'അന്ന് സഞ്ജീവ് ​ഗോയങ്ക കെ എൽ രാഹുലിനോട് പറഞ്ഞത്...'; തുറന്നുപറഞ്ഞ് അമിത് മിശ്ര

കെ എൽ രാഹുലിനെ ലഖ്നൗ ടീമിൽ നിലനിർത്തുന്നതിലും മിശ്ര പ്രതികരണവുമായെത്തി

ലഖ്നൗ: ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 17-ാം പതിപ്പിനിടെ ക്രിക്കറ്റ് ലോകത്ത് ഏറെ വിവാദം സൃഷ്ടിച്ച രംഗമായിരുന്നു സഞ്ജീവ് ​ഗോയങ്ക-കെ എൽ രാഹുൽ ചർച്ച. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ പരാജയപ്പെട്ടതിന് ശേഷം ഡ​ഗ്ഔട്ടിൽ വെച്ച് ലഖ്നൗ സൂപ്പർ ജയന്റ്സ് ഉടമ സഞ്ജീവ് ​ഗോയങ്ക ടീം ക്യാപ്റ്റൻ കെ എൽ രാഹുലിനോട് ദേഷ്യപ്പെടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ഇരുവരും തമ്മിൽ സംസാരിച്ചതിനെക്കുറിച്ച് ഇപ്പോൾ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ലഖ്നൗ താരം അമിത് മിശ്ര.

സഞ്ജീവ് ​ഗോയങ്ക വളരെയധികം നിരാശനായിരുന്നു. തുടർച്ചയായി രണ്ട് മത്സരങ്ങൾ വളരെ മോശമായി പരാജയപ്പെട്ടു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 90-100 റൺസിന് പരാജയപ്പെട്ടു. പിന്നാലെ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 170 റൺസിന്റെ വിജയലക്ഷ്യം 10 ഓവറിൽ അവർ മറികടന്നു. ഒരു പരിശീലന മത്സരംപോലെയാണ് സൺറൈസേഴ്സ് ലഖ്നൗവിനെതിരെ കളിച്ചതെന്ന് തനിക്ക് തോന്നി. ഇത്രയധികം ദേഷ്യം തനിക്ക് തോന്നുന്നുവെങ്കിൽ പണം മുടക്കുന്ന ടീം ഉടമയ്ക്ക് എത്രമാത്രം ദേഷ്യമുണ്ടാവണം

(അമിത് മിശ്ര ചോദിച്ചു)

ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ ബൗളിം​ഗ് വളരെ മോശമായിരുന്നതായി ​ഗോയങ്ക പറഞ്ഞു. കുറച്ചെങ്കിലും പോരാട്ടവീര്യം കാണിക്കണം. ഈ മത്സരങ്ങൾ കണ്ടാൽ ലഖ്നൗ ടീം പൂർണമായും കീഴ്ടങ്ങിയതുപോലെ ​ആയിരുന്നുവെന്നും ​ഗോയങ്ക വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ ആളുകൾ​ഗോയങ്ക-രാഹുൽ വിഷയം കൂടുതൽ വിവാദമാക്കി

(അമിത് മിശ്ര ചൂണ്ടിക്കാട്ടി.)

കെ എൽ രാഹുലിനെ ലഖ്നൗ ടീമിൽ നിലനിർത്തുന്നതിലും മിശ്ര പ്രതികരണവുമായെത്തി.

ഒരു താരത്തെയും നിലനിർത്തുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഒരാൾ ഇന്ത്യൻ ടീമിന്റെ ഭാഗമെന്നതിൽ കാര്യമില്ല. ഏതൊരു താരത്തിനും ട്വന്റി 20 ക്രിക്കറ്റിന്റെ ശൈലി ഉണ്ടായിരിക്കണം. അങ്ങനെയൊരാൾ ടീമിന്റെ ക്യാപ്റ്റനാവണം. തീർച്ചയായും ലഖ്നൗ മികച്ചയൊരു ക്യാപ്റ്റനെ നോക്കുമെന്നത് തനിക്ക് ഉറപ്പാണ്.

(അമിത് മിശ്ര വ്യക്തമാക്കി.)
To advertise here,contact us