വൈദ്യുതി മീറ്ററില്‍ ചുവന്ന ലൈറ്റ് കത്തുന്നത് എന്തുകൊണ്ടാണ്

ചുവന്ന ലൈറ്റ് കത്തുന്നതും വൈദ്യുതി ബില്‍ കൂടുന്നതും തമ്മില്‍ ബന്ധമുണ്ടോ?

വീട്ടിലെ വൈദ്യുതി മീറ്ററിലേക്ക് എപ്പോഴെങ്കിലും ശ്രദ്ധിച്ചുനോക്കിയിട്ടുണ്ടോ? മീറ്ററില്‍ ഒരു ചെറിയ ചുവന്ന ലൈറ്റ് ഇടയ്ക്കിടെ കത്തുന്നതും മിന്നുന്നതും കാണാം. ചിലപ്പോള്‍ വേഗത്തില്‍, ചിലപ്പോള്‍ പതുക്കെ. ഇത് എന്തിനാണെന്ന് പലര്‍ക്കും അറിയില്ല. മീറ്ററിന് എന്തെങ്കിലും പ്രശ്‌നമുണ്ടായിട്ടാണോ എന്ന സംശയവും ചിലര്‍ക്കുണ്ടാകാം.

എന്നാല്‍ ഇത് മീറ്ററിന്റെ പ്രവര്‍ത്തനത്തിലെ ഏറ്റവും സാധാരണവും പ്രധാനപ്പെട്ടതുമായ ഭാഗമാണ്. വൈദ്യത മീറ്ററിലെ ചുവന്ന ലൈറ്റ് യഥാര്‍ഥത്തില്‍ ഒരു സൂചകമാണ്.വീട്ടില്‍ എത്രമാത്രം വൈദ്യുതി ഉപയോഗിക്കുന്നു എന്ന് ഇത് മനസിലാക്കിത്തരുന്നു. വൈദ്യുതി ഉപയോഗം വര്‍ധിക്കുന്നതനുസരിച്ച് ഈ ലൈറ്റ് വേഗത്തില്‍ മിന്നിമായുന്നു.

വൈദ്യുതി ഉപയോഗിക്കുമ്പോള്‍ ലൈറ്റ് മിന്നും

മീറ്ററിലെ ചുവന്ന LED-യെ സാധാരണയായി energy/pulse indicator എന്നാണ് വിളിക്കുന്നത്. മീറ്റര്‍ വീട്ടിലെ വൈദ്യുതി ഉപയോഗം കണക്കാക്കുന്നതിനൊപ്പം ഈ ലൈറ്റും മിന്നിക്കൊണ്ടിരിക്കും. ഒരു നിശ്ചിത അളവിലുള്ള വൈദ്യുതി ഉപയോഗിക്കുമ്പോഴാണ് ലൈറ്റ് ഒരു തവണ മിന്നുന്നത്. മീറ്ററില്‍ ഇത് സാധാരണയായി imp/kWh പോലുള്ള രീതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഉദാഹരണത്തിന് മീറ്ററിന്റെ സവിശേഷത അനുസരിച്ച് ഒരു നിശ്ചിത എണ്ണം pulses ഒരു യൂണിറ്റ് (kWh) വൈദ്യുതി ഉപയോഗിച്ചതിനെ സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ വീട്ടിലെ വൈദ്യുതി ഉപയോഗം കൂടുമ്പോള്‍ ചുവന്ന ലൈറ്റ് വേഗത്തില്‍ മിന്നുന്നത് സാധാരണമാണ്. ഫാന്‍ മാത്രം ഓണാക്കിയാല്‍ പതുക്കെ കൂടുതല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചാല്‍ അതനേക്കാള്‍ വേഗത്തില്‍ അങ്ങനെ വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും.

