ഓൺലൈൻ വഴി 10,574 രൂപയുടെ ഫോൺ ഓർഡർ ചെയ്തു; പാഴ്‌സൽ തുറന്നപ്പോൾ കിട്ടിയത് സോപ്പ്

ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ സാധനം മാറി കിട്ടിയാല്‍ എന്തുചെയ്യണം? ഉപഭോക്തൃ കമ്മിഷന്റെ ശ്രദ്ധേയമായ ഉത്തരവ്

ഓണ്‍ലൈനില്‍ വിലകൂടിയൊരു സാധനം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ എല്ലാവര്‍ക്കും ചെറിയൊരു പേടിയുണ്ടാകും. പണം നല്‍കിയ സാധനം തന്നെയാണോ പാഴ്‌സലില്‍ എത്തുക എന്ന്. ചിലപ്പോഴൊക്കെ ഓര്‍ഡര്‍ ചെയ്തതിനു പകരം മറ്റൊരു സാധനം ലഭിച്ചെന്ന പരാതികളും ഉണ്ടാകാറുണ്ട്. അത്തരമൊരു പരാതിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത ഒരു യുവതിക്ക് പാഴ്‌സല്‍ തുറന്നപ്പോള്‍ ലഭിച്ചത് ഫോണിന് പകരം സോപ്പ് ബാറുകള്‍. പരാതി പലതവണ അറിയിച്ചിട്ടും പരിഹാരം ലഭിക്കാത്തതിനെ തുടര്‍ന്ന് അവര്‍ ഉപഭോക്തൃ കമ്മിഷനെ സമീപിച്ചു. ഒടുവില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിനെതിരെ കമ്മിഷന്‍ ഉത്തരവിടുകയും ഉപഭോക്താവിന് പണം തിരികെ നല്‍കാനും നഷ്ടപരിഹാരം നല്‍കാനും നിര്‍ദേശിക്കുകയും ചെയ്തു.

സംഭവം നടന്നത് ഇങ്ങനെ

2021 ഒക്ടോബര്‍ 25നാണ് ഡല്‍ഹി സ്വദേശിനി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി മൊബൈല്‍ ഫോണ്‍ വാങ്ങിയത്. ഫോണിന്റെ വില 10,574 രൂപയായിരുന്നു. എന്നാല്‍ പാഴ്‌സല്‍ ലഭിച്ച ശേഷം തുറന്നുനോക്കിയപ്പോള്‍ ഫോണിന് പകരം സോപ്പ് ബാറുകളാണ് ഉണ്ടായിരുന്നതെന്നാണ് യുവതിയുടെ പരാതി. തുടര്‍ന്ന് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിനെ ഇക്കാര്യം അറിയിക്കുകയും റിട്ടേണ്‍ ആവശ്യപ്പെടുകയും ചെയ്തു.

പലതവണ പരാതി നല്‍കിയിട്ടും പരിഹാരമില്ല

ഫോണ്‍ ലഭിച്ചില്ലെന്ന് അറിയിച്ച് യുവതി നിരവധി തവണ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ടു. പാഴ്‌സലിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളും നല്‍കിയിരുന്നു. എന്നാല്‍ റിട്ടേണ്‍ അപേക്ഷ സ്വീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു പ്ലാറ്റ്ഫോമിന്റെ മറുപടി. തുടര്‍ന്ന് യുവതി ഉപഭോക്തൃ കമ്മിഷനെ സമീപിക്കുകയായിരുന്നു. പാഴ്‌സല്‍ തുറക്കുമ്പോള്‍ സോപ്പ് ബാറുകള്‍ ലഭിച്ചതിന്റെ വീഡിയോയും കമ്മിഷന്‍ പരിഗണിച്ചു.

ഞങ്ങള്‍ വില്‍പ്പനക്കാരല്ല എന്ന വാദവുമായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം

കേസില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം തങ്ങളുടെ ഭാഗം വിശദീകരിക്കുകയും ചെയ്തു. തങ്ങള്‍ വാങ്ങുന്നയാളെയും വില്‍ക്കുന്നയാളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു മാര്‍ക്കറ്റ് പ്ലേസ് മാത്രമാണെന്നും യഥാര്‍ഥ വില്‍പ്പനക്കാരന്‍ മറ്റൊരു സ്ഥാപനമാണെന്നും പ്ലാറ്റ്ഫോം വാദിച്ചു. ലോജിസ്റ്റിക്‌സ് സ്ഥാപനവും തങ്ങള്‍ക്ക് ലഭിച്ച പാക്കറ്റ് അതേപടി ഉപഭോക്താവിന് എത്തിക്കുക മാത്രമാണ് ചെയ്തതെന്ന നിലപാടാണ് സ്വീകരിച്ചത്.

