ലോകകപ്പിന് മുമ്പ് താരങ്ങൾക്ക് പരിക്ക്; ടീമുകൾക്ക് മികച്ച കളിക്കാരെ നഷ്ടമാകുന്നു

ഒക്ടോബർ അഞ്ചിനാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ആരംഭിക്കുക

ഡൽഹി: ഏകദിന ലോകപ്പിന് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ ടീമുകൾക്ക് ആശങ്കയായി പ്രധാന താരങ്ങൾക്ക് പരിക്കേൽക്കുന്നു. ഏഷ്യാ കപ്പിനിടെ ഇന്ത്യയുടെ അക്സർ പട്ടേലിന് പരിക്കേറ്റിരുന്നു. അക്സറിന്റെ സാന്നിധ്യം സംശയിക്കുന്നതോടെ രവിചന്ദ്രൻ അശ്വിനെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവിളിച്ചിരുന്നു. ഇംഗ്ലണ്ടിന്റെ ജേസൺ റോയിയാണ് പരിക്കിനെ തുടർന്ന് പുറത്തായ മറ്റൊരു താരം. പിന്നാലെ സമീപകാലത്ത് അത്ര മികച്ച റെക്കോർഡില്ലാത്ത ഹാരി ബ്രൂക്കിനെ ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു.

ന്യൂസിലൻഡിന് നഷ്ടമായത് പേസർ ടിം സൗത്തിയെയാണ്. ഓസ്ട്രേലിയൻ നിരയിൽ ട്രാവിസ് ഹെഡിന്റെ സാന്നിധ്യം ഇനിയും ഉറപ്പായിട്ടില്ല. മാർനസ് ലബുഷെയ്നെ പകരമായി പരിഗണിക്കുന്നുണ്ട്. പേസർമാരായ സിസന്ദ മഗലയ്ക്കും ആൻറിച് നോർജെയ്ക്കും പരിക്കേറ്റിട്ടുണ്ട്. പാകിസ്താൻ താരങ്ങളും കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. നസീം ഷായ്ക്ക് പുറമെ ഹാരിസ് റൗഫ്, ആഗ സൽമാൻ, ഇമാം ഉൾ ഹഖ് എന്നിവരും പരിക്കിന്റെ സംശയത്തിലാണ്.

ശ്രീലങ്കയ്ക്കും താരങ്ങളുടെ പരിക്കിൽ ആശങ്കയുണ്ട്. മഹേഷ് തീക്ഷണ ഏഷ്യാ കപ്പ് ഫൈനൽ കളിക്കാനാവാതെ പുറത്തായിരുന്നു. വസീന്ദു ഹസരങ്ക, ദുഷ്മന്ത ചമീര, ദിൽഷൻ മധുശങ്ക എന്നിവരുടെ കാര്യത്തിലും ശ്രീലങ്കയ്ക്ക് ആശങ്കയുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ പരമ്പരയിൽ തമിം ഇക്ബാൽ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ബംഗ്ലാദേശ്. നജ്മുൾ ഹൊസൈൻ ഷാന്റോ, എബാഡോട്ട് ഹൊസൈൻ എന്നിവരാണ് ബംഗ്ലാദേശിന് ആശങ്ക ഉണ്ടാകുന്ന മറ്റ് താരങ്ങൾ.

To advertise here,contact us