കപ്പലുകളുടെ അടിഭാഗത്തിന് ചുവപ്പ് നിറം നല്‍കിയിരിക്കുന്നതിന് കാരണം! അതിന് പിന്നില്‍ ഒരു രഹസ്യമുണ്ട്

കടലിലൂടെ സഞ്ചരിക്കുന്ന വലിയ കപ്പലുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? മുകള്‍ഭാഗം പല നിറങ്ങളിലായിരിക്കുമ്പോഴും വെള്ളത്തിനടിയില്‍ മുങ്ങിക്കിടക്കുന്ന അടിഭാഗത്തിന് പലപ്പോഴും കടുംചുവപ്പ് നിറമായിരിക്കും. വെറുമൊരു ഭംഗിക്കുവേണ്ടിയല്ല ഈ നിറം നല്‍കുന്നത്.

കടലില്‍ മാസങ്ങളോളം സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് നേരിടേണ്ടിവരുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് അവയുടെ അടിഭാഗത്ത് കടല്‍ജീവികളും പായലുകളും അടിഞ്ഞുകൂടുന്നത്. കക്കകള്‍, ചെറു സമുദ്രജീവികള്‍, ആല്‍ഗകള്‍ തുടങ്ങിയവ കപ്പലിന്റെ അടിത്തട്ടില്‍ പറ്റിപ്പിടിച്ച് വളരാന്‍ തുടങ്ങും. ഈ പ്രതിഭാസത്തെ ശാസ്ത്രീയമായി 'ബയോഫൗളിങ്' (Biofouling) എന്നാണ് വിളിക്കുന്നത്.

കപ്പലിന്റെ അടിയില്‍ കടല്‍ജീവികള്‍ പറ്റിപ്പിടിച്ചാല്‍ എന്ത് സംഭവിക്കും?

കപ്പലിന്റെ അടിഭാഗത്ത് ഇത്തരം ജീവികള്‍ കൂട്ടത്തോടെ പറ്റിപ്പിടിച്ച് വളരുമ്പോള്‍ അതിന്റെ ഉപരിതലം പരുക്കനാകും. ഇത് വെള്ളത്തിലൂടെയുള്ള കപ്പലിന്റെ സഞ്ചാരത്തിന് തടസ്സമുണ്ടാക്കും. വെള്ളവുമായുള്ള ഘര്‍ഷണം വര്‍ധിക്കുന്നതോടെ കപ്പലിന്റെ വേഗം കുറയുകയും ചെയ്യും. നിശ്ചിത വേഗതയില്‍ സഞ്ചരിക്കാന്‍ എന്‍ജിന് കൂടുതല്‍ അധ്വാനിക്കേണ്ടിവരും. ഇതോടെ ഇന്ധന ഉപഭോഗവും വര്‍ധിക്കും. കപ്പലിന്റെ പ്രവര്‍ത്തനച്ചെലവ് ഉയരുന്നതിനൊപ്പം അടിഭാഗത്തിന്റെ സംരക്ഷണത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടിവരും.

