150-ാം ഏകദിനത്തില് 174 റണ്സ്; വാംഖഡെയില് ഡി കോക്ക് 'ഷോ'

30 വയസ് മാത്രമുള്ള താരം ലോകകപ്പിന് ശേഷം ഏകദിന ക്രിക്കറ്റില് നിന്ന് വിരമിക്കല് പ്രഖ്യാപിച്ചിരിക്കുകയാണ്

മുംബൈ: തന്റെ 150-ാം ഏകദിനം കളിക്കുന്ന ദക്ഷിണാഫ്രിക്കന് താരം ക്വിന്റണ് ഡി കോക്ക് ക്രീസ് വിട്ടത് 174 റണ്സ് നേടി. ബംഗ്ലാദേശിനെതിരെ നടക്കുന്ന ലോകകപ്പ് മത്സരത്തില് ഓപ്പണറായി ഇറങ്ങിയ താരം ടീം സ്കോര് 300 കടത്തിയാണ് മടങ്ങിയത്. 46-ാം ഓവറിലെ ആദ്യ പന്തില് ഹസന് മഹ്മുദ് നസും അഹ്മദിന്റെ കൈകളിലെത്തിച്ചാണ് ഡി കോക്കിനെ കൂടാരം കയറ്റിയത്. ഏഴ് സിക്സും 15 ബൗണ്ടറിയുമടങ്ങുന്നതാണ് താരത്തിന്റെ സമ്പാദ്യം.

ബംഗ്ലാദേശിനെതിരെ ഇന്ന് ദക്ഷിണാഫ്രിക്കന് കുപ്പായത്തിലിറങ്ങിയ ക്വിന്റണ് ഡി കോക്കിന്റെ 150-ാം ഏകദിന മത്സരമാണിത്. ഒരു പതിറ്റാണ്ടിലധികം നീണ്ട ക്രിക്കറ്റ് കരിയറില് മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടിരിക്കുകയാണ് ക്വിന്റണ് ഡി കോക്ക്. 2012 ട്വന്റി ട്വന്റി ക്രിക്കറ്റില് അരങ്ങേറിയ ഡി കോക്ക് തൊട്ടടുത്ത വര്ഷം ഏകദിന ക്രിക്കറ്റ് കളിച്ചു.

ഏകദിന ക്രിക്കറ്റില് 6000ത്തിലധികം റണ്സ് നേടിയ ദക്ഷിണാഫ്രിക്കന് താരത്തിന്റെ ഉയര്ന്ന സ്കോര് 178 ആണ്. 30 വയസ് മാത്രമുള്ള താരം ലോകകപ്പിന് ശേഷം ഏകദിന ക്രിക്കറ്റില് നിന്ന് വിരമിക്കല് പ്രഖ്യാപിച്ചിരിക്കുകയാണ്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ഡി കോക്ക് ക്രിക്കറ്റ് മതിയാക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില് നിന്ന് ഡി കോക്ക് നേരത്തെ തന്നെ വിരമിച്ചിരുന്നു. ഇനി ട്വന്റി 20യില് മാത്രമാവും ദക്ഷിണാഫ്രിക്കയ്ക്ക് ഡി കോക്കിന്റെ സേവനം ലഭ്യമാകുക.

To advertise here,contact us