കൊളംബോ: വനിതാ ഏഷ്യാ കപ്പില് ഇന്ത്യ സെമി ഫൈനലില്. നേപ്പാള് വനിതകളെ 82 റണ്സിന് കീഴടക്കിയാണ് ഇന്ത്യന് വനിതകള് സെമി ബെര്ത്ത് ഉറപ്പിച്ചത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില് മൂന്ന് വിക്കറ്റ് നഷ്ടത്തില് 178 റണ്സ് നേടിയപ്പോള് നേപ്പാളിന്റെ മറുപടി 20 ഓവറില് ഒന്പത് വിക്കറ്റ് നഷ്ടത്തില് 96 റണ്സില് അവസാനിച്ചു. തുടര്ച്ചയായ മൂന്നാം വിജയത്തോടെ ആധികാരികമായാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ മുന്നേറുന്നത്.
ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഓപ്പണര് ഷഫാലി വര്മ്മയുടെ അര്ദ്ധ സെഞ്ച്വറിക്കരുത്തിലാണ് മികച്ച ടോട്ടലിലെത്തിയത്. 48 പന്തില് 12 ബൗണ്ടറിയും ഒരു സിക്സും സഹിതം 81 റണ്സ് അടിച്ചുകൂട്ടിയാണ് ഷഫാലി പുറത്തായത്. ഓപ്പണിങ് വിക്കറ്റില് ഷഫാലി- ദയലന് ഹേമലത സഖ്യം സെഞ്ചറി കൂട്ടുകെട്ടുയര്ത്തി ഇന്ത്യയെ മുന്നോട്ടുനയിച്ചു. 14 ഓവറില് 122 റണ്സ് അടിച്ചുകൂട്ടാന് ഇരുവര്ക്കും സാധിച്ചു. ഹേമലത 42 പന്തില് അഞ്ച് ഫോറും ഒരു സിക്സും സഹിതം 47 റണ്സെടുത്തു.
𝙄𝙣𝙩𝙤 𝙩𝙝𝙚 𝙎𝙚𝙢𝙞𝙨!#TeamIndia continue their winning run in #WomensAsiaCup2024 👏👏Scorecard ▶️ https://t.co/PeRykFLdTV#ACC | #INDvNEP pic.twitter.com/8Eg77qAJOt
വണ്ഡൗണായി എത്തിയ മലയാളി താരം സജ്നയ്ക്ക് അധികനേരം ക്രീസില് തുടരാനായില്ല. 12 പന്തില് ഒരു ബൗണ്ടറിയുള്പ്പെടെ 10 റണ്സെടുത്ത് സജ്ന പുറത്തായി. അവസാന ഓവറുകളില് തകര്ത്തടിച്ച് 15 പന്തില് അഞ്ച് ഫോറുകളോടെ 28 റണ്സെടുത്ത ജമീമ റോഡ്രിഗസാണ് ഇന്ത്യയെ 175 റണ്സ് കടത്തിയത്. റിച്ച ഘോഷ് മൂന്ന് പന്തില് ആറു റണ്സെടുത്ത് പുറത്താകാതെ നിന്നു. നേപ്പാളിനായി സീതാ റാണ മഗര് നാല് ഓവറില് 25 റണ്സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങില് നേപ്പാള് വനിതകള് പൊരുതിനോക്കുകപോലും ചെയ്തില്ല. 22 പന്തില് മൂന്ന് ബൗണ്ടറികളുള്പ്പടെ 18 റണ്സെടുത്ത ഓപ്പണര് സീത റാണയാണ് നേപ്പാളിന്റെ ടോപ് സ്കോറര്. 18 പന്തില് 14 റണ്സെടുത്ത ക്യാപ്റ്റന് ഇന്ദു ബര്മ, 16 പന്തില് 15 റണ്സെടുത്ത റുബീന ഛേത്രി, 19 പന്തില് 17 റണ്സുമായി പുറത്താകാതെ നിന്ന ബിന്ദു റാവല് എന്നിവര് മാത്രമാണ് നേപ്പാള് നിരയില് പിന്നീട് രണ്ടക്കം കടന്നത്.
ഇന്ത്യയ്ക്ക് വേണ്ടി ദീപ്തി ശര്മ്മ മൂന്ന് വിക്കറ്റ് വീഴ്ത്തി. നാല് ഓവറില് 13 റണ്സ് മാത്രം വിട്ടുകൊടുത്തായിരുന്നു ദീപ്തി ശര്മ്മയുടെ വിക്കറ്റ് വേട്ട. രാധാ യാദവും അരുദ്ധതി റെഡ്ഡിയും രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോള് രേണുക സിങ് ഒരു വിക്കറ്റും വീഴ്ത്തി. പരാജയത്തോടെ നേപ്പാളിന്റെ സെമി പ്രതീക്ഷകള് അവസാനിച്ചു.