ജഡേജയെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കിയതല്ല; വ്യക്തമാക്കി അഗാര്‍ക്കര്‍

'ടീം പ്രഖ്യാപനത്തിന് ശേഷം ജഡേജയുടെ അഭാവത്തെക്കുറിച്ച് വിശദീകരണം നല്‍കേണ്ടിവരുമെന്ന് ഞങ്ങള്‍ക്ക് നേരത്തെ അറിയാമായിരുന്നു'

ന്യൂഡല്‍ഹി: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ വെറ്ററന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ഉള്‍പ്പെടുത്താതിരുന്നത് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ലോകകപ്പിന് പിന്നാലെ ട്വന്റി 20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ജഡേജയെ പുതിയ കോച്ച് ഗൗതം ഗംഭീര്‍ തഴഞ്ഞതാണെന്നും അദ്ദേഹത്തിന്റെ കരിയര്‍ ഏറെക്കുറെ അവസാനിച്ചെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ജഡേജയെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിന് വിശദീകരണം നല്‍കി രംഗത്തെത്തിയിരിക്കുകയാണ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍. പരിശീലകന്‍ ഗൗതം ഗംഭീറുമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.

ജഡേജയെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കിയതല്ലെന്നാണ് അഗാര്‍ക്കര്‍ പറയുന്നത്. 'മൂന്ന് ഏകദിനങ്ങള്‍ മാത്രമുള്ള ഒരു ചെറിയ പരമ്പരയില്‍ ജഡേജയെയും അക്‌സറിനെയും ഒരുമിച്ച് കളിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ഞാന്‍ കരുതുന്നത്. രണ്ടുപേരെയും ടീമിലെടുത്താല്‍ ഒരാള്‍ മൂന്ന് മത്സരങ്ങളും കളിക്കില്ല. ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി ജഡ്ഡുവിന്റെ പ്രകടനം നമ്മള്‍ കണ്ടതാണ്. അദ്ദേഹത്തെ ഒരിക്കലും ഒഴിവാക്കിയതല്ല', അഗാര്‍ക്കര്‍ പറഞ്ഞു.

വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരകളില്‍ ജഡേജയ്ക്ക് പ്രധാന റോളുണ്ടാവുമെന്നും അഗാര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു. 'ഒരു വലിയ ടെസ്റ്റ് സീസണാണ് വരാനിരിക്കുന്നത്. ജഡേജയെ കൂടുതല്‍ മത്സരങ്ങളില്‍ പങ്കെടുപ്പിക്കേണ്ടതുണ്ട്. അതിനാല്‍ ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങള്‍ അത്ര പ്രാധാന്യമുള്ളതായി കരുതുന്നില്ല. ടീം പ്രഖ്യാപനത്തിന് ശേഷം ജഡേജയുടെ അഭാവത്തെക്കുറിച്ച് വിശദീകരണം നല്‍കേണ്ടിവരുമെന്ന് ഞങ്ങള്‍ക്ക് നേരത്തെ അറിയാമായിരുന്നു. ജഡേജയെ ഞങ്ങള്‍ ഒഴിവാക്കിയതല്ല. അദ്ദേഹം ഇപ്പോഴും ഞങ്ങളുടെ പദ്ധതികളിലുള്ള പ്രധാന താരം തന്നെയാണ്', അഗാര്‍ക്കര്‍ വ്യക്തമാക്കി.

To advertise here,contact us