ഒരു സമയത്ത് ചെറിയ വൈദ്യുതി ഉപഭോഗമുള്ള ഉപകരണങ്ങള്‍ മാത്രം പ്രവര്‍ത്തിക്കുമ്പോള്‍ മീറ്ററിലെ ചുവന്ന ലൈറ്റ് താരതമ്യേന പതുക്കെ മിന്നാം. എന്നാല്‍ ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, മിക്‌സി, എയര്‍ കണ്ടീഷണര്‍ തുടങ്ങിയ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ഒരേസമയം പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ലൈറ്റ് കൂടുതല്‍ വേഗത്തില്‍ മിന്നുന്നത് കാണാം. അതിനാല്‍ ചുവന്ന ലൈറ്റ് വേഗത്തില്‍ മിന്നുന്നു എന്നത് മാത്രം കൊണ്ട് മീറ്ററിന് തകരാറുണ്ടെന്ന് കരുതേണ്ടതില്ല. ആ സമയത്തെ വൈദ്യുതി ഉപയോഗം കൂടുതലാകുന്നതാവാം കാരണം.

വീട്ടിലെ എല്ലാ ഉപകരണങ്ങളും ഓഫ് ചെയ്തിട്ടും ലൈറ്റ് മിന്നുന്നുണ്ടോ?

വീട്ടിലെ എല്ലാ വൈദ്യുത ഉപകരണങ്ങളും ഓഫ് ചെയ്തിട്ടും മീറ്ററിലെ ലൈറ്റ് തുടര്‍ച്ചയായി മിന്നുന്നുണ്ടെങ്കില്‍ വീട്ടില്‍ എവിടെയെങ്കിലും ചെറിയ തോതില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഏതെങ്കിലും ഉപകരണം പ്രവര്‍ത്തിക്കുന്നുണ്ടാകാം. ഫ്രിഡ്ജ് പോലുള്ള ഉപകരണങ്ങളുടെ ഇടയ്ക്കിടെയുള്ള സ്വയം പ്രവര്‍ത്തനം, Wi-Fi റൂട്ടര്‍, സെറ്റ്-ടോപ്പ് ബോക്‌സ് തുടങ്ങിയവ സ്റ്റാന്‍ഡ്ബൈ മോഡില്‍ വൈദ്യുതി ഉപയോഗിക്കുകയാണെങ്കില്‍, ചാര്‍ജറുകളും ചില ഇലക്ട്രോണിക് ഉപകരണങ്ങളും കണക്ട് ചെയ്ത നിലയിലാണെങ്കിലുമൊക്കെ ചെറിയ തോതില്‍ വൈദ്യുതി ഉപയോഗിക്കപ്പെടുന്നുണ്ടാകും. ഇവയെല്ലാം പരിശോധിച്ചിട്ടും വൈദ്യുതി ഉപയോഗം ഉണ്ടെന്ന് തോന്നുന്നുവെങ്കില്‍ വയറിങ്ങിലോ ഏതെങ്കിലും ഉപകരണത്തിലോ പ്രശ്‌നമുണ്ടോ എന്ന് പരിശോധിക്കാന്‍ ഒരു ഇലക്ട്രീഷ്യനെ സമീപിക്കുന്നതാണ് സുരക്ഷിതം.

ചുവന്ന ലൈറ്റ് കത്തുന്നതും വൈദ്യുതി ബില്‍ കൂടുന്നതും തമ്മില്‍ ബന്ധമുണ്ടോ?

ചുവന്ന ലൈറ്റ് മിന്നുന്നതുകൊണ്ടല്ല വൈദ്യുതി ബില്‍ കൂടുന്നത്. മറിച്ച് വൈദ്യുതി ഉപയോഗം നടക്കുന്നതിന്റെ സൂചനയായാണ് ഈ ലൈറ്റ് പ്രവര്‍ത്തിക്കുന്നത്.അതായത് ലൈറ്റ് വേഗത്തില്‍ മിന്നുന്ന സമയത്ത് വൈദ്യുതി ഉപയോഗം കൂടുതലായിരിക്കാം. എന്നാല്‍ ഓരോ മീറ്ററിന്റെയും മോഡലിനും സാങ്കേതിക സവിശേഷതകള്‍ക്കും അനുസരിച്ച് LED-യുടെ പ്രവര്‍ത്തനത്തില്‍ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാകാം.

Content Highlights :The red light on the electricity meter is actually an indicator; it shows how much electricity is being consumed in the house.

To advertise here,contact us