വിശാഖപട്ടണം: ചെന്നൈ സൂപ്പര് കിങ്സിന് മുന്നില് 192 റണ്സ് വിജയലക്ഷ്യമുയര്ത്തി ഡല്ഹി ക്യാപിറ്റല്സ്. ആദ്യം ബാറ്റുചെയ്ത ഡല്ഹി നിശ്ചിത 20 ഓവറില് അഞ്ച് വിക്കറ്റ് നഷ്ടത്തില് 191 റണ്സ് അടിച്ചുകൂട്ടി. ഡേവിഡ് വാര്ണര് (52), പൃഥ്വി ഷാ (43), റിഷഭ് പന്ത് (51) എന്നിവരുടെ തകര്പ്പന് പ്രകടനമാണ് ഡല്ഹിക്ക് കരുത്തായത്. ചെന്നൈയ്ക്ക് വേണ്ടി മതീഷ പതിരാന മൂന്ന് വിക്കറ്റ് വീഴ്ത്തി.
A ferocious display from our tigers at Vizag ✅🐯Onto our bowlers⏳🤞#YehHaiNayiDilli #IPL2024 #DCvCSK pic.twitter.com/SZJmKpDi6x
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഡല്ഹിക്ക് വെടിക്കെട്ട് തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില് 93 റണ്സ് ചേര്ക്കാന് വാര്ണര്- പൃഥ്വി ഷാ സഖ്യത്തിന് സാധിച്ചു. അര്ദ്ധ സെഞ്ച്വറി നേടി കുതിക്കുകയായിരുന്ന വാര്ണറെ (52) പുറത്താക്കി മുസ്തഫിറാണ് ചെന്നൈയ്ക്ക് ബ്രേക്ക് ത്രൂ നല്കിയത്. 32 പന്തിലാണ് വാര്ണര് അര്ദ്ധ സെഞ്ച്വറി തികച്ചത്. തൊട്ടടുത്ത ഓവറില് പൃഥ്വി ഷായും മടങ്ങി. 27 പന്തില് 43 റണ്സെടുത്ത താരം രവീന്ദ്ര ജഡേജയുടെ പന്തില് ധോണിക്ക് ക്യാച്ച് നല്കി മടങ്ങി.
പിന്നീട് ക്രീസിലെത്തിയ മിച്ചല് മാര്ഷിനേയും (18) ട്രിസ്റ്റണ് സ്റ്റബ്സിനെയും മടക്കി മതീഷ പതിരാന ചെന്നൈയ്ക്ക് ആശ്വാസം നല്കി. വണ്ഡൗണായി ഇറങ്ങിയ ക്യാപ്റ്റന് റിഷഭ് പന്തിന്റെ തകര്പ്പന് ബാറ്റിങ്ങാണ് ഡല്ഹിയെ മുന്നോട്ട് നയിച്ചത്. അര്ദ്ധസെഞ്ച്വറി നേടിയതിന് പിന്നാലെ 19-ാം ഓവറിലാണ് പന്ത് മടങ്ങിയത്. 32 പന്തില് 51 റണ്സെടുത്ത പന്തിനെ മതീഷ പതിരാന റുതുരാജ് ഗെയ്ക്വാദിന്റെ കൈകളിലെത്തിച്ചു. ഏഴ് റണ്സെടുത്ത് അക്സര് പട്ടേലും ഒന്പത് റണ്സെടുത്ത് അഭിഷേക് പോറെലും പുറത്താകാതെ നിന്നു.