സെഞ്ച്വറിയടിച്ച് സായി; എമേര്ജിംഗ് ഏഷ്യാ കപ്പില് പാകിസ്താനെ തകര്ത്തെറിഞ്ഞ് ഇന്ത്യ

പാകിസ്താന് എ ടീമിനെതിരെ എട്ട് വിക്കറ്റുകളുടെ ആവേശകരമായ വിജയമാണ് ഇന്ത്യന് എ ടീം നേടിയത്

കൊളംബോ: എമേര്ജിംഗ് ഏഷ്യാ കപ്പില് പാക് പടയെ തകര്ത്തെറിഞ്ഞ് ടീം ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില് പാകിസ്താന് എ ടീമിനെതിരെ എട്ട് വിക്കറ്റുകളുടെ ആവേശകരമായ വിജയമാണ് ഇന്ത്യന് എ ടീം നേടിയത്. യുവതാരം സായി സുദര്ശന് സെഞ്ച്വറി നേടിയപ്പോള് ബൗളിംഗില് രാജ്വര്ധന് ഹംഗര്ഗേക്കര് അഞ്ച് വിക്കറ്റ് നേടി തിളങ്ങി. 48 ഓവറില് 205 റണ്സ് എടുത്ത പാകിസ്താന് ഓള്ഔട്ടാവുകയായിരുന്നു. പാകിസ്താന് മുന്നോട്ട് വെച്ച വിജയലക്ഷ്യം 36.4 ഓവറില് രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില് ഇന്ത്യ മറികടന്നു. സ്കോര്: പാകിസ്താന് എ-205(48), ഇന്ത്യ എ-210/2 (36.4).

ടോസ് നേടിയ പാകിസ്താന് എ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പാകിസ്താന്റെ ഇന്നിംഗ്സ് ആരംഭിച്ചതു മുതല് ഹംഗര്ഗേക്കര് ഭീഷണിയായി മാറുകയായിരുന്നു. പാക് ഓപ്പണര് സാഹിബ്സാദ ഫര്ഹാന്(35) തരക്കേടില്ലാത്ത തുടക്കമാണ് നല്കിയത്. ശേഷം 63 പന്തില് 48 റണ്സ് നേടിയ കാസിം അക്രം പാകിസ്താന് പ്രതീക്ഷകള് നല്കിയെങ്കിലും മറുവശത്ത് ഹംഗര്ഗേക്കര് പാകിസ്താന് നിരയിലെ വിക്കറ്റുകള് വീഴ്ത്തിക്കൊണ്ടേയിരുന്നു. ആദ്യ ഇന്നിംഗ്സില് 48 ഓവറുകള് ബാറ്റ് ചെയ്ത പാക് പടയെ 205 റണ്സില് ഇന്ത്യ തളച്ചു. ഇന്ത്യക്ക് വേണ്ടി ഹംഗര്ഗേക്കര് അഞ്ച് വിക്കറ്റ് നേടിയപ്പോള് മാനവ് സത്താര് മൂന്നും നിഷാന്ത് സന്ധുവും റിയാന് പരാഗും ഓരോ വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണര്മാരായ സായി സുദര്ശനനും അഭിഷേക് ശര്മയും ചേര്ന്ന് നല്കിയത്. ഒന്നാം വിക്കറ്റില് 58 റണ്സ് ഇവര് കൂട്ടിച്ചേര്ത്തു. 20 റണ്സെടുത്ത അഭിഷേക് ശര്മ പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. തുടര്ന്നെത്തിയ നികിന് ജോസ് സുദര്ശനന് മികച്ച പിന്തുണ നല്കി. സ്കോര് 157-ല് എത്തിയ ശേഷമാണ് ഈ കൂട്ടുകെട്ട് പിരിക്കാന് പാകിസ്താന് കഴിഞ്ഞത്. 64 പന്തില് നിന്ന് 53 റണ്സെടുത്ത നികിന് ജോസിനെ മെഹ്റാന് മുംതാസിന്റെ പന്തില് മുഹമ്മദ് ഹാരിസ് പിടികൂടി. വാലറ്റത്ത് പിടിച്ചുനിന്ന ഓപ്പണര് സായ് സുദര്ശനും(110 പന്തില് 104*), ക്യാപ്റ്റന് യഷ് ദുള്ളും (19 പന്തില് 21 റണ്സ്) ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചു.

Make that 3️⃣ wins in a row for India 'A' in the #ACCMensEmergingTeamsAsiaCup! A formidable eight-wicket win over Pakistan 'A' 👏🏻👏🏻Scorecard - https://t.co/6vxep2BpYw #ACC pic.twitter.com/0iAiO8VkoY

വിജയത്തോടെ ഗ്രൂപ്പ് ബിയിലെ മൂന്ന് കളികളും വിജയിച്ച ഇന്ത്യ ഗ്രൂപ്പ് ചാംപ്യന്മാരായി സെമിയിലെത്തി. രണ്ടാം സ്ഥാനക്കാരായി പാകിസ്താനും അവസാന നാലില് സ്ഥാനം പിടിച്ചു. സെമിയില് ബംഗ്ലാദേശ് എ ടീമിനെയാണ് ഇന്ത്യ നേരിടുക. ശ്രീലങ്കയാണ് പാകിസ്താന്റെ എതിരാളികള്. വ്യാഴാഴ്ചയാണ് സെമി ഫൈനല് നടക്കുക.

To advertise here,contact us