മുംബൈ: ശ്രീലങ്കക്ക് മുന്നില് മികച്ച വിജയലക്ഷ്യമുയര്ത്തി നേടി ഇന്ത്യ. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില് എട്ട് വിക്കറ്റ് നഷ്ടത്തില് 357 റണ്സ് നേടി. രണ്ടാം പന്തില് തന്നെ ക്യാപ്റ്റന് രോഹിത് ശര്മ പുറത്തായെങ്കിലും പിന്നീട് ക്രീസിലെത്തിയ മിക്കവരും തകര്ത്തടിക്കുകയായിരുന്നു. ശുഭ്മാന് ഗില് (92), വിരാട് കോഹ്ലി (88), ശ്രേയസ് അയ്യര് (82) എന്നിവരുടെ തകര്പ്പന് ഇന്നിങ്സാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. ശ്രീലങ്കക്ക് വേണ്ടി ദില്ഷന് മധുശങ്ക അഞ്ച് വിക്കറ്റ് വീഴ്ത്തി.
വാംഖഡെ സ്റ്റേഡിയത്തില് ടോസ് നേടിയ ലങ്ക ആതിഥേയരെ ആദ്യം ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടക്കം തന്നെ ഇന്ത്യയെ ഞെട്ടിക്കാന് ലങ്കയ്ക്ക് സാധിച്ചു. രണ്ടാം പന്തില് തന്നെ ക്യാപ്റ്റന് രോഹിത് ശര്മയെ (4) ദില്ഷന് മധുശങ്ക ക്ലീന് ബൗള്ഡാക്കി. ആദ്യ പന്തില് ബൗണ്ടറിയടിച്ച് തുടങ്ങിയ ക്യാപ്റ്റന് തൊട്ടടുത്ത പന്തില് പുറത്തായതോടെ ഇന്ത്യ പരുങ്ങി. എന്നാല് രണ്ടാം വിക്കറ്റിലൊരുമിച്ച ശുഭ്മാന് ഗില്-വിരാട് കോഹ്ലി സഖ്യം ഇന്ത്യന് ഇന്നിങ്സിന് ശക്തമായ അടിത്തറ പാകുകയായിരുന്നു.
ഗില്ലിനെ കൂട്ടുപിടിച്ച് കോഹ്ലി തകര്ത്തടിച്ചതോടെ ടീം സ്കോര് 100 കടന്നു. പിന്നാലെ കോഹ്ലി അര്ധ സെഞ്ച്വറി നേടി. ഈ ടൂര്ണമെന്റില് കോഹ്ലി നേടുന്ന അഞ്ചാം ഫിഫ്റ്റിയാണിത്. കോഹ്ലിക്ക് പിന്നാലെ ഗില്ലും അര്ധ സെഞ്ച്വറി തികച്ചു. രണ്ടാം വിക്കറ്റില് സെഞ്ച്വറി കൂട്ടുകെട്ടുയര്ത്തിയതോടെ ലങ്കന് ക്യാംപില് നിരാശ പടര്ന്നു. സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ഗില്ലിനെ പുറത്താക്കി ദില്ഷന് മധുശങ്ക ലങ്കയ്ക്ക് ബ്രേക്ക്ത്രൂ നല്കി. ഗില്ലിനെ വിക്കറ്റ് കീപ്പര് കുശാല് മെന്ഡിസിന്റെ കൈകളിലെത്തിച്ചാണ് മധുശങ്ക ഈ കൂട്ടുകെട്ട് തകര്ത്തത്. 92 പന്തില് 11 ബൗണ്ടറിയും രണ്ട് സിക്സുമടക്കം 92 റണ്സായിരുന്നു ഗില്ലിന്റെ സമ്പാദ്യം. സെഞ്ച്വറിക്ക് എട്ട് റണ്സ് അകലെ വീണെങ്കിലും കോഹ്ലിക്കൊപ്പം 189 റണ്സ് കൂട്ടുകെട്ട് പടുത്തുയര്ത്തിയാണ് ഗില് പവലിയനിലെത്തിയത്.
ഗില്ലിന് പിന്നാലെ കോഹ്ലിയെയും മടക്കി മധുശങ്ക കരുത്തുകാട്ടി. 94 പന്തില് 11 ബൗണ്ടറിയടക്കം 88 റണ്സെടുത്ത കോഹ്ലിയെ പതും നിസങ്കയുടെ കൈകളിലെത്തിച്ചാണ് മധുശങ്ക മടക്കിയത്. പിന്നാലെ കെ എല് രാഹുലും ശ്രേയസ് അയ്യരും ക്രീസിലെത്തി. ശ്രേയസ് ആക്രമിച്ചുകളിച്ചെങ്കിലും രാഹുലിന് ക്രീസിലുറച്ചുനില്ക്കാനായില്ല. 19 പന്തില് നിന്ന് 21 റണ്സ് നേടിയ രാഹുലിനെ 40-ാം ഓവറില് ദുശ്മന്ത ചമീര പുറത്താക്കി. പകരമിറങ്ങിയ സൂര്യകുമാര് യാദവും നിരാശപ്പെടുത്തി. 12 റണ്സെടുത്ത സൂര്യകുമാര് യാദവിനെയും മധുശങ്ക പുറത്താക്കി.
മറുവശത്ത് വിക്കറ്റുകള് വീണുകൊണ്ടിരിക്കുമ്പോഴും ശ്രേയസ് അയ്യര് ക്രീസിലുറച്ചുനിന്നു. അതിനിടെ അര്ധസെഞ്ച്വറി തികച്ച താരം രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് ടീം സ്കോര് 300 കടത്തി. 48-ാം ഓവറിലെ മൂന്നാം പന്തില് മധുശങ്ക ശ്രേയസിനെ പുറത്താക്കി. 56 പന്തില് നിന്ന് മൂന്ന് ബൗണ്ടറിയും ആറ് സിക്സുമടക്കം 82 റണ്സ് നേടിയാണ് ശ്രേയസ് മടങ്ങിയത്. ശേഷം ജഡേജ 24 പന്തില് 35 റണ്സെടുത്ത് ഇന്ത്യന് സ്കോര് 350 കടത്തി. അവസാന പന്തിലാണ് ജഡേജയെ സദീര സമരവിക്രമ റണ്ണൗട്ടാക്കിയത്.