ അഹമ്മദ്, ശിവം ദുബെ വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെ പുറത്തിരുത്തിയാണ് ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങിയത്.

To advertise here,contact us