ബെംഗളൂരു: ലോകകപ്പില് പാകിസ്താന്റെ സെമി സാധ്യതകള് സജീവമാക്കി നിര്ത്താന് ന്യൂസിലന്ഡ് ഒരുക്കിയ 402 റണ്സെന്ന കൂറ്റന് വിജയലക്ഷ്യം മറികടക്കണം. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്ഡ് നിശ്ചിത 50 ഓവറില് ആറ് വിക്കറ്റ് നഷ്ടത്തില് 401 റണ്സ് നേടി. രച്ചിന് രവീന്ദ്രയുടെയും (108) ക്യാപ്റ്റന് കെയ്ന് വില്യംസണിന്റെയും മികച്ച ഇന്നിങ്സിന്റെ കരുത്തിലാണ് കിവീസ് പാകിസ്താനെതിരെ ഹിമാലയന് ടോട്ടല് സ്വന്തമാക്കിയത്. പാകിസ്താന് വേണ്ടി മുഹമ്മദ് വസീം മൂന്ന് വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്ഡിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഓപ്പണര്മാരായ ഡെവോണ് കോണ്വോയും രച്ചിന് രവീന്ദ്രയും തകര്ത്തടിച്ചപ്പോള് ഒന്നാം വിക്കറ്റില് 68 റണ്സ് പിറന്നു. 11-ാം ഓവറിലാണ് ഡെവോണ് കോണ്വോയെ നഷ്ടപ്പെട്ടത്. 39 പന്തില് നിന്ന് 35 റണ്സ് നേടിയ കോണ്വോയെ മടക്കി ഹസന് അലി പാകിസ്താന് ബ്രേക്ക് ത്രൂ നല്കുകയായിരുന്നു. വണ് ഡൗണായി എത്തിയ ക്യാപ്റ്റന് കെയ്ന് വില്യംസണ് രച്ചിന് മികച്ച പിന്തുണ നല്കി ടീമിനെ മുന്നോട്ട് നയിച്ചു. രണ്ടാം വിക്കറ്റില് ഇരുവരും 180 റണ്സ് കൂട്ടിച്ചേര്ക്കാന് ഇരുവര്ക്കും കഴിഞ്ഞു.
എന്നാല് സെഞ്ച്വറി നേടാന് അഞ്ച് റണ്സ് ബാക്കിനില്ക്കേ ക്യാപ്റ്റന് വീണു. 35-ാം ഓവറില് ഇഫ്തിഖര് അഹമ്മദ് ഫഖര് സമാന്റെ കൈകളിലെത്തിച്ച് വില്യംസണിന്റെ പോരാട്ടം അവസാനിപ്പിച്ചു. 79 പന്തുകളില് നിന്ന് രണ്ട് സിക്സും പത്ത് ബൗണ്ടറിയുമടക്കമാണ് വില്യംസണ് 95 റണ്സ് നേടിയത്. തൊട്ടടുത്ത ഓവറില് രച്ചിന് രവീന്ദ്രയ്ക്കും മടങ്ങേണ്ടി വന്നു. ലോകകപ്പിലെ തന്റെ മൂന്നാം സെഞ്ച്വറി നേടിയതിന് പിന്നാലെ രവീന്ദ്രയെ മുഹമ്മദ് വസീം സൗദ് ഷക്കീലിന്റെ കൈകളിലെത്തിക്കുകയായിരുന്നു. 94 പന്തുകളില് നിന്ന് ഒരു സിക്സും 15 ബൗണ്ടറിയുമടക്കം 108 റണ്സായിരുന്നു രവീന്ദ്രയുടെ സമ്പാദ്യം.
പിന്നീടെത്തിയ ഡാരില് മിച്ചലും (18 പന്തില് 29) മാര്ക് ചാപ്മാനും (27 പന്തില് 39) കിവീസ് സ്കോര് 300 കടത്തി. അര്ധ സെഞ്ച്വറി നേടാന് ഒന്പത് റണ്സുകള് ബാക്കി നില്ക്കെ ഗ്ലെന് ഫിലിപ്സും പവലിയനിലെത്തി. വാലറ്റത്ത് ഒരുമിച്ച മിച്ചല് സാന്റ്നറും ടോം ലാഥമും കിവീസിനെ 400 കടത്തി. 17 പന്തില് 26 റണ്സെടുത്ത് സാന്റ്നറും രണ്ട് റണ്സ് നേടി ലാഥമും പുറത്താകാതെ നിന്നു.