ഇന്ത്യയോടും തോറ്റു; പിന്നാലെ ശ്രീലങ്കന് ക്രിക്കറ്റ് ബോര്ഡിന് കിട്ടിയത് എട്ടിന്റെ പണി

ഇന്ത്യയ്ക്കെതിരെ നടന്ന ലോകകപ്പ് മത്സരത്തില് 302 റണ്സിന്റെ കനത്ത പരാജയമാണ് ശ്രീലങ്ക ഏറ്റുവാങ്ങിയത്.

കൊളംബോ: ഏകദിന ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ ശ്രീലങ്കന് ക്രിക്കറ്റ് ബോര്ഡിനെ പിരിച്ചുവിട്ട് സര്ക്കാര്. ഇന്ന് ശ്രീലങ്ക ബംഗ്ലാദേശിനെ നേരിടാനിരിക്കെയാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ടുള്ള വാര്ത്തയെത്തിയത്. ശ്രീലങ്കന് കായിക മന്ത്രി റോഷന് രണസിംഗെ ആണ് ക്രിക്കറ്റ് ബോര്ഡിനെതിരെ കടുത്ത നടപടി സ്വീകരിച്ചത്. അവസാന മത്സരത്തില് ഇന്ത്യയ്ക്കെതിരെ കനത്ത പരാജയമേറ്റുവാങ്ങിയതിന് പിന്നാലെയായിരുന്നു തീരുമാനം.

ശ്രീലങ്കൻ ക്രിക്കറ്റിന് വേണ്ടി കായിക മന്ത്രി റോഷൻ രണസിംഗ ഇടക്കാല സമിതി രൂപീകരിച്ചിട്ടുണ്ട്. മുന് ശ്രീലങ്കന് ക്യാപ്റ്റന് അര്ജുന രണതുംഗയുടെ കീഴിലുള്ള ഇടക്കാല ഭരണസമിതിക്കാണ് പുതിയ ചുമതല നല്കിയത്. 1996ല് ശ്രീലങ്കയ്ക്ക് ആദ്യ ലോകകപ്പ് നേടിക്കൊടുത്ത ടീമിന്റെ ക്യാപ്റ്റനായിരുന്നു രണതുംഗ.

ശ്രീലങ്കന് ക്രിക്കറ്റ് ബോര്ഡിന്റെ സെക്രട്ടറി മോഹന് ഡി സില്വ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. നവംബര് രണ്ടിന് നടന്ന ലോകകപ്പ് മത്സരത്തിലാണ് ശ്രീലങ്ക ഇന്ത്യയോട് 302 റണ്സിന്റെ കനത്ത പരാജയമേറ്റുവാങ്ങിയത്. ലോകകപ്പ് ചരിത്രത്തില് തന്നെ ശ്രീലങ്ക വഴങ്ങുന്ന ഏറ്റവും വലിയ തോല്വിയാണിത്. ഇതിന് പിന്നാലെ ക്രിക്കറ്റ് ബോര്ഡ് ഒന്നടങ്കം രാജിവെക്കണമെന്ന് ശ്രീലങ്കന് കായിക മന്ത്രി പരസ്യമായി ആവശ്യപ്പെട്ടിരുന്നു.

വാംഖഡെയില് ലങ്കാദഹനം 2.0; ചരിത്ര വിജയത്തോടെ ഇന്ത്യ സെമിയില്

വാംഖഡെ സ്റ്റേഡിയത്തില് നടന്ന മത്സരത്തില് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 357 റണ്സെടുത്തപ്പോള് ലങ്കയുടെ മറുപടി ഇന്നിങ്സ് 55 റണ്സില് അവസാനിച്ചു. ശുഭ്മാന് ഗില് (92), വിരാട് കോഹ്ലി (88), ശ്രേയസ് അയ്യര് (82) എന്നിവരുടെ തകര്പ്പന് ഇന്നിങ്സാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിങ്ങില് മുഹമ്മദ് ഷമി അഞ്ച് വിക്കറ്റ് വീഴ്ത്തി ലങ്കയുടെ പതനം പൂര്ണമാക്കി.

നിലവില് ഏഴ് മത്സരങ്ങളില് നിന്ന് നാല് പോയിന്റമായി ലങ്ക ഏഴാം സ്ഥാനത്താണ്. വെറും രണ്ട് കളികളാണ് ലങ്കയ്ക്ക് വിജയിക്കാന് സാധിച്ചത്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളും വിജയിച്ചാല് മാത്രമേ ലങ്കയ്ക്ക് സെമി സാധ്യതയുള്ളൂ. രണ്ട് കളിയിലും ജയിച്ചാല് പോലും ന്യൂസിലന്ഡ്, പാകിസ്താന്, അഫ്ഗാനിസ്ഥാന് എന്നിവരുടെ മത്സരഫലത്തെ ആശ്രയിച്ചാകും ലങ്കയുടെ സാധ്യതകള്. അവസാന മത്സരത്തില് ന്യൂസിലന്ഡാണ് ലങ്കയുടെ എതിരാളികള്.

To advertise here,contact us