പാഴ്‌സൽ ബോക്‌സുകൾക്ക് ബ്രൗൺനിറം എന്തുകൊണ്ട്?; കാരണം അറിഞ്ഞാൽ നിങ്ങൾ അതിശയപ്പെടും

എന്തുകൊണ്ടായിരിക്കും പാഴ്‌സല്‍ ബോക്‌സുകള്‍ക്ക് മറ്റ് നിറങ്ങള്‍ നല്‍കാത്തത്?

ഓണ്‍ലൈനില്‍ ഒരു സാധനം ഓര്‍ഡര്‍ ചെയ്താല്‍ വീട്ടിലെത്തുന്ന പാഴ്‌സല്‍ തുറക്കുന്നതിന് മുമ്പ് തന്നെ ഒരു കാര്യം ഉറപ്പാണ്. ബ്രൗണ്‍ നിറത്തിലുള്ള ഒരു കാര്‍ഡ്‌ബോര്‍ഡ് ബോക്‌സായിരിക്കും ലഭിക്കുന്നതെന്ന്.ചെറിയ സാധനമായാലും വലിയ ഇലക്ട്രോണിക് ഉപകരണമായാലും പലപ്പോഴും പാക്കിങ് ബോക്‌സിന്റെ നിറം ബ്രൗണ്‍ തന്നെ. എന്നാല്‍ ഒന്ന് ചിന്തിച്ചുനോക്കൂ… എന്തുകൊണ്ടാണ് ഈ ബോക്‌സുകള്‍ക്ക് ചുവപ്പോ നീലയോ വെള്ളയോ പോലുള്ള നിറങ്ങള്‍ നല്‍കാത്തത്?. ബോക്‌സിന്റെ നിറത്തിന് പിന്നില്‍ നിര്‍മാണ രീതി, ചെലവ്, ബലം, റീസൈക്ലിങ് തുടങ്ങി പല കാരണങ്ങളുമുണ്ട്.

ബ്രൗണ്‍ നിറം എന്തുകൊണ്ട്

പാഴ്‌സല്‍ ബോക്‌സുകള്‍ സാധാരണയായി ക്രാഫ്റ്റ് പേപ്പര്‍ ഉപയോഗിച്ചാണ് നിര്‍മിക്കുന്നത്. ഇത് പ്രധാനമായും മരത്തില്‍നിന്ന് ലഭിക്കുന്ന പള്‍പ്പില്‍ നിന്നാണ് ഉണ്ടാക്കുന്നത്. ഈ പേപ്പറിന് സ്വാഭാവികമായും ഇളം ബ്രൗണ്‍ അല്ലെങ്കില്‍ മണ്ണിന്റെ നിറത്തോട് സാമ്യമുള്ള നിറമാണ് ഉണ്ടാകുന്നത്. അതായത് ബോക്‌സിന്റെ ബ്രൗണ്‍ നിറം പ്രത്യേകം പെയിന്റ് ചെയ്ത് നല്‍കുന്നതല്ല എന്നര്‍ഥം.പേപ്പര്‍ കൂടുതല്‍ വെളുപ്പിക്കണമെങ്കില്‍ അധിക ബ്ലീച്ചിങ് ഉള്‍പ്പെടെയുള്ള പ്രോസസുകള്‍ ആവശ്യമായി വരും. സാധാരണ പാഴ്‌സല്‍ ബോക്‌സുകള്‍ക്ക് അതിന്റെ ആവശ്യമില്ലാത്തതിനാല്‍ അവ സ്വാഭാവിക നിറത്തില്‍ തന്നെ ഉപയോഗിക്കുന്നു.

എന്തുകൊണ്ട് വെള്ള ബോക്‌സ് ആക്കിക്കൂടാ?