ചുവപ്പുനിറത്തിന് പിന്നിലെ രഹസ്യം

ഈ പ്രശ്നം പരിഹരിക്കാനാണ് കപ്പലുകളുടെ അടിഭാഗത്ത് പ്രത്യേകതരം പെയിന്റ് ഉപയോഗിക്കുന്നത്. 'ആന്റി ഫൗളിങ് പെയിന്റ്' (Anti-fouling Paint) എന്നാണ് ഇത് അറിയപ്പെടുന്നത്. കടല്‍ജീവികളും പായലുകളും കപ്പലിന്റെ അടിയില്‍ പറ്റിപ്പിടിക്കുന്നത് തടയാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ ഈ പെയിന്റിലുണ്ടാകും. പരമ്പരാഗതമായി ചെമ്പ് അടങ്ങിയ സംയുക്തങ്ങള്‍, പ്രത്യേകിച്ച് കോപ്പര്‍ ഓക്സൈഡ്, ഇത്തരം പെയിന്റുകളില്‍ ഉപയോഗിച്ചിരുന്നു. ചെമ്പിന്റെ ചില സംയുക്തങ്ങള്‍ കടല്‍ജീവികളുടെ വളര്‍ച്ച തടയാന്‍ സഹായിക്കും. കോപ്പര്‍ ഓക്സൈഡിന് ചുവപ്പുകലര്‍ന്ന നിറമുള്ളതിനാല്‍ ഇത്തരം പെയിന്റുകള്‍ ഉപയോഗിച്ചിരുന്ന കപ്പലുകളുടെ അടിഭാഗത്തിന് കടുംചുവപ്പ് നിറം ലഭിച്ചു. അങ്ങനെയാണ് കപ്പലുകളുടെ അടിഭാഗത്തെ ചുവപ്പുനിറം ശ്രദ്ധേയമായത്.

ഇന്നും ചുവപ്പുനിറം തുടരുന്നത് എന്തുകൊണ്ട്?

സാങ്കേതികവിദ്യ വളര്‍ന്നതോടെ ആന്റി ഫൗളിങ് പെയിന്റുകള്‍ പല നിറങ്ങളിലും ലഭ്യമാണ്. നീല, പച്ച, കറുപ്പ് തുടങ്ങിയ നിറങ്ങളിലും ഇവ നിര്‍മിക്കുന്നുണ്ട്. എന്നിരുന്നാലും ചുവപ്പുനിറം കപ്പല്‍ നിര്‍മാണ മേഖലയില്‍ ഇന്നും വ്യാപകമായി കാണാം. പാരമ്പര്യവും ഉപയോഗശീലവും മാത്രമല്ല ഇതിന് പിന്നില്‍. കപ്പലിന്റെ അടിഭാഗത്തെ അടയാളങ്ങളും സുരക്ഷാ സൂചനകളും വ്യക്തമായി തിരിച്ചറിയാന്‍ നിറങ്ങളുടെ വ്യത്യാസം സഹായിക്കും.

കപ്പലിലെ പ്ലിംസോള്‍ ലൈന്‍ എന്താണ്?

കപ്പലിന്റെ പുറംഭാഗത്ത് കാണുന്ന മറ്റൊരു പ്രധാന അടയാളമാണ് പ്ലിംസോള്‍ ലൈന്‍ (Plimosll Line). കപ്പലില്‍ സുരക്ഷിതമായി എത്രത്തോളം ചരക്ക് കയറ്റാം, വെള്ളത്തില്‍ എത്ര ആഴത്തില്‍ വരെ കപ്പല്‍ മുങ്ങാം തുടങ്ങിയ കാര്യങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന അടയാളമാണിത്. കപ്പലില്‍ അനുവദനീയമായതിലധികം ഭാരം കയറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ തുറമുഖ അധികൃതര്‍ക്കും ഈ അടയാളം സഹായകരമാണ്. ചുവപ്പുനിറത്തിലുള്ള പശ്ചാത്തലത്തില്‍ വെള്ളയോ മഞ്ഞയോ നിറത്തിലുള്ള അടയാളങ്ങള്‍ വ്യക്തമായി കാണാന്‍ സാധിക്കും. അതുകൊണ്ടുതന്നെ കപ്പലുകളുടെ അടിഭാഗത്തെ ചുവപ്പുനിറം വെറുമൊരു അലങ്കാരമല്ല. കടല്‍ജീവികളില്‍ നിന്നുള്ള സംരക്ഷണം, ഇന്ധനക്ഷമത, കപ്പലിന്റെ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട ദീര്‍ഘകാല സാങ്കേതികവിദ്യയുടെ ഭാഗം കൂടിയാണിത്.

Content Highlights :Have you ever noticed large ships traveling across the sea? While their upper parts may be painted in various colors, the portion submerged underwater is often a deep red. This color is not applied merely for the sake of appearance

To advertise here,contact us