എയര്‍പോര്‍ട്ടില്‍ ഫ്ളൈറ്റ് വൈകിയാല്‍ കുറച്ച് മണിക്കൂര്‍ കാത്തിരിക്കേണ്ടി വരുന്നത് തന്നെ പലര്‍ക്കും വലിയ ബുദ്ധിമുട്ടാണ്. എന്നാല്‍ ഇവിടെ ഒരു മനുഷ്യന് എയര്‍പോര്‍ട്ടില്‍ കഴിയേണ്ടിവന്നത് ഒരു മണിക്കൂറോ ഒരു ദിവസമോ അല്ല 18 വര്‍ഷത്തോളമാണ്. യാത്രക്കാര്‍ പലരും വന്നു പോയി. വിമാനങ്ങള്‍ പലതും പറന്നുയര്‍ന്നു. എയര്‍പോര്‍ട്ടിലെ ജീവനക്കാര്‍ പോലും മാറി. പക്ഷേ അയാള്‍ മാത്രം അവിടെത്തന്നെ തുടര്‍ന്നു. കേള്‍ക്കുമ്പോള്‍ ഒരു സിനിമയുടെ കഥ പോലെ തോന്നുന്നുണ്ടോ? എന്നാല്‍ ഇത് യഥാര്‍ഥ സംഭവമാണ്.
ഇറാനില്‍ ജനിച്ച മെഹ്റാന് കരിമി നസേരി 1988ലാണ് ഫ്രാന്‍സിലെ പാരീസിലുള്ള Charles de Gaulle Airpot ല്‍ എത്തിയത്. യൂറോപ്പിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അദ്ദേഹത്തിന് രേഖകളുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളുണ്ടായത്. ആവശ്യമായ രേഖകളില്ലാതെ വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് പോകുന്നത് എളുപ്പമായിരുന്നില്ല. മറ്റൊരു രാജ്യത്തേക്ക് യാത്ര തുടരാനും സാധിച്ചില്ല. യൂറോപ്പില്‍ അഭയാര്‍ഥി പദവി ലഭിച്ചിരുന്ന നസേരിയുടെ രേഖകള്‍ നഷ്ടപ്പെട്ടു. അതുകൊണ്ട് പാസ്പോര്‍ട്ടോ ആവശ്യമുള്ള യാത്രാരേഖകളോ ഇല്ലാതെ ബ്രിട്ടണിലേക്ക് പ്രവേശിക്കാനായില്ല. ഫ്രാന്‍സിലേക്ക് തിരിച്ചെത്തിയപ്പൊളും മറ്റൊരു രാജ്യത്തേക്ക് പോകാന്‍ സാധിച്ചില്ല. പുറത്തേക്ക് പോകാനും വിമാനത്തില്‍ കയറാനും കഴിയാത്ത ഈ നിയമക്കുരുക്കാണ് ഒടുവില്‍ നസേരിയെ എയര്‍പോര്‍ട്ടില്‍ തന്നെ കഴിയേണ്ട അവസ്ഥയിലേക്ക് എത്തിച്ചത്.
വര്‍ഷങ്ങളോളം വിമാനത്താവളത്തിലെ ഒരു ബെഞ്ചിനരികിലായിരുന്നു നസേരിയുടെ ജീവിതം. അവിടെയായിരുന്നു ഉറക്കം. അവിടെയായിരുന്നു ഭക്ഷണം. യാത്രക്കാര്‍ക്കെല്ലാം ചിരപരിചിതനായി തീര്‍ന്നു അയാള്‍. എയര്‍പോര്‍ട്ട് ജീവനക്കാരും പതിയെ അദ്ദേഹത്തെ പരിചയപ്പെട്ടു. ചിലര്‍ ഭക്ഷണവും മറ്റ് ആവശ്യസാധനങ്ങളും നല്കി. എയര്‍പോര്‍ട്ടിലെ തിരക്കിനിടയില്‍ ഒരു മനുഷ്യന്റെ ജീവിതം അങ്ങനെ നിശ്ചലമായി. പുറത്ത് ലോകം മാറിക്കൊണ്ടിരുന്നു. പുതിയ വിമാനങ്ങള്‍ എത്തി. പുതിയ യാത്രക്കാര്‍ വന്നു. സാങ്കേതികവിദ്യ മാറി. എന്നാല്‍ നസേരിയുടെ ഓരോ ദിവസങ്ങളും ഏതാണ്ട് ഒരേ രീതിയില്‍ തുടര്‍ന്നു.അങ്ങനെ 18 വര്‍ഷം അവിടെത്തന്നെ അയാള്‍ കഴിഞ്ഞു.
നസേരിയുടെ ജീവിതകഥ പിന്നീട് ലോകശ്രദ്ധ നേടി. 2004ല്‍ ടോം ഹാങ്ക്സ് നായകനായ 'The Terminal' എന്ന ഹോളിവുഡ് സിനിമയ്ക്ക് നസേരിയുടെ ജീവിതം പ്രചോദനമായി. സിനിമയിലെ കഥയും കഥാപാത്രങ്ങളും പൂര്‍ണമായും യഥാര്‍ഥ സംഭവങ്ങളുടെ പകര്‍പ്പല്ല. എന്നാല്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങിപ്പോകുന്ന ഒരാളുടെ അടിസ്ഥാന ആശയം നസേരിയുടെ ജീവിതത്തില്‍ നിന്നാണ് വന്നത്. സിനിമ തിയേറ്ററുകളിലെത്തിയപ്പോഴും യഥാര്‍ഥ നസേരി വര്‍ഷങ്ങളായി അതേ എയര്‍പോര്‍ട്ടില്‍ ജീവിക്കുകയായിരുന്നു.
2006ല്‍ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് നസേരിയെ എയര്‍പോര്‍ട്ടില്‍ നിന്ന് മാറ്റി. പിന്നീട് അദ്ദേഹം പാരീസിലെ വിവിധ സ്ഥലങ്ങളില്‍ താമസിച്ചു. പക്ഷേ കഥ അവിടെ അവസാനിച്ചില്ല. വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹം വീണ്ടും Charles de Gaulle Airptor ലേക്ക് തിരിച്ചെത്തി. 18 വര്‍ഷത്തോളം തന്റെ വീടായിരുന്ന അതേ സ്ഥലത്ത്. 2022 നവംബര്‍ 12ന് വിമാനത്താവളത്തിലെ ടെര്‍മിനല്‍ - 2ല്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് നസേരി മരിച്ചു.
ഒരു എയര്‍പോര്‍ട്ടില്‍ നിന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും ആളുകള്‍ യാത്ര ചെയ്യുമ്പോള്‍, ഒരു മനുഷ്യന്റെ ജീവിതം അതേ എയര്‍പോര്‍ട്ടിനുള്ളില്‍ തന്നെ 18 വര്‍ഷം നീണ്ടുനിന്നു. അതുകൊണ്ടുതന്നെയാണ് മെഹ്റാന് നസേരിയുടെ ജീവിതം ഇന്നും സിനിമയെ വെല്ലുന്ന യഥാര്‍ഥ കഥയായി ഓര്‍മ്മിക്കപ്പെടുന്നത്.
Content Highlights :The life of Karimi Nasseri, who spent years at Paris's Charles de Gaulle Airport, is a story that rivals the movies