ബ്രൗണ്‍ പേപ്പറിനെ വെള്ളയാക്കാനും പിന്നീട് ആകര്‍ഷകമായ നിറങ്ങള്‍ നല്‍കാനും അധിക പ്രോസസിങ്, ബ്ലീച്ചിങ്, മഷി, പ്രിന്റിങ് തുടങ്ങിയവ ആവശ്യമായി വരാം. ദിവസവും ലക്ഷക്കണക്കിന് പാഴ്‌സലുകള്‍ കൈകാര്യം ചെയ്യുന്ന ഇ-കൊമേഴ്‌സ്, കൊറിയര്‍ കമ്പനികള്‍ക്ക് ഓരോ ബോക്‌സിലും ഇത്തരം അധിക ചെലവ് കൂട്ടുന്നത് വലിയ തുകയാകും. അതുകൊണ്ടാണ് സാധാരണ ഡെലിവറി പാക്കിങ്ങില്‍ ലളിതമായ ബ്രൗണ്‍ ബോക്‌സുകള്‍ക്ക് മുന്‍ഗണന ലഭിക്കുന്നത്.

നിറത്തേക്കാള്‍ പ്രധാനം ബോക്‌സിന്റെ ബലം

പാഴ്‌സല്‍ ബോക്‌സിന്റെ പ്രധാന ജോലി ഭംഗിയായി കാണുക എന്നതല്ല. അകത്തുള്ള സാധനം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുക എന്നതാണ്. ക്രാഫ്റ്റ് പേപ്പര്‍ ഉപയോഗിച്ചുള്ള പല പാളികള്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന കോറഗേറ്റഡ് കാര്‍ഡ്‌ബോര്‍ഡിലെ തരംഗാകൃതിയിലുള്ള മധ്യപാളി ബോക്‌സിന് കൂടുതല്‍ ശക്തി നല്‍കുന്നു. യാത്രയ്ക്കിടെ ബോക്‌സിന് മുകളില്‍ ഭാരം വരാം, ആരെങ്കിലും എടുത്തെറിഞ്ഞേക്കാം, സമ്മര്‍ദം ഉണ്ടാകാം. ഇത്തരം സാഹചര്യങ്ങളില്‍ അകത്തുള്ള സാധനത്തെ സംരക്ഷിക്കാന്‍ ഈ ഘടന സഹായിക്കുന്നു.

ബ്രൗണ്‍ ബോക്‌സിന് മറ്റൊരു വലിയ ഗുണം കൂടിയുണ്ട്

ഉപയോഗം കഴിഞ്ഞാല്‍ ഈ കാര്‍ഡ്‌ബോര്‍ഡ് സാധാരണയായി റീസൈക്കിള്‍ ചെയ്യാനും എളുപ്പമാണ്. അതുകൊണ്ടുതന്നെ സാധാരണ പാക്കേജിങ്ങിന് ലളിതമായ, സ്വാഭാവിക ക്രാഫ്റ്റ് പേപ്പര്‍ ഉപയോഗിക്കുന്നത് പ്രായോഗികമായ തിരഞ്ഞെടുപ്പാണ്.

എല്ലാ ബോക്‌സുകളും ബ്രൗണ്‍ തന്നെയാണോ?

പ്രീമിയം ബ്രാന്‍ഡുകള്‍, കോസ്‌മെറ്റിക് കമ്പനികള്‍, ഗിഫ്റ്റ് പാക്കേജുകള്‍ തുടങ്ങിയവയില്‍ വെള്ള, കറുപ്പ്, ചുവപ്പ് തുടങ്ങി പല നിറങ്ങളിലുള്ള ബോക്‌സുകളും കാണാം. ബ്രാന്‍ഡിന്റെ രൂപവും ആകര്‍ഷണീയതയും പ്രധാനമായതിനാലാണ് ഇത്തരം പാക്കേജിങ്ങില്‍ കൂടുതല്‍ പ്രിന്റിങ്ങും ഫിനിഷിങ്ങും നല്‍കുന്നത്.

Content Highlights: Why are parcel boxes brown? Why aren't parcel boxes made in other colors?

To advertise here,contact us