ഡൽഹി: ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനോടും തോൽവി വഴങ്ങി ശ്രീലങ്ക. മൂന്ന് വിക്കറ്റിനാണ് ബംഗ്ലാദേശ് ശ്രീലങ്കയെ തകർത്തത്. ശ്രീലങ്ക ഉയർത്തിയ 280 റൺസിൽ വിജയലക്ഷ്യം വെറും 41 ഓവറിൽ ബംഗ്ലാദേശ് മറികടന്നു. ലോകകപ്പിൽ ബംഗ്ലാദേശിന്റെ രണ്ടാം ജയം മാത്രമാണിത്. മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ഫീൽഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. മുൻ നിരയിൽ പത്തും നിസങ്കയും സദീര സമരവിക്രമയും 41 റൺസ് വീതമെടുത്തതാണ് പ്രധാന നേട്ടങ്ങൾ.
അഞ്ചാമനായി ക്രീസിലെത്തിയ ചരിത് അസലങ്കയുടെ സെഞ്ചുറി ശ്രീലങ്കയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. 105 പന്തിൽ 108 റൺസെടുത്ത അസലങ്ക പുറത്താകുമ്പോൾ ലങ്കൻ സ്കോർ എട്ടിന് 278ലെത്തി. 34 റൺസെടുത്ത ധനഞ്ജയ ഡി സിൽവയും 22 റൺസെടുത്ത മഹേഷ് തീക്ഷണയും അസലങ്കയ്ക്ക് മികച്ച പിന്തുണ നൽകി. 49.3 ഓവറിൽ 279 റൺസിൽ ശ്രീലങ്കൻ ഇന്നിംഗ്സ് അവസാനിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ഒരു താരം ടൈംഡ് ഔട്ടായതും മത്സരത്തിന്റെ പ്രത്യേകതയാണ്. ശ്രീലങ്കൻ ബാറ്റർ എയ്ഞ്ചലോ മാത്യൂസാണ് നാണക്കേടിന്റെ റെക്കോർഡുമായി മടങ്ങിയത്.
മറുപടി ബാറ്റിംഗിൽ നജ്മുൾ ഹൊസ്സൻ ഷാന്റോയും ഷക്കീബ് അൽ ഹസ്സനും ബംഗ്ലാദേശിനെ അനായാസം ജയത്തിലേക്ക് നയിച്ചു. ഷാന്റോ 90ഉം ഷക്കീബ് 82ഉം റൺസെടുത്തു. ഇരുവരുടെയും പ്രകടനം ഒഴിവാക്കിയാൽ ബംഗ്ലാദേശ് നിരയിൽ മറ്റാരും വലിയ സ്കോറുകൾ നേടിയില്ല. രണ്ടിന് 210ൽ നിന്ന് ഏഴിന് 269ലേക്ക് ബംഗ്ലാദേശിനെ ഒതുക്കാനായത് മാത്രമാണ് ശ്രീലങ്കൻ ബൗളർമാരുടെ നേട്ടം.