ഒറ്റ തവണ റീചാര്‍ജ്, മൂന്ന് വര്‍ഷത്തെ വാലിഡിറ്റി; പുത്തൻ ദീപാവലി ഓഫറുമായി ജിയോ

മൂന്ന് വര്‍ഷം വാലിഡിറ്റിയുള്ള ഈ പ്ലാന്‍ ആക്ടീവ് ചെയ്യുന്നവര്‍ക്ക് പ്രതിമാസം ശരാശരി 278രൂപയാണ് ചെലവ്

ദീപാവലിക്ക് വരിക്കാര്‍ക്കായി കിടിലന്‍ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് റിലയന്‍സ് ജിയോ. മൂന്ന് വര്‍ഷത്തേക്ക് ഒരൊറ്റ റീചാര്‍ജ് എന്ന വാഗ്ദാനമാണ് ജിയോ നല്‍കിയിരിക്കുന്നത്. പതിനായിരം രൂപയാണ് ഈ പ്രീ പെയ്ഡ് പ്ലാനിന്റെ നിരക്ക്. മൂന്ന് വര്‍ഷം അതായത് 36 മാസം (1095ദിവസം) ആണ് ഈ റീചാര്‍ജിന്റെ കാലാവധി. അണ്‍ലിമിറ്റഡ് 5ജി ഡാറ്റയും വോയ്‌സ് കോളുകളും ഉള്‍പ്പെടെ കൈനിറയെ ആനുകൂല്യമാണ് ഈ പ്ലാനിലൂടെ വരിക്കാര്‍ക്ക് ലഭിക്കുക.

ഇന്ത്യന്‍ ടെലികോം മേഖലയിലെ ആദ്യത്തെ മൂന്ന് വര്‍ഷ പ്രീപെയ്ഡ് പ്ലാന്‍ ഇന്നു മുതലാണ് രാജ്യവ്യാപകമായി ലഭ്യമാക്കിയിരിക്കുന്നത്. ദിവസവും 2.5 ജിബി ഹൈസ്പീഡ് ഡാറ്റ ഈ പ്ലാനില്‍ ലഭ്യമാക്കും. അണ്‍ലിമിറ്റഡ് 5ജി സേവനത്തിന് അര്‍ഹതയുള്ള ഉപയോക്താക്കള്‍ക്ക് പരിധിയില്ലാതെ 5ജി ഡാറ്റ ഉപയോഗിക്കാം. സാധാരണ ലഭ്യമാകുന്ന പോലെ എല്ലാ നെറ്റ്‌വര്‍ക്കുകളിലേക്കും അണ്‍ലിമിറ്റഡ് വോയ്‌സ് കോളും ദിവസവും നൂറ് എസ്എംഎസ് സേവനവും ഇതിനൊപ്പമുണ്ട്.

തീര്‍ന്നില്ല, ജിയോ ഹോട്ട്സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കും. ഇതോടെ മൂന്ന് വര്‍ഷത്തേക്ക് കായിക മത്സരങ്ങളും സിനിമകളും വെബ് സീരീസുകളും ഒരു തടസവുമില്ലാതെ ആസ്വദിക്കാം. ഡിസൈനിങ് ആവശ്യങ്ങള്‍ക്കായി 12 മാസത്തെ കാന്‍വ പ്രോ ലൈറ്റ് സബ്‌സ്‌ക്രിപ്ഷനും കിട്ടും. 50ജിബി സൗജന്യ ജിയോ എഐ ക്ലൗഡ് സ്റ്റോറേജും ഇതിലുള്‍പ്പെടും. ഫോട്ടോകളും വീഡിയോകളും രേഖകളും ഇതില്‍ സൂക്ഷിക്കാം.

മൂന്ന് വര്‍ഷം വാലിഡിറ്റിയുള്ള ഈ പ്ലാന്‍ ആക്ടീവ് ചെയ്യുന്നവര്‍ക്ക് പ്രതിമാസം ശരാശരി 278രൂപയാണ് ചെലവ്. നിലവിലെ പ്രതിമാസ പ്ലാനുകളെക്കാള്‍ ലാഭകരമെന്ന് സാരം. നിലവിലെ 3599രൂപ വാര്‍ഷിക പ്ലാന്‍ ഉപയോഗിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷമാകുമ്പോള്‍ 10,797രൂപയാണ് ചെലവെന്ന് ഓര്‍ക്കണം. 797രൂപയുടെ ലാഭത്തിനൊപ്പം കൂടുതല്‍ പ്രതിദിന ഇന്റര്‍നെറ്റും ലഭിക്കും. ഇനിയുമുണ്ട് ഈ പ്ലാനിനൊരു മേന്മ, അതായത് ഭാവിയില്‍ റീചാര്‍ജ് നിരക്കുകള്‍ ഉയര്‍ന്നാലും നിലവിലുള്ള പ്ലാനിന്റെ കാലാവധി അവസാനിക്കുന്നത് വരെ അതേ ആനുകൂല്യങ്ങള്‍ തുടരാന്‍ കഴിയും.

Content Highlights: Jio has introduced a Diwali offer featuring a one-time recharge of Rs 10,000 with a validity of three years. The long-term plan allows subscribers to recharge once and continue using the service throughout the validity period

To advertise here,contact us