പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച; വിരമിക്കല് പ്രഖ്യാപനം പിന്വലിച്ച് തമീം ഇക്ബാല്

വ്യാഴാഴ്ചയാണ് തന്റെ 16 വര്ഷത്തെ ക്രിക്കറ്റ് കരിയര് അവസാനിപ്പിക്കുകയാണെന്ന് അപ്രതീക്ഷിതമായി താരം പ്രഖ്യാപിച്ചത്

ധാക്ക: അന്താരാഷ്ട്ര ക്രിക്കറ്റില് നിന്ന് വിരമിക്കുകയാണെന്ന പ്രഖ്യാപനം പിന്വലിച്ച് ബംഗ്ലാദേശ് ക്യാപ്റ്റന് തമീം ഇക്ബാല്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് താന് വിരമിക്കുന്നില്ലെന്ന് തമീം അറിയിച്ചത്. വ്യാഴാഴ്ചയാണ് തന്റെ 16 വര്ഷത്തെ ക്രിക്കറ്റ് കരിയര് അവസാനിപ്പിക്കുകയാണെന്ന് അപ്രതീക്ഷിതമായി താരം പ്രഖ്യാപിച്ചത്. ഏകദിന ലോകകപ്പിന് ദിവസങ്ങള് ശേഷിക്കെയായിരുന്നു തമീമിന്റെ വിരമിക്കല് പ്രഖ്യാപനം.

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില് അഫ്ഗാനിസ്ഥാനോട് പരാജയം വഴങ്ങിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ വാര്ത്താസമ്മേളനത്തിലാണ് തമീം വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. 'ഞാന് എന്റെ കരിയര് അവസാനിപ്പിക്കുന്നു. എന്റെ ഏറ്റവും മികച്ചത് ഞാന് നല്കിക്കഴിഞ്ഞു.ഈ നിമിഷം അന്താരാഷ്ട്ര ക്രിക്കറ്റില് നിന്ന് വിരമിക്കുന്നതായി ഞാന് പ്രഖ്യാപിക്കുന്നു. ഇന്നലെ അഫ്ഗാനിസ്ഥാനെതിരെ നടന്നതാണ് എന്റെ അവസാനത്തെ അന്താരാഷ്ട്ര മത്സരം', തമീം വാര്ത്താസമ്മേളനത്തില് പറഞ്ഞു. തന്നില് വിശ്വാസമര്പ്പിച്ച സഹതാരങ്ങളോടും പരിശീലകനോടും ബിസിബി അധികൃതരോടും കുടുംബാംഗങ്ങളോടുമുള്ള നന്ദിയും താരം വികാരാധീനനായി അറിയിച്ചിരുന്നു.

2007 ഫെബ്രുവരിയിലാണ് തമീം ബംഗ്ലാദേശ് ജഴ്സിയില് അരങ്ങേറുന്നത്. ബംഗ്ലാദേശിന് വേണ്ടി ഏറ്റവും കൂടുതല് ഏകദിന റണ്സും സെഞ്ച്വറികളും നേടിയ താരമാണ് തമീം. 241 ഏകദിന മത്സരങ്ങളില് നിന്ന് 14 സെഞ്ച്വറികളും 8313 റണ്സുമാണ് തമീം നേടിയത്. കഴിഞ്ഞ വര്ഷം ട്വന്റി 20 ക്രിക്കറ്റില് നിന്നും ഈ വര്ഷം ടെസ്റ്റ് ക്രിക്കറ്റില് നിന്നും തമീം വിരമിക്കല് പ്രഖ്യാപിച്ചിരുന്നു. ഈ വര്ഷം ഏപ്രിലില് അയര്ലന്ഡിനെതിരെ നടന്ന മത്സരത്തിലാണ് താരം അവസാനമായി ടെസ്റ്റ് കളിച്ചത്. 70 ടെസ്റ്റ് മത്സരങ്ങളില് നിന്ന് 10 സെഞ്ചുറിയും 31 അര്ധ സെഞ്ച്വറിയുമടക്കം 5134 റണ്സ് നേടി. 78 ട്വന്റി 20 മത്സരങ്ങളില് നിന്ന് 1758 റണ്സാണ് തമീം അടിച്ചുകൂട്ടിയത്.

To advertise here,contact us