'ഇന്ത്യയുടെ നാലാം നമ്പറിൽ കളിക്കേണ്ടത് ശ്രേയസ് അയ്യരല്ല'; മിസ്ബാ ഉൾ ഹഖ്

ശ്രേയസ് അഞ്ചാമനായി എത്തിയാൽ മത്സരത്തിന്റെ തുടക്കത്തിൽ കൂടുതൽ വിക്കറ്റ് വീഴുന്നത് ഒഴിവാക്കാൻ സാധിച്ചേക്കുമെന്നും മിസ്ബാ.

ലഖ്നൗ: ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കായി നാലാം നമ്പറിൽ കളിക്കേണ്ടത് ശ്രേയസ് അയ്യരല്ലെന്ന് മുൻ പാകിസ്താൻ താരം മിസ്ബാ ഉൾ ഹഖ്. തുടർച്ചയായ മത്സരങ്ങളിൽ ശ്രേയസ് അയ്യർ പരാജയപ്പെടുന്നതിനിടെയാണ് മിസ്ബായുടെ പ്രതികരണം. ശ്രേയസ് ഷോർട് ബോളിനെ പ്രതീക്ഷിച്ചു നിൽക്കുന്നു. അനുയോജ്യമല്ലാത്ത ഷോർട് ലെങ്ത് ബോളിൽ പോലും ശ്രേയസ് പുൾ ഷോട്ട് കളിക്കാൻ ശ്രമിക്കുകയാണ്. ഷോർട് ബോൾ ലഭിക്കുമെന്ന് കരുതി പുൾ ഷോട്ട് കളിക്കുന്നത് വിക്കറ്റ് നഷ്ടമാക്കുമെന്നും മിസ്ബാ ചൂണ്ടിക്കാട്ടി.

ശ്രേയസ് അയ്യരിന് പകരം കെ എൽ രാഹുൽ നാലാം നമ്പറിൽ എത്തണമെന്നാണ് മുൻ പാക് താരത്തിന്റെ അഭിപ്രായം. രാഹുലിന്റെ ക്ലാസ് ബാറ്റിങ്ങിന് നാലാം നമ്പറിലെ ഇന്ത്യയുടെ പ്രതിസന്ധി പരിഹരിക്കാനാകും. ശ്രേയസ് അഞ്ചാം നമ്പറിൽ എത്തുമ്പോൾ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ കൂടുതൽ വിക്കറ്റ് വീഴുന്നത് ഒഴിവാക്കാൻ സാധിച്ചേക്കുമെന്നും മിസ്ബാ വിലയിരുത്തി.

ഏകദിന ലോകകപ്പിൽ ഇനി ഇന്ത്യയ്ക്ക് മൂന്ന് മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. വിന്നിംഗ് കോമ്പിനേഷനെ മാറ്റി പരീക്ഷിക്കാൻ ഇന്ത്യ തയ്യാറാകുമോ എന്നാണ് ഇനി അറിയേണ്ടത്. ലോകകപ്പിൽ അവസരം കാത്തിരിക്കുന്ന ഇഷാൻ കിഷനെയും ഇന്ത്യ നാലാം നമ്പറിൽ പരീക്ഷിക്കാൻ സാധ്യതയുണ്ട്.

To advertise here,contact us