ബാര്‍ബഡോസ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നത് ട്വന്റി 20 ലോകകപ്പില്‍ ഒരുപാട് സഹായകരമാകുന്നുണ്ടെന്ന് ഓസീസ് ഓള്‍റൗണ്ടര്‍ മാര്‍കസ് സ്റ്റോയിനിസ്. ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ സ്റ്റോയിനിസിന്റെ ഓള്‍റൗണ്ട് മികവിലാണ് ഒമാനെതിരെ ഓസ്ട്രേലിയ വിജയം സ്വന്തമാക്കിയത്. ലോകകപ്പിലെ ആദ്യ വിജയത്തിന് ശേഷം സംസാരിക്കവേയാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ ഓള്‍റൗണ്ടറായ സ്റ്റോയിനിസ് ഐപിഎല്‍ ചെലുത്തിയ സ്വാധീനം വ്യക്തമാക്കിയത്.
'പത്ത് വര്‍ഷമായി ഞാന്‍ ഐപിഎല്ലില്‍ കളിക്കുന്നുണ്ട്. ഐപിഎല്ലില്‍ ഫിനിഷ് ചെയ്യുമ്പോള്‍ നമ്മള് മികച്ച താരമായി മാറിയെന്ന് തോന്നാറുണ്ട്. ഫോം ഇല്ലെങ്കിലും ഐപിഎല്‍ കഴിയുമ്പോള്‍ നമ്മള് മെച്ചപ്പെട്ടിരിക്കും. ലോകകപ്പില്‍ ഇറങ്ങാന്‍ ഇത് ഒരുപാട് സഹായകരമാകാറുണ്ട്', സ്റ്റോയിനിസ് പറഞ്ഞു.
'ലോകകപ്പ് ഫൈനല്‍ പരാജയം ദുഃസ്വപ്നമല്ലേയെന്ന് ഭാര്യയോട് ചോദിച്ചു'; തുറന്നുപറഞ്ഞ് രോഹിത്
ഐപിഎല്‍ 2024 സീസണില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് വേണ്ടി മിന്നും പ്രകടനം പുറത്തെടുക്കാന്‍ മാര്‍കസ് സ്റ്റോയിനിസിന് സാധിച്ചിരുന്നു. 14 മത്സരങ്ങളില്‍ നിന്ന് 388 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തില്‍ സെഞ്ച്വറിയടിച്ചതാണ് സ്റ്റോയിനിസിന്റെ ഹൈലൈറ്റ് പ്രകടനങ്ങളില്‍ ശ്രദ്ധേയം. 63 പന്തില്‍ പുറത്താകാതെ 124 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ആറ് സിക്സും 13 ബൗണ്ടറിയും അന്ന് സ്റ്റോയിനിസിന്റെ ബാറ്റില്‍ നിന്ന് പിറന്നു.
ഒമാനെതിരായ ലോകകപ്പ് മത്സരത്തില്‍ 39 റണ്‍സിന്റെ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. ബാര്‍ബഡോസില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റെടുത്ത ഓസീസ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് അടിച്ചെടുത്തു. മാര്‍കസ് സ്റ്റോയിനിസ് (36 പന്തില്‍ 67), ഡേവിഡ് വാര്‍ണര്‍ (51 പന്തില്‍ 56) എന്നിവരുടെ ഇന്നിങ്സാണ് ഓസീസ് ഇന്നിങ്സിന് കരുത്തായത്. ഒമാന്റെ മറുപടി ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സില്‍ ഒതുങ്ങി. മൂന്ന് വിക്കറ്റ് വീഴ്ത്തി സ്റ്റോയിനിസ് ബൗളിങ്ങിലും തിളങ്ങി. ആദം സാംപ, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ എല്ലിസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.