സെമി സാധ്യതയ്ക്കായി ലങ്ക ഇന്നിറങ്ങുന്നു; എതിരാളികള് ബംഗ്ലാദേശ്

ന്യൂഡല്ഹിയിലെ അരുണ് ജെയ്റ്റ്ലി സ്റ്റേഡിയത്തില് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് മത്സരം

ന്യൂഡല്ഹി: ലോകകപ്പില് സെമി ഫൈനല് സാധ്യത നിലനിര്ത്താന് ശ്രീലങ്ക ഇന്നിറങ്ങുന്നു. എതിരാളികള് ലോകകപ്പില് നിന്ന് ഇതിനോടകം പുറത്തായ ബംഗ്ലാദേശ്. എങ്കിലും ചാമ്പ്യന്സ് ട്രോഫി യോഗ്യത നേടുന്നതിനായി എട്ടാം സ്ഥാനത്തെങ്കിലും എത്താന് ലക്ഷ്യമിട്ടായിരിക്കും ബംഗ്ലാദേശ് ലങ്കയെ നേരിടാനിറങ്ങുക. ന്യൂഡല്ഹിയിലെ അരുണ് ജെയ്റ്റ്ലി സ്റ്റേഡിയത്തില് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് മത്സരം.

ഇന്ത്യയോട് 302 റണ്സിന്റെ കനത്ത പരാജയമേറ്റുവാങ്ങിയാണ് ലങ്കയുടെ വരവ്. വെറും 55 റണ്സെടുത്താണ് ശ്രീലങ്ക ഓള്ഔട്ടായത്. ആ തോല്വിയുടെ ക്ഷീണം തീര്ക്കാനാണ് സിംഹളപ്പട ബംഗ്ലാദേശിനെതിരെ ഇറങ്ങുക. പ്ലേയിങ് ഇലവനിലുള്ളവര്ക്കും പകരക്കാര്ക്കും പരിക്കേറ്റതാണ് ലങ്കക്ക് തിരിച്ചടിയാവുന്നത്. മികച്ച ഫോമിലുള്ള ദില്ഷന് മധുശങ്കയുടെ ബൗളിങ്ങിലാണ് ലങ്കന് പ്രതീക്ഷ മുഴുവന്.

അതേസമയം ഫോമിലല്ലാത്ത ബാറ്റര്മാരാണ് ബംഗ്ലാദേശിന് തലവേദന സൃഷ്ടിക്കുന്നത്. പവര്പ്ലേയില് തന്നെ വിക്കറ്റുകള് നഷ്ടമാകുന്നതും ബംഗ്ലാദേശിന്റെ പ്രതിസന്ധിയാണ്. ലോകകപ്പില് പ്രതീക്ഷകള് അവസാനിച്ചെങ്കിലും ജയത്തോടെ മടങ്ങാനായിരിക്കും ഷാക്കിബ് അല് ഹസനും സംഘവും ശ്രമിക്കുക.

ഏഴ് മത്സരങ്ങളില് നിന്ന് നാല് പോയിന്റുമായി ഏഴാം സ്ഥാനത്താണ് ശ്രീലങ്ക. ശേഷിക്കുന്ന രണ്ട് മത്സരങ്ങളും വിജയിച്ചാല് മാത്രമേ ലങ്കയ്ക്ക് സെമി സാധ്യതയുള്ളൂ. രണ്ട് കളിയിലും ജയിച്ചാല് പോലും ന്യൂസിലന്ഡ്, പാകിസ്താന്, അഫ്ഗാനിസ്ഥാന് എന്നിവരുടെ മത്സരഫലത്തെ ആശ്രയിച്ചാകും ലങ്കയുടെ സാധ്യതകള്. അവസാന മത്സരത്തില് ന്യൂസിലന്ഡാണ് ലങ്കയുടെ എതിരാളികള്.

To advertise here,contact us