അക്കൗണ്ടില്‍ നിന്ന് പണം കുറയുന്നുണ്ടോ? ബാങ്ക് നിങ്ങള്‍ അറിയാതെ ഈ ചാര്‍ജുകള്‍ ഈടാക്കുന്നുണ്ടാകാം

സേവിങ്‌സ് അക്കൗണ്ടില്‍ പണം സൂക്ഷിച്ചാല്‍ മാത്രം പോര. അക്കൗണ്ടുമായി ബന്ധപ്പെട്ട ചെറിയ ചാര്‍ജുകള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ സമ്പാദ്യത്തില്‍ നിന്ന് തുക കുറയാം. മിനിമം ബാലന്‍സ് മുതല്‍ എടിഎം ഉപയോഗം വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മനസിലാക്കിയിരിക്കാം

ബാങ്ക് അക്കൗണ്ടില്‍ പണം ഉണ്ടെന്നും ഇടപാടുകളൊന്നും നടത്തിയിട്ടില്ലെന്നും കരുതുക. എന്നിട്ടും അക്കൗണ്ടിലെ തുക പതുക്കെ കുറയുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?. പണം പിന്‍വലിക്കാതെയും ഓണ്‍ലൈന്‍ ഇടപാട് നടത്താതെയും അക്കൗണ്ടില്‍ നിന്ന് തുക കുറയാന്‍ പല കാരണങ്ങളുമുണ്ട്. മിനിമം ബാലന്‍സ് പാലിക്കാത്തതിനുള്ള ചാര്‍ജ്, എടിഎം പരിധി കഴിഞ്ഞുള്ള ഉപയോഗം, ഡെബിറ്റ് കാര്‍ഡ് ഫീസ്, SMS അലര്‍ട്ട് പോലുള്ള സേവനങ്ങളുടെ നിരക്ക് തുടങ്ങി പല ചെറിയ ചാര്‍ജുകളും ചേര്‍ന്നാല്‍ വര്‍ഷം കഴിയുമ്പോള്‍ നല്ലൊരു തുക കുറഞ്ഞിട്ടുണ്ടാവാം.

മിനിമം ബാലന്‍സ് ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും

ചില സേവിങ്‌സ് അക്കൗണ്ടുകളില്‍ നിശ്ചിത തുക മിനിമം ബാലന്‍സായി സൂക്ഷിക്കണമെന്ന നിബന്ധനയുണ്ടാകും. അക്കൗണ്ടിലെ ശരാശരി ബാലന്‍സ് നിശ്ചിത പരിധിക്ക് താഴെയായാല്‍ ബാങ്കുകള്‍ ചാര്‍ജ് ഈടാക്കാന്‍ സാധ്യതയുണ്ട്. ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. മാസത്തിന്റെ അവസാന ദിവസം അക്കൗണ്ടില്‍ ആവശ്യത്തിന് പണം ഉണ്ടായാല്‍ മാത്രം മതിയാകണമെന്നില്ല. ചില അക്കൗണ്ടുകളില്‍ മാസത്തിലെ ശരാശരി ബാലന്‍സ് (Monthly Average Balance,MAB) കണക്കാക്കിയാണ് നിബന്ധന പരിശോധിക്കുന്നത്. അതിനാല്‍ വലിയ തുക അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കുന്നതിന് മുമ്പ് നിങ്ങളുടെ ബാങ്കിന്റെ ശരാശരി ബാലന്‍സുമായി ബന്ധപ്പെട്ട നിബന്ധന പരിശോധിക്കുക.

എടിഎം ഉപയോഗത്തിനും പരിധിയുണ്ട്

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ എല്ലായ്‌പ്പോഴും സൗജന്യമാണെന്ന് കരുതരുത്. ബാങ്കും കാര്‍ഡും അനുസരിച്ച് നിശ്ചിത എണ്ണം സൗജന്യ ഇടപാടുകള്‍ ലഭിക്കും. ഈ പരിധി കഴിഞ്ഞാല്‍ അധിക ചാര്‍ജ് ഈടാക്കാം. അതിനാല്‍ ആവശ്യമില്ലാതെ പലതവണ എടിഎം ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

ഡെബിറ്റ് കാര്‍ഡിനും വാര്‍ഷിക ഫീസുണ്ടാകാം

നമ്മുടെ പേഴ്‌സിലോ വീട്ടിലോ കിടക്കുന്ന ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നില്ലെങ്കിലും അതിന് ചില ബാങ്കുകളില്‍ വാര്‍ഷിക ഫീസ് ഉണ്ടാകാം. കാര്‍ഡിന്റെ തരം അനുസരിച്ചും ഈ നിരക്കില്‍ വ്യത്യാസമുണ്ടാകാം. അതുകൊണ്ട് ഉപയോഗിക്കാത്ത കാര്‍ഡുകള്‍ക്കും അതുമായി ബന്ധപ്പെട്ട ചാര്‍ജുകള്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്.

