ദുബായിൽ എന്തുകൊണ്ടാണ് സ്വർണത്തിന് ഇത്ര വിലക്കുറവ്?; ഇന്ത്യക്കാരെ ആകർഷിക്കുന്നതിന്റെ കാരണം ഇതാണ്

ദുബായില്‍ നികുതി സമ്പ്രദായം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് അറിയാം

സ്വര്‍ണം വാങ്ങാന്‍ ദുബായിലേക്ക് പോകുന്നവരെക്കുറിച്ച് നമ്മള്‍ പലപ്പോഴും കേള്‍ക്കാറുണ്ട്. ഇന്ത്യയേക്കാള്‍ ദുബായില്‍ സ്വര്‍ണത്തിന് വിലകുറവാണോ?. അതിന് പിന്നിലെ കാരണം എന്താണ്?.

സ്വര്‍ണത്തിന്റെ അന്താരാഷ്ട്ര വിലയില്‍ വലിയ വ്യത്യാസമില്ല. എന്നാല്‍ ഒരു രാജ്യത്ത് സ്വര്‍ണം ഉപഭോക്താവിന്റെ കൈയിലെത്തുമ്പോള്‍ നികുതി, ഇറക്കുമതി തീരുവ, നിര്‍മ്മാണച്ചെലവ് തുടങ്ങിയവയെല്ലാം അന്തിമ വിലയെ ബാധിക്കും.

പ്രധാന കാരണം നികുതി

ദുബായില്‍ സാധാരണയായി സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും 5 ശതമാനംValue Added Tax( VAT ) ആണ് ഈടാക്കുന്നത്. ഇന്ത്യയില്‍ സ്വര്‍ണത്തിന് ബാധകമായ നികുതികളും ഇറക്കുമതി തീരുവയും ഉള്‍പ്പെടെയുള്ള ചെലവുകള്‍ അന്തിമ വിലയെ സ്വാധീനിക്കും. അതുകൊണ്ടുതന്നെ ദുബായിലെ അടിസ്ഥാന സ്വര്‍ണവില പലപ്പോഴും കൂടുതല്‍ മത്സരക്ഷമമായി തോന്നാം.എന്നാല്‍ 5 ശതമാനം VAT ഇല്ല എന്നല്ല ദുബായിലെ സ്വര്‍ണവിപണിയുടെ പ്രത്യേകത. നികുതി താരതമ്യേന കുറവായതും വലിയ തോതിലുള്ള സ്വര്‍ണവ്യാപാരവും ശക്തമായ മത്സരവുമാണ് പ്രധാന ഘടകങ്ങള്‍.

ലോകത്തെ വലിയ സ്വര്‍ണവ്യാപാര കേന്ദ്രങ്ങളിലൊന്ന്

ദുബായ് വര്‍ഷങ്ങളായി സ്വര്‍ണവ്യാപാരത്തിന്റെ പ്രധാന കേന്ദ്രമാണ്. നിരവധി വ്യാപാരികളും ജ്വല്ലറികളും ഇവിടെ പ്രവര്‍ത്തിക്കുന്നതിനാല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കടകള്‍ തമ്മില്‍ ശക്തമായ മത്സരമുണ്ട്. ഈ മത്സരം സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലി പോലുള്ള അധിക ചെലവുകളിലും പ്രതിഫലിക്കാം. ചില കടകളില്‍ പണിക്കൂലി സംബന്ധിച്ച് വിലപേശാനും സാധിക്കും. എന്നാല്‍ ഇത് എല്ലാ കടകളിലും ഒരുപോലെ ആയിരിക്കണമെന്നില്ല.

അന്താരാഷ്ട്ര സ്വര്‍ണവിലയാണ് അടിസ്ഥാനമാകുന്നത്

ദുബായില്‍ സ്വര്‍ണത്തിന് പ്രത്യേകമായി വളരെ കുറഞ്ഞ അന്താരാഷ്ട്ര വിലയുണ്ടെന്നല്ല കാര്യം. ലോക വിപണിയിലെ സ്വര്‍ണവില തന്നെയാണ് പ്രധാന അടിസ്ഥാനമാകുന്നത്.അതിന് പുറമേയാണ് ഓരോ രാജ്യത്തെയും നികുതി, ഇറക്കുമതി ചെലവ്, പണിക്കൂലി, വ്യാപാരമത്സരം തുടങ്ങിയവ ചേര്‍ന്ന് ഉപഭോക്താവ് നല്‍കേണ്ട അന്തിമ വില തീരുമാനിക്കുന്നത്.

ടൂറിസ്റ്റുകള്‍ക്ക് VAT തിരികെ ലഭിക്കുമോ?

ദുബായില്‍ സ്വര്‍ണം വാങ്ങുന്ന വിദേശ ടൂറിസ്റ്റുകള്‍ക്ക് ചില നിബന്ധനകള്‍ പാലിച്ചാല്‍ (VAT refund )ലഭിക്കുന്ന സംവിധാനമുണ്ട്. VAT refund പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത കടയില്‍ നിന്നായിരിക്കണം സാധനം വാങ്ങേണ്ടത്. രാജ്യം വിടുമ്പോള്‍ വാങ്ങിയ സാധനങ്ങളും ആവശ്യമായ രേഖകളും കാണിച്ച് നടപടികള്‍ പൂര്‍ത്തിയാക്കണം.അതായത് ടൂറിസ്റ്റുകള്‍ക്ക് അടച്ച VAT ന്റെ ഒരു ഭാഗം തിരികെ ലഭിക്കാന്‍ അവസരമുണ്ട്. എന്നാല്‍ മുഴുവന്‍ VAT തുകയും തിരികെ ലഭിക്കണമെന്നില്ല. റീഫണ്ട് നടപടിക്ക് സര്‍വ്വീസ് ഫീസ് അടക്കമുള്ള കുറവുകള്‍ ഉണ്ടാകും.

ഇന്ത്യയില്‍ കൊണ്ടുവരുമ്പോള്‍ മറ്റൊരു കണക്ക്

ദുബായില്‍ കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം വാങ്ങിയെന്ന് കരുതി ഇന്ത്യയിലെത്തുമ്പോള്‍ മുഴുവന്‍ തുകയും ലാഭിക്കാനാകുമെന്നില്ല. ഇന്ത്യയിലേക്ക് സ്വര്‍ണം കൊണ്ടുവരുമ്പോള്‍ ബാധകമായ കസ്റ്റംസ് നിയമങ്ങളും ഡ്യൂട്ടിയും കൂടി കണക്കിലെടുക്കണം.

2026ലെ മാറ്റങ്ങള്‍ക്ക് ശേഷം സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് മൂല്യപരിധിക്ക് പകരം പ്രധാനമായും അനുവദനീയമായ ഭാരപരിധിയാണ് ശ്രദ്ധിക്കേണ്ടത്. അതിനാല്‍ ദുബായില്‍ വാങ്ങിയ സ്വര്‍ണം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് നിലവിലെ കസ്റ്റംസ് നിയമങ്ങള്‍ പരിശോധിക്കുന്നത് നന്നായിരിക്കും.

Content Highlights :We often hear about people traveling to Dubai to buy gold. Is gold cheaper in Dubai than in India? What is the reason behind this?

To advertise here,contact us