ഈഡനിൽ ജയിച്ച് കൊൽക്കത്ത പ്ലേ ഓഫിൽ; വിജയത്തിലെത്താതെ തിലക പോരാട്ടം

കൊൽക്കത്തയ്ക്കായി ആന്ദ്ര റസ്സലും വരുൺ ചക്രവർത്തിയും ഹർഷിത് റാണയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫിൽ. മുംബൈ ഇന്ത്യൻസിനെ 18 റൺസിന് വീഴ്ത്തിയാണ് കൊൽക്കത്ത സീസണിൽ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത ഏഴ് വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തു. മറുപടി പറഞ്ഞ മുംബൈ ഇന്ത്യൻസ് എട്ടിന് 139 റൺസിലൊതുങ്ങി.

മഴമൂലം വൈകി ആരംഭിച്ച മത്സരം 16 ഓവറായി ചുരുക്കിയിരുന്നു. വെങ്കിടേഷ് അയ്യരിന്റെ 42, നിതീഷ് റാണയുടെ 33, ആന്ദ്ര റസ്സലിന്റെ 24, റിങ്കു സിംഗിന്റെ 20 എന്നിവരുടെ സ്കോറുകളാണ് മുംബൈയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. അവസാന നിമിഷം ആഞ്ഞടിച്ച രമൺദീപ് സിംഗ് എട്ട് പന്തില് 17 റണ്സുമായി പുറത്താവാതെ നിന്നു. മുംബൈയ്ക്കായി ജസ്പ്രീത് ബുംറ, പീയൂഷ് ചൗള എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.

മുംബൈയ്ക്കെതിരെ ഗോൾഡൻ ഡക്ക്; നരേന്റെ പേരിൽ നാണക്കേടിന്റെ റെക്കോർഡ്

മറുപടി പറഞ്ഞ മുംബൈ ഇന്ത്യൻസിന് മികച്ച തുടക്കം ലഭിച്ചു. ആദ്യ വിക്കറ്റിൽ 65 റൺസ് പിറന്നു. 22 പന്തിൽ 40 റൺസെടുത്ത ഇഷാൻ കിഷന്റെ വെടിക്കെട്ടാണ് മുംബൈയ്ക്ക് മികച്ച തുടക്കം നൽകിയത്. എന്നാൽ പിന്നീട് വന്നവർക്ക് അധികം പിടിച്ച് നിൽക്കാനായില്ല. അവസാന നിമിഷം തിലക് വർമ്മയുടെ പോരാട്ടം ഉണ്ടായെങ്കിലും വിജയത്തിലേക്ക് എത്തിയില്ല. 17 പന്തിൽ 32 റൺസുമായി തിലക് പുറത്തായി. കൊൽക്കത്തയ്ക്കായി ആന്ദ്ര റസ്സലും വരുൺ ചക്രവർത്തിയും ഹർഷിത് റാണയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

To advertise here,contact us