SMS അലര്‍ട്ടിനും ചാര്‍ജ് ഈടാക്കാം

ബാങ്കില്‍ നിന്ന് ഓരോ ഇടപാടിന്റെയും SMS ലഭിക്കുന്നത് ഉപകാരപ്രദമാണ്. എന്നാല്‍ ചില ബാങ്കുകള്‍ ഇത്തരം അധിക സേവനങ്ങള്‍ക്ക് നിരക്ക് ഈടാക്കുന്നുണ്ടാകാം. നിങ്ങളുടെ ബാങ്കിന്റെ ഏറ്റവും പുതിയ ചാര്‍ജ് ലിസ്റ്റ് പരിശോധിച്ച് SMS, മറ്റ് അലര്‍ട്ട് സേവനങ്ങള്‍ എന്നിവയ്ക്ക് ഫീസ് ഉണ്ടോ എന്ന് മനസിലാക്കാം.

ഉപയോഗിക്കാത്ത പഴയ അക്കൗണ്ടുകള്‍ എന്ത് ചെയ്യാം

ജോലി മാറുമ്പോഴുംമറ്റും പലരുടെയും പഴയ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കാതെയാകും. എന്നാല്‍ അക്കൗണ്ട് ഉപയോഗിക്കുന്നില്ലെന്ന കാരണത്താല്‍ അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സ്വമേധയാ അവസാനിക്കണമെന്നില്ല. അതിനാല്‍ പഴയ അക്കൗണ്ടുകള്‍ പരിശോധിക്കുക. ഇനി ആവശ്യമില്ലാത്ത അക്കൗണ്ടാണെങ്കില്‍ ബാങ്കിന്റെ നടപടിക്രമം പാലിച്ച് ക്ലോസ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാം. തുടര്‍ച്ചയായി രണ്ട് വര്‍ഷം ഉപഭോക്താവിന്റെ ഭാഗത്ത് നിന്ന് ഇടപാടുകളൊന്നും ഇല്ലെങ്കില്‍ അക്കൗണ്ട് ഡോര്‍മന്റ് വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.

അക്കൗണ്ടില്‍ അധികം പണം വെറുതെ സൂക്ഷിക്കേണ്ടതുണ്ടോ?

ദൈനംദിന ചെലവുകള്‍ക്ക് ആവശ്യമായതിലധികം പണം സേവിങ്‌സ് അക്കൗണ്ടില്‍ ദീര്‍ഘകാലം വെറുതെ ഇട്ടിരിക്കുന്നതിനുപകരം ബാങ്ക് നല്‍കുന്ന മറ്റ് ഓപ്ഷനുകള്‍ പരിശോധിക്കാം. ചില ബാങ്കുകളില്‍ Sweep-in അല്ലെങ്കില്‍ Flexi Deposit പോലുള്ള സൗകര്യങ്ങളുണ്ട്. നിശ്ചിത പരിധിക്ക് മുകളിലുള്ള തുക ഡെപ്പോസിറ്റിലേക്ക് മാറ്റാനും ആവശ്യമുള്ളപ്പോള്‍ തിരിച്ചെടുക്കാനും ഇത്തരം സൗകര്യങ്ങള്‍ സഹായിച്ചേക്കാം. ലഭ്യതയും നിബന്ധനകളും ബാങ്കുകള്‍ക്കനുസരിച്ച് വ്യത്യാസപ്പെടും.

ചാര്‍ജുകള്‍ ഒഴിവാക്കാന്‍ ചെയ്യേണ്ടത്

  • നിങ്ങളുടെ ബാങ്കിന്റെ ഏറ്റവും പുതിയ Service Charges/Charges Schedule പരിശോധിക്കുക
  • അക്കൗണ്ടിന് ശരാശരി മാസ ബാലന്‍സ് നിബന്ധനയുണ്ടോ എന്ന് നോക്കുക
  • എടിഎമ്മിലെ സൗജന്യ ഇടപാട് പരിധി മനസിലാക്കുക
  • ഡെബിറ്റ് കാര്‍ഡിന്റെ വാര്‍ഷിക ഫീസ് പരിശോധിക്കുക
  • SMS, മറ്റ് അധിക സേവനങ്ങള്‍ക്ക് ചാര്‍ജുണ്ടോ എന്ന് നോക്കുക
  • ഉപയോഗിക്കാത്ത പഴയ അക്കൗണ്ടുകള്‍ പരിശോധിക്കുക
  • മൊബൈല്‍ ബാങ്കിംഗ് ആപ്പ് വഴി അക്കൗണ്ടിലെ ഇടപാടുകള്‍ പതിവായി പരിശോധിക്കുക
  • സാധ്യമെങ്കില്‍ ഇ-സ്റ്റേറ്റ്‌മെന്റ് ഉപയോഗിക്കുക

Content Highlights: If you overlook minor account-related charges, your savings could be depleted. It is important to be aware of various factors, ranging from minimum balance requirements to ATM usage.

To advertise here,contact us