പക്ഷേ കമ്മിഷന്‍ വാദം അംഗീകരിച്ചില്ല

ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിന് ഉപഭോക്താവിനോട് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന വാദം ഡല്‍ഹിയിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ അംഗീകരിച്ചില്ല. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി സാധനം വാങ്ങുന്ന ഉപഭോക്താവിന് വില്‍പ്പനക്കാരനെയോ ഡെലിവറി സ്ഥാപനത്തെയോ നേരത്തെ പരിചയമുണ്ടാകണമെന്നില്ല. അതിനാല്‍ ഉപഭോക്താവിന് ആവശ്യമായ സഹായം നല്‍കാനും പരാതി പരിഹരിക്കാനും പ്ലാറ്റ്ഫോമിന് ഉത്തരവാദിത്തമുണ്ടെന്ന് കമ്മിഷന്‍ വ്യക്തമാക്കി.

ഒടുവില്‍ ലഭിച്ചത് 20,574 രൂപ

മൊബൈല്‍ ഫോണിന്റെ വിലയായ 10,574 രൂപ 7 ശതമാനം പലിശ സഹിതം ഉപഭോക്താവിന് നല്‍കാനാണ് കമ്മിഷന്‍ നിര്‍ദേശിച്ചത്.ഇതിന് പുറമെ 5,000 രൂപ മാനസിക ബുദ്ധിമുട്ടിനുള്ള നഷ്ടപരിഹാരം,5,000 രൂപ നിയമനടപടികള്‍ക്കായി ചെലവായ തുക എന്നിവ ലഭിക്കും. ആകെ 20,574 രൂപ, കൂടാതെ 10,574 രൂപയ്ക്ക് 7 ശതമാനം പലിശയും ലഭിക്കും. ഉത്തരവ് നടപ്പാക്കാന്‍ പ്ലാറ്റ്ഫോമിന് 60 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.

ഓണ്‍ലൈനില്‍ നിന്ന് സാധനം മാറി കിട്ടിയാല്‍ എന്തുചെയ്യണം?

പാഴ്‌സല്‍ ലഭിച്ച ഉടന്‍ തന്നെ അത് തുറക്കുമ്പോള്‍ വീഡിയോ എടുക്കുന്നത് നല്ലതാണ്. തെറ്റായ സാധനമാണ് ലഭിച്ചതെങ്കില്‍ അതിന്റെ ചിത്രങ്ങളും വീഡിയോയും സൂക്ഷിക്കുക. ഓര്‍ഡര്‍ വിവരങ്ങള്‍, ഇന്‍വോയ്‌സ്, പേയ്മെന്റ് വിവരങ്ങള്‍, റിട്ടേണ്‍ റിക്വസ്റ്റ്, കമ്പനിക്ക് അയച്ച പരാതികള്‍ എന്നിവയുടെ സ്‌ക്രീന്‍ഷോട്ടുകളും സൂക്ഷിക്കണം.കമ്പനിയുടെ കസ്റ്റമര്‍ കെയറുമായി നടത്തിയ ആശയവിനിമയത്തിന്റെ രേഖകളും സൂക്ഷിക്കുന്നത് പിന്നീട് പരാതി നല്‍കേണ്ടി വന്നാല്‍ സഹായകരമാകും.

പരാതി പരിഹരിച്ചില്ലെങ്കില്‍ ഉപഭോക്തൃ കമ്മിഷനെ സമീപിക്കാം

ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ പരാതി നല്‍കിയിട്ടും പ്രശ്‌നത്തിന് പരിഹാരം ലഭിക്കുന്നില്ലെങ്കില്‍ ഉപഭോക്തൃ പരാതി പരിഹാര സംവിധാനങ്ങളെ സമീപിക്കാം. ദേശീയ ഉപഭോക്തൃ ഹെല്‍പ്ലൈന്‍ നമ്പര്‍ 1915 ആണ്. ഓണ്‍ലൈനില്‍ പണം നല്‍കി വാങ്ങുന്ന സാധനം ശരിയായി ലഭിക്കുക എന്നത് ഉപഭോക്താവിന്റെ പ്രധാന അവകാശങ്ങളിലൊന്നാണ്. അതിനാല്‍ തെറ്റായ സാധനം ലഭിച്ചാല്‍ 'ഇനി ഒന്നും ചെയ്യാനില്ല' എന്ന് കരുതി വിട്ടുകളയേണ്ടതില്ല.

Content Highlights :What should you do if you receive the wrong item during online shopping? A notable order from the Consumer Commission

To advertise here,contact us