വെള്ളിയാഴ്ച എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് വാരാന്ത്യത്തിന്റെ തുടക്കമാണ്. എന്നാല്‍ 'Friday' എന്ന പേര് എങ്ങനെയാണ് ഉണ്ടായതെന്ന് ചിന്തിച്ചിട്ടുണ്ടോ?. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ദേവതകളുടെയും ഗ്രഹങ്ങളുടെയും കഥകളുമായി ബന്ധപ്പെട്ടതാണ് ഈ പേരിന്റെ ചരിത്രം.ആഴ്ചയിലെ ദിവസങ്ങള്‍ക്ക് പേരിട്ടിരിക്കുന്നത് വെറുതെയല്ല. സൂര്യന്, ചന്ദ്രന്, ഗ്രഹങ്ങള്‍, പുരാതന ദേവതകള്‍ എന്നിവയുമായി ബന്ധപ്പെടുത്തിയാണ് പല ദിവസങ്ങള്‍ക്കും പേരുകള്‍ ലഭിച്ചത്. അതില്‍ പ്രത്യേകതയുള്ളതാണ് വെള്ളിയാഴ്ചയുടെ പേര്.
ഇംഗ്ലീഷിലെ Friday എന്ന വാക്കിന്റെ പഴയ രൂപം'Frigedæg' എന്നായിരുന്നു. പഴയ ഇംഗ്ലീഷില്‍ ഇത് ഏകദേശം 'Frigg ന്റെ ദിവസം' എന്ന അര്‍ഥത്തിലാണ് ഉപയോഗിച്ചിരുന്നത്. ഇവിടെ 'dæg' എന്നത് 'ദിവസം' എന്നാണ് അര്‍ഥമാക്കുന്നത്. 'Frigg' ജര്‍മാനിക് പുരാണങ്ങളിലെ പ്രധാനപ്പെട്ട ഒരു ദേവതയാണ്. വിവാഹവും പ്രണയവുമായി ബന്ധപ്പെട്ട ദേവതയായിട്ടാണ് Frigg അറിയപ്പെടുന്നത്.
ഇതിലും രസകരമായ മറ്റൊരു കാര്യമുണ്ട്. Friday എന്ന പേരിന്റെ പിന്നില്‍ റോമന്‍ ദേവതയായ Venusനുമുണ്ട് ബന്ധം. റോമാക്കാര്‍ വെള്ളിയാഴ്ചയെ 'dies Veneris' എന്നാണ് വിളിച്ചിരുന്നത്. അതിന്റെ അര്‍ഥം 'Venusന്റെ ദിവസം' എന്നാണ്. Venus പ്രണയത്തോടും സൗന്ദര്യത്തോടും ബന്ധപ്പെട്ട റോമന്‍ ദേവതയാണ്. പിന്നീട് ജര്‍മാനിക് ഭാഷകള്‍ സംസാരിച്ചിരുന്നവര്‍ റോമന്‍ പേരിനെ അതേപടി സ്വീകരിക്കാതെ തങ്ങളുടെ പാരമ്പര്യത്തിലെ സമാനമായ ദേവതയുടെ പേര് ഉപയോഗിച്ച് ഈ ദിവസത്തെ വിശേഷിപ്പിച്ചു. അങ്ങനെയാണ് Friggന്റെ പേരുമായി ബന്ധമുള്ള രൂപം Friday ആയി വളര്‍ന്നത്.
Friday എന്ന പേരിനൊപ്പം പലപ്പോഴും Freyja എന്ന നോര്‍സ് ദേവതയുടെ പേരും പറയാറുണ്ട്. കാരണം പ്രണയവും സൗന്ദര്യവുമായി ബന്ധപ്പെട്ട ദേവത എന്ന നിലയില്‍ Freyjaയ്ക്കും Venus സുമായി സാമ്യമുണ്ട്. എന്നാല്‍ ചരിത്രപരമായി നോക്കുമ്പോള്‍ ഇംഗ്ലീഷിലെ Friday എന്ന വാക്കിന്റെ നേരിട്ടുള്ള ഉറവിടം Old English 'Frigedæg' ആണ്. അതില്‍ Frigg എന്ന പേരാണ് കാണുന്നത്. Friggയും Freyjaയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നോര്‍സ് പുരാണപഠനത്തില് വ്യത്യസ്ത അഭിപ്രായങ്ങളുമുണ്ട്. മറ്റ് ഭാഷകളിലും ഇതിന്റെ അടയാളമുണ്ട്.
Friday എന്ന പേര് ഇംഗ്ലീഷില്‍ മാത്രം ഇത്തരത്തില്‍ രൂപപ്പെട്ടതല്ല. ഫ്രഞ്ചില്‍ വെള്ളിയാഴ്ചയെ vendredi എന്നും സ്പാനിഷില്‍ viernes എന്നും വിളിക്കുന്നു. ഇവ രണ്ടും ലാറ്റിനിലെ dies Veneris, അഥവാ 'Venusന്റെ ദിവസം' എന്ന ആശയത്തില്‍ നിന്നാണ് രൂപപ്പെട്ടത്. ഇറ്റാലിയനിലെ venerdìയും ഇതേ വേരുമായി ബന്ധപ്പെട്ടതാണ്.ജര്‍മന്‍ ഭാഷയില്‍ Fridayയ്ക്ക് Freitag എന്നാണ് പേര്. ഡച്ചില് vrijdag എന്നും. ഇവയ്ക്കും പഴയ ജര്‍മാനിക് ഭാഷകളിലെ സമാനമായ വേരുകളാണുള്ളത്.
ഇന്ന് Friday എന്നത് സാധാരണയായി ആഴ്ചയിലെ ഒരു ദിവസത്തിന്റെ പേര് മാത്രമാണ്. പല രാജ്യങ്ങളിലും ഇത് ആഴ്ചയുടെ അവസാന ദിവസമായും വാരാന്ത്യത്തിന് മുമ്പുള്ള ദിവസമായും കണക്കാക്കപ്പെടുന്നു. പക്ഷേ ആ പേരിനുള്ളില് ഒളിഞ്ഞിരിക്കുന്നത് പുരാതന റോമിന്റെയും ജര്‍മാനിക് ലോകത്തിന്റെയും വിശ്വാസങ്ങളാണ്. Vensuന്റെ ദിവസത്തില്‍ നിന്ന് Friggന്റെ ദിവസത്തിലേക്കും അവിടെ നിന്ന് 'Friday' എന്ന ഇന്നത്തെ വാക്കിലേക്കുമുള്ള യാത്രയാണ് ഈ പേരിന്റെ ചരിത്രം.
Content Highlights :Why is Friday called 'Friday'? There is an interesting story behind the name